സാമൂഹിക ഇടപെടലുകൾ സോഷ്യൽ മീഡിയയിലേക്ക് ചുരുങ്ങിയ ലോക്ക്ഡൗൺ കാലത്ത് യുവാക്കൾക്കിടയിൽ തരംഗമാവുകയാണ് ക്ലബ് ഹൗസ് ആപ്ലിക്കേഷൻ.ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തിൽ ക്ലബ് ഹൗസ് ചർച്ചാവിഷയമായിരിക്കുന്നത്. ക്ലബ് ഹൗസിലെത്തുന്ന എല്ലാ അംഗങ്ങൾക്കും പെട്ടെന്ന് മനസിലേക്ക് വരാൻ സാധ്യതയുള്ള ചോദ്യമാണ് ആരാണ് ക്ലബ്‌ഹൗസ് ഐക്കണിലുള്ള സ്ത്രീ എന്നത്.
കലാരംഗത്ത് പ്രവർത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവർ. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ നിലപാടുകൾ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കറ്റോക.
ഗൂഗിൾ ഡൂഡിലുകൾ പോലെ ഐക്കണുകൾ മാറ്റുന്ന രീതിയാണ് ക്ലബ് ഹൗസ് പിന്തുടരുന്നത്. ക്ലബ് ഹൗസ് തിരെഞ്ഞെടുക്കുന്ന എട്ടാമത്തെ ഐക്കണാണ് കറ്റോക. അടുത്ത ഏതാനും ആഴ്‌ചകൾ ഡ്ര്യൂ കറ്റോകയുടെ ചിത്രമായിരിക്കും ആപ്പിന്റെ മുഖമായി ഉണ്ടാവുക. ക്ലബ് ഹൗസ് ഐക്കണാകുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജ കൂടിയാണ് കറ്റോക.