മലയാളം ബോക്സോഫീസില്‍ ഇപ്പോള്‍ ഗ്രേറ്റ്ഫാദറിന്‍റെ ഭരണമാണ്. കഴിഞ്ഞ കാലത്തെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഡേവിഡ് നൈനാന്‍ തകര്‍ത്തുകഴിഞ്ഞു. അതിനുശേഷം റിലീസായ പല സിനിമകളും ഗ്രേറ്റ്ഫാദര്‍ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ കളം വിട്ടു.
ബിജുമേനോന്‍ നായകനായ രക്ഷാധികാരി ബൈജു വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന സിനിമയാണ്. എന്നാല്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഈ സിനിമ ഗ്രേറ്റ്ഫാദര്‍ തരംഗത്തിനിടയിലും ഹിറ്റായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.
നല്ല ഹ്യൂമറാണ് രക്ഷാധികാരി ബൈജുവിനെ വലിയ വിജയമാക്കി മാറ്റുന്നത്. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന്‍റെ പാറ്റേണിലുള്ള നറേഷനാണ് ബൈജുവിന് രക്ഷയാകുന്നത്. ഗ്രേറ്റ്ഫാദറിന് മുന്നില്‍ വമ്പന്‍ സിനിമകള്‍ക്ക് പോലും അടിപതറിയപ്പോള്‍ ഈ ചെറുചിത്രം നേട്ടം കൊയ്യുകയാണ്.
മൂന്ന് ദിവസം കൊണ്ട് രണ്ടേകാല്‍ കോടി രൂപയാണ് രക്ഷാധികാരി ബൈജു നേടിയിരിക്കുന്നത്. ഓരോ ദിവസവും കളക്ഷന്‍ മെച്ചപ്പെടുത്തുന്നുണ്ട്. റിലീസായ 92 തിയേറ്ററുകളില്‍ നിന്ന് 63 ലക്ഷം രൂപയാണ് ആദ്യദിനം കളക്ഷന്‍ നേടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ദ്ധിച്ചു വരുന്നതാണ് കണ്ടത്.
അടുത്ത വാരമാകുമ്പോഴേക്കും രക്ഷാധികാരി ബൈജു മികച്ച ലാഭം നേടുമെന്നാണ് വിവരം. ബാഹുബലി വന്നാലും ബിജുമേനോന്‍റെ ഈ സൂപ്പര്‍ എന്‍റടെയ്നര്‍ വിജയക്കുതിപ്പ് തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.