കോവിഡ് വ്യാപനത്തഞ തുടര്‍ന്ന് മാസങ്ങളോളം അടഞ്ഞുകിടന്ന തീയേറ്ററുകള്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പേ തുറന്നെങ്കിലും കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആയത് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസായതോടെയാണ്. വ്യവസായത്തെ തിരിച്ചുകൊണ്ടുവരുവാന്‍ മനസ്സു കാണിച്ച മെഗാ സ്റ്റാറിന് നന്ദി അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍. തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തിയാണ് തങ്ങളുടെ സ്‌നേഹവും കടപ്പാടും നേരില്‍ അറിയിച്ചത്. ചിത്രം ഒ.ടി.ടി റിലീസിന് നല്‍കാതെ തീയേറ്ററുകളില്‍ എത്തിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിനും അവര്‍ നന്ദി അറിയിച്ചു.
നേരത്തെ ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.പക്ഷെ സിനിമ ലൈവ് ആയി വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ നമ്മള്‍ മനസ്സിലാക്കണമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞതിനാലാണ് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തിയതെന്നും ആന്റോ ജോസഫ് പറഞ്ഞിരുന്നു. അതേസമയം ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.