താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിവരം മോഹന്‍ലാല്‍ 30 വയസുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ്.
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ 30 വയസുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 30 മുതല്‍ 65 വയസുവരെയുള്ള ജീവിതകാലമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തിനായി ശരീരഭാരം 15 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്. തെങ്ങിന്‍റെ ഉയരത്തില്‍ ചാടുകയും പുലിയെപ്പോലെ കുതിക്കുകയുമൊക്കെ ചെയ്യുന്ന കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് മോഹന്‍ലാല്‍ നടത്തുന്നത്.
കഴിഞ്ഞ നാലുപതിറ്റാണ്ടത്തെ അഭിനയജീവിതത്തില്‍ മോഹന്‍ലാലിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഒടിയന്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാബു സിറിളാണ് ഒടിയന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.