ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ വിജയം ഒരു വണ്‍ഫിലിം വണ്ടര്‍ ആയിരുന്നു എന്ന് വിമര്‍ശിച്ചവര്‍ അറിയുക, ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ചങ്ക്സ് മെഗാഹിറ്റ് ആയി മാറിയിരിക്കുന്നു. ചിത്രത്തിന്‍റെ കളക്ഷന്‍ 13 കോടി കടന്നതായി റിപ്പോര്‍ട്ട്.
ആദ്യവാരം തന്നെ ചങ്ക്സിന്‍റെ കളക്ഷന്‍ ഏഴരക്കോടി ക്രോസ് ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്ന പ്രമുഖ താരങ്ങളുടെ ആരുടെയും സാന്നിധ്യമില്ലാതെയാണ് ഒമര്‍ ഈ വമ്പന്‍ ഹിറ്റ് ഒരുക്കിയത് എന്നതാണ് ഇതിലെ വിസ്മയം. ഒരു ഫണ്‍ ഫിലിമിന് ലഭിച്ച വലിയ സ്വീകരണം തന്നെയാണിത്.
വലിയ താരങ്ങള്‍ ഇല്ലാത്തത് മാത്രമായിരുന്നില്ല ചങ്ക്സ് റിലീസ് ചെയ്യുമ്പോള്‍ നേരിട്ട പ്രതിസന്ധി. സിനിമാലോകം അപ്പാടെ കറുത്ത നിഴലില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. പ്രേക്ഷകര്‍ തിയേറ്ററിലെത്തി സിനിമ കാണാന്‍ മടികാണിക്കുന്ന അവസ്ഥ. ആ സാഹചര്യങ്ങളെയാണ് ഈ യുവതാരചിത്രം വിജയകരമായി മറികടന്നിരിക്കുന്നത്.
ഹണി റോസിന്‍റെ നായികാ കഥാപാത്രവും ബാലു വര്‍ഗീസ്, ഗണപതി, ധര്‍മ്മജന്‍ തുടങ്ങിയവരുടെ തകര്‍പ്പന്‍ കോമഡിയുമാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് കാരണം. അശ്ലീല തമാശകള്‍ കുത്തിനിറച്ച സിനിമ എന്ന വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് സിനിമ വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
സിദ്ദിക്ക്, ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ സാന്നിധ്യവും ചങ്ക്സിന് ഗുണമായി. വൈശാഖ മൂവീസ് നിര്‍മ്മിച്ച ചങ്ക്സിന്‍റെ തിരക്കഥയും ഒമര്‍ ലുലു തന്നെയാണ്.