Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കോസള്‍ഫാന്‍

പ്രശോഭ് കെ പി

ഇക്കോസള്‍ഫാന്‍
, വെള്ളി, 23 സെപ്‌റ്റംബര്‍ 2011 (20:45 IST)
PRO
PRO
ക്ലൈമാക്സില്‍ സംഭവിച്ചത്...

ആരാ നിന്റെ കാമുകി...? അന്നുകണ്ട ആ വെളുത്ത പെണ്ണ്, ഓളാന്നോ?

ആര്‍ത്തിനിറഞ്ഞ ചോദ്യത്തിനൊപ്പരം അമ്മയുടെ ചിറികള്‍ക്കിടയിലൂടെ കൊതിയുടെ ഈളാവെള്ളം ഒലിച്ചിറങ്ങി.

‘‘കുടുംബമഹിമ... അതു മറക്കരുത്. പാരമ്പര്യമുള്ള തറവാട്ടിലെ പെണ്ണായിരിക്കും... അല്ലേ ആഞ്ജനേയാ‍....?" - ബ്രാഞ്ച് മെമ്പര്‍മാര്‍ക്ക് റാക്ക് പകര്‍ന്നുനല്‍കിക്കൊണ്ട് അമ്മാവന്‍ കിതച്ചു. അമ്മാവന്റെ മൂക്കില്‍ നിന്നും പറങ്കിമാങ്ങയുടെ ചാവുഗന്ധം തള്ളിവന്നു.

‘‘കപടപരിസ്ഥിതി വാദിയാവരുതവള്‍. അങ്ങനെ സംഭവിച്ചാ‍ല്‍...അറിയാമല്ലോ...?’’ ബ്രാഞ്ച് സെക്രട്ടറി മുരണ്ടു.

അയാളുടെ പിരിച്ച മീശയില്‍ മുതലാളിത്തത്തിന്റെ ദൃശ്യബിംബം തിളങ്ങി. പേരു ചോദിച്ചപ്പോള്‍ ‘സനൂജ’ എന്നു പറഞ്ഞു ഞാന്‍. നാടു ചോദിച്ചപ്പോള്‍ അവളെന്നെ അകത്തേക്ക് വിളിച്ചു. അവള്‍ ഉറക്കെപ്പറഞ്ഞു - ‘‘കാസര്‍ഗോഡ്”

ആരും ഒന്നും മിണ്ടിയില്ല. സദസ്സില്‍ ഒരു സൂചി പോലും വീണില്ല. പൊടുന്നനെ ഉണ്ടായ നടുക്കത്തില്‍ വീട് തരിച്ചുനിന്നു. ഇരുട്ടില്‍ റേഡിയം പോലെ അവള്‍ മാത്രം നിന്നുതിളങ്ങി. മച്ചിലിരുന്ന പല്ലി വാല്‍ മുറിച്ചെറിഞ്ഞു. ഉടല്‍ അമ്മാവന്റെ റാക്ക് കന്നാസിലും വാല്‍ അമ്മയുടെ നെറുകംതലയിലും പതിച്ചു.

എന്നത്തേയും‌പോലെ അച്ഛനെ പുലയാട്ട് പറഞ്ഞുകൊണ്ട് ചരല്‍ തെറിക്കുന്ന മഴ പോലെ അമ്മ പൊട്ടിപ്പിളരാന്‍ തുടങ്ങി.

“നശിച്ച കാലന്റെ മുടിഞ്ഞ വിത്തേ.... ഈ വീട് നീ കുളംകോരരുതേ...”

റാക്ക് നിറച്ച കന്നാസ് കക്ഷത്തിലിറുക്കി അമ്മാവന്‍ ചാടിയെഴുന്നേറ്റു.

“പറങ്കിപ്പഴം ഇല്ലാണ്ടാക്കി എന്റെ അന്നം മുട്ടിച്ചാല്‍... കൊന്നുകളയും കഴുവേറീ...”

മിനിറ്റ്സ് ബുക്ക് വാരിപ്പെറുക്കി മെമ്പര്‍മാരും സെക്രട്ടറിയും പുറത്തേക്കോടി.

“ഈ നാടുകൂടി മുടിപ്പിക്കാനായിട്ട് ഇങ്ങോട്ടെഴുന്നെള്ളിക്കരുത്.... ജീവനോടെ വച്ചേക്കില്ല രണ്ടിനേം....”

അവളുടെ വെളുത്ത കൈകളില്‍ പരതി ഒടുക്കം ബൌസിന്റെ കറുത്ത ബോര്‍ഡറില്‍ തെരുപ്പിടിച്ച് ഞാനും, എന്റെ കറുത്ത കൈകളില്‍ വിശ്വാസമര്‍പ്പിച്ച് അവളും പകച്ചുനിന്നു.

ഞാനെന്ന ഭാവം...

ഏതുപുസ്തകം കിട്ടിയാലും അതിന്റെ ഒടുക്കത്തെ പേജ് ഞാന്‍ ആദ്യം വായിക്കും. ക്ലൈമാക്സ് അറിഞ്ഞതിന് ശേഷമേ വായന തുടങ്ങാറുള്ളു. ഇങ്ങനെ തലതിരിഞ്ഞ എന്നോട് ഇന്നാളൊരുദിവസം വീട്ടിലെ പൂച്ച ചോദിച്ചു, എടാ പട്ടീ അഞ്ജനേയാ... നിനക്ക് ഓര്‍ക്കുട്ടില്ലേന്ന്... സ്വതവേ പൂച്ചവിരോധിയായ ഞാന്‍ നിന്നു പരുങ്ങിയപ്പോള്‍ അത് പകയോടെ നോക്കി പല്ലിളിച്ചു. എന്നിട്ടും ഞാന്‍ അനങ്ങാതിരുന്നത് ഫേസ്ബുക്കില്‍ ഞാനുമുണ്ടല്ലോടാ കഴുതേ എന്ന് കൂട്ടില്‍ക്കിടക്കുന്ന പട്ടി അലറുമെന്ന് ഭയന്നാണ്.

ജോസഫ് കരുണന്‍ മെമ്മോറിയല്‍ എഞ്ചിനീയറിംഗ് കോളജിന്റെ (ജോസഫും ബാറ്ററി കരുണനും ഈ പാറയിലെ പറങ്കിക്കാട്ടിലെ വാറ്റുകാരായിരുന്നു. ആ കഥ വഴിയെ പറയാം) പുറമ്പോക്കില്‍ പെട്ടിക്കട നടത്തുന്ന ആഞ്ജനേയന് എന്തിനാണ് ഓര്‍ക്കുട്ടും ഫേസ്ബുക്കുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആരോ പറഞ്ഞു, ഏറ്റുകാരന്‍ സുരേന്ദ്രന്‍ തെങ്ങുചെത്തുന്നതിന്റെയും കോരേട്ടന്‍ കപ്പണയില്‍ കല്ലുകൊത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉണ്ടെന്ന്. കോറയില്‍ കരിങ്കല്ലുപിളര്‍ക്കുന്ന സുകുമാരന് ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കിക്കൊടുത്ത പാടിച്ചാലിലെ അശോക് കമ്മ്യൂണിക്കേഷന്‍സ് ഉടമ അശോകനാണ് ഇതിന്റെയൊക്കെ പിന്നില്‍.

ആഞ്ജനേയാ നിനക്കും ഇതൊക്കെ ഒന്ന് ആയിക്കൂടെയെന്ന് അശോകന്‍ കുറെക്കാലമായി ചോദിക്കുന്നു. ഇത്രയും പഠിപ്പും വിദ്യാഭ്യാസവുമുള്ള നീ ഈ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നൊക്കെ മാറിനില്‍ക്കുന്നത് വിവരക്കേടല്ലേ, മോശമല്ലേ, സ്റ്റാറ്റസിന് കുറവല്ലേ എന്നൊക്കെ എന്നും പറയും. സഹികെട്ട് കഴിഞ്ഞ ദിവസം അയാളോട് പറഞ്ഞു - പഠിച്ചതൊക്കെ മറക്കാനുള്ള ശ്രമത്തിലാ, അശോകാ ഞാനെന്ന്.

വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെന്നും, അതൊരു ഭാരമാണെന്നും, വിലകൂടിയ ബ്രാന്റഡ് കുപ്പായമാണതെന്നും, തലയില്‍ കയറ്റിവച്ച അക്കാദമിക് ഭാരം വലിച്ചെറിയുകയാണെന്നും, മനുഷ്യന്‍ മനുഷ്യനാകുന്നത് നിരക്ഷരനായിരിക്കുമ്പോഴാണെന്നും പറഞ്ഞപ്പോള്‍ അശോകന്‍ വാ പൊളിച്ചുനിന്നു. ഇതാ എന്റെ സ്കൂള്‍ വിദ്യാഭ്യാസം, ഇതാ എന്റെ എസ് എല്‍ സി, പ്ലുസ് ടു, ഡിഗ്രി, പി ജി ഒക്കെയുമിതാ ഞാ‍ന്‍ ഉപേക്ഷിക്കുന്നുവെന്നും പുലമ്പി. അശോകന്‍ ഓടി രക്ഷപ്പെടുന്നത് അവ്യക്തമായി കണ്ടു. ഇന്ത്യാ - പാക് ക്രിക്കറ്റ് ടിവിയില്‍ കാണാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കുന്ന നിയമം വരുന്ന കാലത്ത്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അക്കൌണ്ടില്ലാത്തവരെയും രാജ്യഭ്രഷ്ടരാക്കുമായിരിക്കും.

പ്രണയം തോന്നുന്ന പെണ്‍കുട്ടികളെ മാങ്ങാക്കൊരട്ടകളാക്കി ഇടംനെഞ്ചിന്റെ പര്യം‌പുറത്ത് കുഴിച്ചിട്ടുതുടങ്ങിയ കാലത്താണ് ഞാനൊരു പരിസ്ഥിതിവാദിയാകുന്നത്. പ്രണയത്തിന്റെ ആദ്യ ആളലുണ്ടായത് പന്ത്രണ്ടാം പിറന്നാളിന്റെ അന്നാണ്. അങ്കണവാടിയില്‍ പോയിരുന്നപ്പോള്‍ വാങ്ങിത്തന്ന പെണ്‍‌പാവയിലാണ് ആദ്യ അഭിനിവേശം ജനിച്ചത്. ഞാനും ചേച്ചിമാരും കളിപ്പിച്ചും കുളിപ്പിച്ചും കീറിപ്പറത്തി ക്ഷീണിപ്പിച്ച ആ വസ്തുവിനോട് ആ ദിവസം എനിക്ക് പ്രണയം തോന്നി. അന്നാണെന്റെ നെഞ്ചില്‍ ആദ്യ മാവിന്‍ വിത്ത് പാകുന്നതും. പിന്നങ്ങോട്ട് ഈ മുപ്പത് വയസ്സിനിടയില്‍ ഇഷ്ടപ്പെട്ട പലരെയും നെഞ്ചില്‍ കുഴിച്ചുമൂടി. ഇന്നലെ പീടികയില്‍ ഒയലിച്ചമുട്ടായി വാങ്ങാന്‍ വന്ന ചുവന്ന ചുരിദാറിട്ട ടീച്ചറെ വരെ.

ഓരോരുത്തരുടെയും പേരിട്ട വിത്ത് മുളപൊട്ടുന്നതിനും മുമ്പേ തന്നെ പലരും അന്യന്റെ ജീവിതവും തൂക്കിനടന്നുപോയി. എങ്കിലും മുളപൊട്ടി മാന്തൈകള്‍ കിളിര്‍ത്തു പൊങ്ങി. എന്റെ നെഞ്ചില്‍ തഴച്ചുനിന്ന പെണ്‍‌മരങ്ങളെ പരസ്യമായി പ്രണയിച്ചവരില്‍ പലരും പേപിടിച്ച് കരഞ്ഞപ്പോഴും ഒരു പ്രണയം പോലും തകരാതെ ഞാന്‍ മാത്രം ജയിച്ചുനിന്നു. തുറന്നുപറയാന്‍ ഭയക്കുന്ന ഭീരുവെന്ന് കുക്ക് കിട്ടിയപ്പോഴും നെഞ്ചിനിടയിലെ ചാലും കടന്ന് മാവുകള്‍ വലം‌നെഞ്ചും കൈയ്യേറിയിരുന്നു. ഇന്ന് നെഞ്ച് നിറയെ ഒരു മാന്തോട്ടമുണ്ടെനിക്ക്. വാരിയെല്ലുകള്‍ വേലികെട്ടിയ ആ തോട്ടത്തില്‍ പലതരം മാവുകളുണ്ട്. പേരറിയുന്നവ, പേരറിയാത്തവ.

ഒരിക്കല്‍ ഈ മാന്തടികള്‍ കൊണ്ട് ചിതയൊരുങ്ങുമെന്നും അതില്‍ ജ്വലിക്കുന്ന തീയിന് എന്റെ പ്രണയത്തിന്റെ നിറമുണ്ടാകുമെന്നും കവിതയെഴുതി. പൈങ്കിളിക്കവിതകള്‍ ഞങ്ങളല്ല പ്രസിദ്ധീകരിക്കുക എന്ന മുഖവുരയോടെ അത് വീട്ടില്‍ തിരിച്ചെത്തിയ ദിവസം ഞാന്‍ തോട്ടിന്റെ ഇട്ട നിറയെ ഈറ്റത്തെകള്‍ പാവുകയായിരുന്നു. ഈറ്റക്കാട്ടില്‍ നിന്നിറങ്ങി കയ്യിലും കാലിലും ചോരയൊലിപ്പിച്ച് വീട്ടിലേക്ക് കയറി.

“ഒരു കവി ചത്തു”

അമ്മയും അമ്മാവനും കൈകൊട്ടിക്കളിച്ചു.

“അമ്പതു പൈസേന്റെ നാരങ്ങാമുട്ടായീം ഒയിലിച്ചേം വില്‍ക്കുന്നവന്‍ തോട് നന്നാക്കാന്‍ നടക്കുന്നു. നാണമില്ലല്ലോ നിനക്ക്?”.

കുറച്ചുകഴിഞ്ഞപ്പോള്‍ വീട്ടില്‍ പാര്‍ട്ടിക്കാരുമെത്തി.

“ആഞ്ജനേയാ, നീ ഗ്രൂപ്പ് മെമ്പറല്ലേ?”

അറിയാ‍മ്പാടില്ലാത്തത് പറയരുതാത്തതിനാ‍ല്‍ ഞാന്‍ മിണ്ടിയില്ല,

“നീ ഈ തോട്ടിന്റെ ഇട്ടമ്മേല് നിറച്ചും ഓടക്കമ്പ് നാട്ടീന്ന് സുഗതന്‍ പറഞ്ഞു. പാര്‍ട്ടീന്റെ അനുവാദമില്ലാതെ നീയെന്തിനാ വേണ്ടാതീനം കാട്ടിയേ?”.

“ഓട വളര്‍ന്നുനിന്നാല്‍ തോട്ടില്‍ വേനലിലും വറ്റാത്ത വെള്ളമുണ്ടാകും.... തണുപ്പുണ്ടാകും. മൂത്ത ഈറ്റകള്‍ കൊണ്ട് വെട്ട്വേര്‍ കുട്ടയും തടുപ്പയും നെയ്യും.”

“കുന്തം, എല്ലാം പറിച്ച് തോട്ടിലെറിയും ഞാ‍ന്‍” - അമ്മാവന്‍ മുരണ്ടു.

“അടങ്ങിയിരിക്ക് സുഗതാ... ഓനെ ഞങ്ങള് മനസ്സിലാക്കിക്കാം. ആഞ്ജനേയാ മോനിനി പാര്‍ട്ടിക്ക് വിരുദ്ധായി പ്രവര്‍ത്തിക്കരുത്. നിന്നെ അനുഭാവി ഗ്രൂപ്പീന്ന് പുറത്താ‍ക്കും. പാര്‍ട്ടി ഏറ്റെടുക്കുന്ന സമരങ്ങള് മാത്രം നീ ചെയ്താ മതി.“

“സത്യം പറ ആഞ്ജനേയാ നീ ഓടത്തൈകള്‍ നട്ടത് അത് വളര്‍ന്ന് കഴിഞ്ഞിറ്റ് അയിന്റെ എടേലിരുന്ന് പെണ്ണുങ്ങടെ കുളിസീന്‍ കാണാമ്പേണ്ടീറ്റല്ലേ...?”

webdunia
PRO
PRO
അവിടെവെച്ച് എന്നിലെ പരിസ്ഥിതിവാദിയെ ഞാന്‍ തോട്ടിലൊഴുക്കി. പുളിച്ചുനാറ്റമുള്ള ഒരിറ്റുവെള്ളത്തില്‍ ഒഴുകാനും നീന്താനുമാവാതെ അവന്‍ വിറങ്ങലിക്കുന്ന ദൃശ്യം കണ്ട് എനിക്ക് ശ്വസം മുട്ടി. ആ പിടച്ചിലിനൊടുവില്‍ ഞാനെന്റെ പ്രതിജ്ഞ മറന്നു. പ്രണയക്കൃഷിയുടെ ഉടമ്പടികള്‍ കാറ്റില്‍ പറന്ന ആ കുതറിച്ചകള്‍ക്കൊടുവിലാണ് എന്റെ മാന്തോട്ടത്തിന്റെ വേലിക്ക് പുറത്ത് ഞാന്‍ ഈ വെളുത്ത മാവ് നട്ടത്.

webdunia
PRO
PRO
ഞങ്ങളുടെ പ്രണയം...

ദേലം‌പാടിയിലേക്കുള്ള വഴി കേരളത്തിക്കൂടി അല്ല ആ‍ഞ്ജനേയാ എന്ന പ്രസ്താവനയാണ് സനൂജ ആദ്യമായി പറഞ്ഞ പ്രണയവാചകം. കേരളത്തില്‍ കൂടി അല്ലെങ്കില്‍പ്പിന്നെ എതിലേയാണ് മോളൂ എന്ന എന്റെ മറുചോദ്യത്തോടെ ഞങ്ങളുടെ പ്രേമകുതൂഹലങ്ങള്‍ക്ക് തുടക്കമായി. മനുഷ്യപ്പറ്റിന്റെ പച്ചയില്‍ നിന്നും ടെക്നോളജിയുടെ വികസനച്ചുവപ്പ് കലര്‍ന്ന തരിശ്ശിലേക്കുള്ള പരിണാമത്തിന്റെ വിശ്രമവേളകളിലൊന്നില്‍ തേനുണ്ട വാങ്ങാനെത്തിയതാ‍യിരുന്നു അവള്‍. കടയിലേക്ക് കയറിവരുന്ന വെള്ളക്കാരിയെക്കണ്ട് ഞാന്‍ ആദ്യമൊന്ന് അമ്പരുന്നു. പഠിച്ചതൊക്കെയും മറക്കാനുള്ള തീവ്രയജ്ഞത്തിനൊടുവില്‍ ആദ്യം വിജയിച്ചത് ഇംഗ്ലീഷിലെ എല്ലാ അറിവുകളും തോട്ടില്‍‌ച്ചാടിയപ്പോഴാണ്. കുറച്ചുകാലത്ത് പരിശീലനം കൊണ്ട് ഇംഗ്ലീഷില്‍ പൂര്‍ണമായ അജ്ഞാനം കൈവരിച്ചിരിക്കുന്നു. ഇവളോടെന്തു പറയേണ്ടു ഞാന്‍ എന്ന മട്ടില്‍ പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ചെമ്പന്‍ മുടിയിഴകള്‍ മാടിയൊതുക്കി പച്ച മലയാളത്തില്‍ അവള്‍ പറഞ്ഞു:

“പേടിക്കേണ്ട, മദാമ്മയല്ല. മെലാനിന്റെ കുറവാണ്.”

ശരിയാണ്. മറന്നുകളയേണ്ട അറിവാണ്, ശരീരത്തിന്റെ നിറം നിയന്ത്രിക്കുന്നത് മെലാനിന്‍ എന്ന വര്‍ണ്ണപദാര്‍ഥമാണെന്ന്.

“പത്ത് തേനുണ്ട... അത്രേം ഒയിലിച്ച”

ഇക്കാലമത്രയും കെട്ടിനിര്‍ത്തിയ കടല്‍ ഉരുകിയൊലിക്കുന്നത് ഞാനറിഞ്ഞു, അതിന്റെ ഓരോ കോണില്‍ നിന്നും ഊറിവരുന്ന നീര്‍ച്ചാലുകള്‍ ഒരു പ്രവാഹമാകുന്നതുപോല്‍. ഈ മുപ്പത് വയസ്സിനിടയ്ക്ക് ഞാന്‍ നട്ട മാന്തൈകള്‍ക്ക് കണക്കും കയ്യുമില്ല. പക്ഷേ അവയില്‍ ഒന്നു‌പോലും എന്റെ വാരിയെല്ലിന്റെ വേലിക്കെട്ട് തകര്‍ത്ത് പുറത്തുപോയിട്ടില്ല.

ആഞ്ജനേയാ, ഡാ കുരങ്ങാ... എന്നൊക്കെ പലരും വിളിച്ചിട്ടുണ്ട്. എന്റെ മുഖത്തിന്റെ ഷേയ്പ്പ് ഏകദേശം ആദിമ മനുഷ്യന്റേത് പോലെയുണ്ടെന്ന് കണ്ണാടി സാക്‍ഷ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്നേക്കാള്‍ ഏഴുവയസ് കുറവാണെങ്കിലും സനൂജ ‘ആഞ്ജനേയാ’ എന്ന് പേരെടുത്ത് വിളിച്ചപ്പോള്‍ എനിക്ക് തെല്ലും ദണ്ഡം തോന്നിയില്ല. പ്രണയത്തിന്റെ എ ബി സി ഡി അറിയാത്ത എന്നെ അവളത് ചൊല്ലിപ്പഠിപ്പിച്ചു, ചിരിക്കുക - ചിരിപ്പിക്കുക, കരയുക - കരയിപ്പിക്കുക, വേദനിക്കുക - വേദനിപ്പിക്കുക തുടങ്ങിയ സമവാക്യങ്ങളും സമസ്തരസങ്ങളും അഭിനയ ക്ലാസ്സിന്റെ സഹായത്തോടുകൂടി അവളെനിക്ക് പറഞ്ഞുതന്നു.

തേനുണ്ടയ്ക്കായി അവള്‍ എത്തുമ്പോഴൊക്കെ ഞങ്ങള്‍ കടങ്കഥകള്‍ പറഞ്ഞു. ഒരിക്കല്‍ അവള്‍ക്ക് കടമേറി. പിന്നെയവള്‍ ചോദിച്ചത് ഒരു തുളു കടങ്കഥയാണ്.

“റഡ് തൊട്ടില്‍ഡ് കുള്ളയേറ്
ഒറിയന് കൊറിയറ്
ബുക്കൊറിയന് കുള്ളയെറ്”

പകച്ചുപോയ എന്നെ നോക്കി കണ്ണടയൊന്ന് ശരിയാക്കി അവള്‍ തന്നെ പരിഭാഷപ്പെടുത്തി.

“രണ്ട് തൊട്ടിലുകള്‍ ഇരുത്തി; ഒരാളെ കൊടുത്തു; മറ്റൊരാളെ ഇരുത്തി”.

ഒട്ടും ആലോചിക്കാതെ ഞാന്‍ ഉത്തരം നല്‍കി.

“തുലാസ്”

പ്രണയത്തിന്റെ തുലാസില്‍ നിന്നും ചലനനിയമം പഠിച്ച ഞങ്ങള്‍ പുതിയൊരു കടങ്കഥയുണ്ടാക്കി.

‘മുന്നില്‍ അങ്ങാടി,
മുളയുടെ അടിയില്‍ ചാവടി
കടന്നവരുണ്ട്,
ഇറങ്ങിയവരില്ല’

അതിന്റെ ഉത്തരം ഞങ്ങള്‍ക്ക് ഇതുവരെ കിട്ടിയില്ല. അങ്ങനെ ഞങ്ങളുടെ പ്രണയം അനുദിനം പൂത്തുലഞ്ഞു. (പ്രണയലീലകള്‍ ഇനിയുമേറെയുണ്ട്. നേരത്തെ പറയാതെ വച്ച കഥ പറഞ്ഞിട്ടു തുടരാം).

എഞ്ചിനീയറിംഗ് കോളജിന്റെ പിറവി...

പണ്ട്, എന്നുവച്ചാല്‍ വളരെ പണ്ട് എന്റെ അമ്മേന്റെ മുതുമുത്തശ്ശിക്ക് പുരുഷധനം കിട്ടിയതായിരുന്നു ഈ ഭൂമി. സ്ത്രീധനമില്ലാത്ത കാലമായിരുന്നു അത്. വിവാഹം കഴിക്കണമെങ്കില്‍ ഈ ദേശത്ത് പുരുഷന്‍ ഒരു നിശ്ചിത സംഖ്യയോ സ്ഥലമോ വധുവിന്റെ പേരില്‍ എഴുതിക്കൊടുക്കണമായിരുന്നു. മുത്തശ്ശിയുടെ ചേലുകണ്ട മുത്തശ്ശന്‍ ഒട്ടും ആലോചിക്കാതെയാണ് ഭൂമി നല്‍കിയത്. വീട്ടുകാരും നാട്ടുകാരും ‘അച്ചി’ എന്നുവിളിച്ചിരുന്ന ആ മുത്തശ്ശി ഇരുനൂറാം വയസ്സിലാണ് മരിച്ചതെന്ന് ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. മൂന്നിലധികം സമുദായങ്ങളുടെ ശ്മശാനഭൂമിയായിരുന്ന ഇവിടെ അധിനിവേശവൃക്ഷത്തിന്റെ(അച്ഛന്റെ വാക്ക്) വിത്തുകള്‍ പാകിയതും ഈ അച്ചിയാണ്. പറങ്കിപ്പഴങ്ങള്‍ വാറ്റിയെടുത്ത് ലഹരി നുരയ്ക്കുന്ന റാക്ക് തീര്‍ക്കാന്‍ തുടങ്ങിയത് ആരുടെ കാലത്താണ് എന്നതിന് വ്യക്തമായ രേഖകള്‍ ഇല്ല. എന്തായാലും അമ്മാവന്‍ അവകാശപ്പെടുന്നത് അത് കുലത്തൊഴിലാണെന്നാണ്.

പന്ത്രണ്ടോ പതിനഞ്ചോ തലമുറകള്‍ക്ക് മുമ്പ് മാതമംഗലത്തുനിന്നും എരമത്തുനിന്നും പെരുന്തട്ടയില്‍ നിന്നുമൊക്കെ നായാട്ടിനെത്തിയവരാണ് ഞങ്ങളുടെ പൂര്‍വികരെന്നൊരു പക്ഷമുണ്ട്. അന്ന് ഇവിടം മുഴുവന്‍ കാടായിരുന്നു. ചെങ്കല്‍പ്പാറകള്‍ക്കിടയില്‍ കാട്ടുമരങ്ങള്‍ തഴച്ചുനിന്നിരുന്നു. (അന്ന് ഈ ചെങ്കല്‍പ്പാറകള്‍ രൂപപ്പെട്ടിരുന്നില്ലെന്നും ഒറിജിനല്‍ എക്കല്‍‌മണ്ണായിരുന്നുവെന്നും ഭൌമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.) കാട്ടിനകം നിറയെ മുയലും മയിലും മാനും പുലിയും കൂരനുമൊക്കെ വിഹരിച്ചിരുന്നു. കന്നുകാലികളുമായി, കുന്നുകള്‍ മതിലുകെട്ടി വളച്ച ചെങ്കല്‍പ്പാറയിലേക്ക് വന്നവരായിരുന്നു പൂര്‍വികരെന്നും അവര്‍ക്ക് കോലത്തിരിയുടെ ഉപതലസ്ഥാനമുണ്ടായിരുന്നുവെന്നും അമ്മാവന്‍ റാക്ക് ലഹരിയില്‍ പുലമ്പുന്നത് കേട്ടിട്ടുണ്ട്.

ഏതായാലും കൊല്ലവര്‍ഷം 1069 ധനു 22ന് (1894 ജനുവരി 6) കുപ്പോള്‍ ശാസ്താക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കോലക്കാട്ടില്ലത്ത് പരുശുരാമന്‍ എമ്പ്രാന്തിരി രജിസ്റ്റര്‍ ചെയ്തുകൊടുത്ത ആ രേഖയില്‍ അമ്പലത്തിലെ ശാന്തിവൃത്തിക്കുള്ള പ്രതിഫലം സംബന്ധിച്ച നിശ്ചയങ്ങളും ബാധ്യതകളും വിവരിക്കുന്നു. രേഖയെഴുതിക്കൊടുത്ത പതിനാലു തറവാടുകളിലെ കാരണവന്മാരില്‍ ഏകകാരണവത്തിയുള്ളതും ഒന്നാം സ്ഥാനത്തുള്ളതും ഞങ്ങളുടെ തറവാടാണ്. പരക്കിയില്ലത്ത് അച്ചിയുടെ തറവാട്. കച്ചും ചുരികയും വെച്ച് ആചാരം കൊണ്ടവളായിരുന്നു എന്റെ അച്ചി.

കാലമേറെ ചെന്നപ്പോള്‍ കോലവും മാറി. പുരുഷധനം മാറി സ്ത്രീധനമായി. അങ്ങനെയാണ് പൊളവന്‍ കുഞ്ഞിക്കണ്ണന്‍ എന്ന എന്റെ തന്തയ്ക്ക് ഈ പറങ്കിത്തോട്ടം സ്ത്രീധനമായി ലഭിക്കുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ചെങ്കല്‍പ്പാറകളില്‍ വിശ്വാസമില്ലാത്തതിനാലാണ് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഈ ഭൂമിയത്രയും വിറ്റുകളഞ്ഞത്. പാറപ്പുറത്ത് വളരുന്ന ഏകവൃക്ഷം കശുമാവ് മാത്രമായിരുന്നു. അത് അച്ഛന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അധിനിവേശത്തിന്റെ വൃക്ഷം എന്നാണ് അച്ഛന്‍ അതിനെ വിളിച്ചത്.

“അത് എന്റെ ഭാഗ്യം.... എന്റെ മാത്രമല്ല എന്നെപ്പോലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാഗ്യം... ആഞ്ജനേയാ, മഹാനാണ് നിന്റെ അച്ഛന്‍ പൊളവന്‍ കുഞ്ഞിക്കണ്ണന്‍.”

സനൂജ എന്റെ അച്ഛനെ സ്തുതിച്ചത് ആയിരം നാവുകള്‍ കൊണ്ടാണ്. അവള്‍ പറഞ്ഞ നന്ദിവാചകങ്ങളില്‍ ഒറ്റയൊന്ന് മതി അമ്മയുടെ നിത്യവുമുള്ള ശാപവചനങ്ങളില്‍ നിന്നും അമ്മാവന്റെ പുലയാട്ടുകളില്‍ നിന്നും ഗതികേടിന്റെ അന്ത്യനിമിഷങ്ങളില്‍ ഈ ഞാന്‍ പോലും ഉരിച്ചെറിയുന്ന നിന്ദാവാചകങ്ങളില്‍ നിന്നും അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍.

പൊളവന്‍ കുഞ്ഞിക്കണ്ണനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്...

ഒരു ദിവസം എന്റെ പെട്ടിക്കടയുടെ പിന്നിലെ കാടുപിടിച്ചു കിടക്കുന്ന, അച്ഛന്റെ കുഴിമാടത്തിനരികിലേക്ക് സനൂജ അവളുടെ കൂട്ടുകാരെയും കൂട്ടിവന്നു. അവര്‍ ഒരു പ്രകടനം പോലെ ഒഴുകിയെത്തി. അവരില്‍ ചിലര്‍ എന്റെ കാലുകളിലും കൈകളിലും പിടിച്ചു വിതുമ്പി.

“മഹാനായ പി കുഞ്ഞിക്കണ്ണനെ ഞങ്ങള്‍ കോളജിന്റെ ഫൌണ്ടര്‍മാരേക്കാളും ആഴത്തില്‍ സ്നേഹിക്കുന്നു. ഗാന്ധിജിയേപ്പൊലെ എ കെ ജിയെപ്പോലെ ധീരനാണ് നിങ്ങടെ അച്ഛന്‍”.

എ കെ ജിയും ഗാന്ധിജിയുമൊന്നും കള്ളുകുടിക്കാനും ചീട്ടുകളിക്കാനും ഭൂമി വിറ്റിട്ടില്ലെന്ന് പറയണമെന്ന് കരുതി. എങ്കിലും സനൂജ പഠിപ്പിച്ചുതന്ന അഭിനയത്തികവിന്റെ മികവില്‍ ഞാന്‍ പറഞ്ഞു.

“അച്ഛന് കശുമാവ് ഇഷ്ടമായിരുന്നില്ല. അധിനിവേശത്തിന്റെ മരണമാണത്”.

ഷാപ്പ് - റോഡ് കോണ്‍‌ട്രാക്ടര്‍ പന്നിവേലില്‍ തമ്പിയുടെ പുത്രന്‍ സുജിത്തിന്റെ വാക്കുകള്‍:

“ആഞ്ജനേയാ, എന്‍‌ട്രന്‍സില്‍ റാങ്ക് രണ്ടുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് ആയിരുന്ന എനിക്ക് എന്‍‌ജീനിയറിംഗ് പഠിക്കാന്‍ അവസരമൊരുക്കിയത് നിങ്ങടെ അച്ഛന്‍ ശ്രീ... ശ്രീ കുഞ്ഞിക്കണ്ണന്റെ ഔദാര്യം കൊണ്ട് മാത്രമാ...”

വാക്കുകള്‍ മുറിച്ച് അവന്‍ വിതുമ്പി. അവന്റെ പഴുതാരക്കൃതാവ് വഴി ചാലുകീറിയെത്തിയ കണ്ണീര്‍ എന്റെ മിഠായി ഭരണികളില്‍ ചിന്നിച്ചിതറി.

ഞങ്ങടെ ബ്രാഞ്ച് സെക്രട്ടറി റിട്ട. കേണല്‍ ചന്ദ്രശേഖരന്‍ നായരുടെ ഇരട്ട പെണ്‍‌മക്കള്‍ ശാരിയുടെയും ഗീതുവിന്റെയും വാക്കുകള്‍:

“ഞങ്ങള്‍ എന്‍‌ട്രന്‍സ് എഴുതിയിട്ടേയില്ല....നിങ്ങടെ അച്ഛനില്ലായിരുന്നുവെങ്കില്‍...”

അവരുടെ കണ്ണീരുവീണ ഒയലിച്ച മുട്ടായിക്ക് ആരാന്റെ വിയര്‍പ്പ് ചുവയുണ്ടെന്ന് അത് വാങ്ങിത്തിന്ന, കോളജിലെ അജീഷ് എന്നെ പിന്നീട് അറിയിക്കുകയുണ്ടായി.

അച്ഛന്റെ വീരഗാഥകള്‍ കോളജ് മുഴുവന്‍ പാടിക്കൊടുത്തത് സനൂജയാണ്. ഒറ്റദിവസം കൊണ്ട് കോളജ് ഫൌണ്ടര്‍മാരേക്കാളും മാനേജ്‌മെന്റ് പ്രതിനിധികളേക്കാളും സ്റ്റാര്‍‌വാല്യു പൊളവന്‍ കുഞ്ഞിക്കണ്ണന് ലഭിച്ചു. എനിക്കുമിത് വളരെയേറെ ഗുണം ചെയ്തു. എന്റെ മിഠായിഭരണികള്‍ വളരെപ്പെട്ടെന്ന് നിറയുകയും ഒഴിയുകയും ചെയ്തു. ക്യാമ്പസിനകത്തെ സുന്ദരമായ സ്റ്റോറിനെ ഒഴിവാക്കി വിദ്യാര്‍ഥികള്‍ കുഞ്ഞിക്കണ്ണന്റെ മകന്റെ കട തേടിയെത്തി.

പെരിങ്ങോം ടൌണില്‍ ഒരു തുക്കടാ പാരലല്‍ കോളജ് നടത്തിയിരുന്ന മാത്യുസാറിനും മധുമാഷിനും സംഘത്തിനും സ്വാശ്രയകോളജ് തുടങ്ങാന്‍ പന്ത്രണ്ടേക്കര്‍ ഭൂമി ചുളുവിലക്ക് വിട്ടുകൊടുത്ത കുഞ്ഞിക്കണ്ണന്റെ മകന്‍ ആഞ്ജനേയനെ മാനേജ്‌മെന്റ് മറക്കും. അതിനുള്ള തെളിവാണല്ലോ സെന്റ് ജോസഫ് പുണാളന്റെ പേരിനൊപ്പം മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ എന്ന വ്യാജേന, ഈ പാറകള്‍ക്കിടയില്‍ കള്ളവാറ്റ് നടത്തിയിരുന്ന ബാറ്ററി കരുണന്റെ പേര് ചേര്‍ത്തപ്പോള്‍ കുഞ്ഞിക്കണ്ണനെ മറന്നത്. പക്ഷേ വിദ്യാര്‍ഥികള്‍ നന്ദിയുള്ളവരാണ്. പയ്യന്നൂരിലെയോ ചെറുപുഴയിലെയോ ഏതെങ്കിലും പാരലല്‍ കോളജിന്റെ രണ്ടും‌മൂന്നും നിലകളില്‍ കുടുങ്ങിപ്പോകുമായിരുന്ന അവരുടെ കൌമാരസ്വപ്നങ്ങളെ ലഹരി പൂക്കുന്ന പറങ്കിത്തോപ്പുകളില്‍ അലയാന്‍ അനുവദിച്ചത് കുഞ്ഞിക്കണ്ണന്‍ എന്ന മനുഷ്യന്റെ വിശാലമനസ്കതയാണ്. അവരുടെ ടെക്നോക്രാറ്റ് സ്വപ്നങ്ങള്‍ക്ക് ഊടും‌പാവും നെയ്യാന്‍ ചെങ്കല്‍‌പ്പാറകള്‍ക്കിടയ്ക്ക് താവളമൊരുക്കിയത്, കാമലീലകള്‍ക്ക് പറങ്കിപ്പച്ചപ്പിന്റെ മെത്തയൊരുക്കിയത് - ഒക്കെയും പൊളവന്‍ കുഞ്ഞിക്കണ്ണനാണ്.

കോളജിന്റെ പേര് ‘ശ്രീ കുഞ്ഞിക്കണ്ണമെമ്മോറിയല്‍’ എന്നാക്കണമെന്നാവശ്യപ്പെട്ട് ഒരുപക്ഷേ വിദ്യാര്‍ഥി സംഘടനകള്‍ നാളെ സമരം ചെയ്തേക്കും. ഉമ്മറത്തെ ശിലാഫലകങ്ങളിലെ മുതല്‍ മുടക്കികളുടെ പേരില്‍ ആദ്യഭാഗത്ത് 1. ശ്രീ പി കുഞ്ഞിക്കണ്ണന്‍ 2. ശ്രീമതി കുഞ്ഞിക്കണ്ണന്‍. 3. ശ്രീ സുഗതന്‍ 4. ശ്രീ അഞ്ജനേയന്‍ എന്നിങ്ങനെ പേരുകള്‍ നാളെ രേഖപ്പെടുത്തിയേക്കും. അച്ഛന്‍ പുകഴ്ത്തുന്നവരോടൊക്കെയും ഞാന്‍ പറഞ്ഞു.

“അച്ഛന് കശുമാവ് ഇഷ്ടമായിരുന്നില്ല. അത് അധിനിവേശത്തിന്റെ മരമാണ്”.

webdunia
PRO
PRO
കുഴിമാടത്തില്‍ ഉയര്‍ന്ന് നിന്ന മെലിഞ്ഞ കശുമാവ് എന്നെ നോക്കി പല്ലിളിച്ചു. പാര്‍ട്ടിക്ലാസിന്റെ വിരസതകളില്‍ വാറ്റി നല്‍കാന്‍ അമ്മാവന്‍ നിര്‍ത്തിയിരുന്ന പഴുത്ത പറങ്കിമാങ്ങകള്‍ അതിന്മേല്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു, അച്ഛന്‍ തൂങ്ങിക്കിടന്നപോലെ.

കൂട്ടുകാരെ പറഞ്ഞയച്ച് അവളും ഞാനും എന്റെ മിഠായിഭരണികളും നിര്‍വികാരമായി നിന്നു. അന്നേരം പ്രണയത്തിന്റെ രണ്ടാമത്തെ പാഠം എന്നെ പഠിപ്പിക്കാന്‍ സനൂജ ഇറങ്ങിത്തിരിച്ചു. അവളുടെ ചെമ്പന്‍‌മുടിയിഴകളും തിളങ്ങുന്ന നിറവും ഞാന്‍ അടക്കിപ്പിടിച്ചു. എന്റെ നെഞ്ചിലെ മാന്തോട്ടം കണ്ടുപിടിക്കപ്പെട്ടപ്പോഴേക്കും പറങ്കിമാങ്ങയില്‍ കാട്ടിവെല്ലം ചേര്‍ത്ത് വാറ്റിയെടുക്കുന്ന ചാരായത്തിന്റെ ലഹരി ഞങ്ങളില്‍ നിറഞ്ഞിരുന്നു.

പരിസരം മറന്ന് ഞങ്ങളങ്ങനെ പുണര്‍ന്നുനിന്ന നിമിഷത്തിലാണ് അച്ഛനെ പുലയാട്ടുപറയാനായി മാത്രം അമ്മ അങ്ങോട്ട് കയറിവന്നത്.

“കുഞ്ഞിക്കണ്ണാ... പൊലയാടി മോനേ”

ഒച്ചകേട്ട് ഞങ്ങള്‍ കുതറിമാറി. പറഞ്ഞുവന്ന് തെറി പൂരിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അമ്മ എന്റെ അരികില്‍ വിളറി നില്‍ക്കുന്ന സനൂജയെ കണ്ടത്. വിളര്‍ച്ച അവളുടെ നിറത്തെ ഒന്നുകൂടി ഇരട്ടിപ്പിച്ചു. അത് കണ്ട് അമ്മ കൊതിയോടെ നോക്കി.

“ആഞ്ജനേയാ....ആരാടാ ഇത്?”

“അമ്മേ...ഇത്...സനൂജ...എന്റെ...” ഞാന്‍ പരുങ്ങി.

“ആയ്ക്കോട്പ്പാ....” - അമ്മ സന്തോഷത്തോടെ അവളുടെ കൈപിടിച്ചു.

“മോളെ... എങ്ങനെ ചീത്ത വിളിക്കാതിരിക്കും ഇവന്റെ ആ പന്നത്തന്തയെ... എന്‍‌ട്രന്‍സിന് റാങ്ക് പത്തുണ്ടായിരുന്നു ഇവന്”.

സനൂജ എന്നെ നടുങ്ങി നോക്കി.

“പന്ത്രണ്ട് കൊല്ലം കഴിഞ്ഞു... ഓര്‍മ്മ നില്‍ക്കുന്നില്ല.... പത്തോ അതോ പതിനഞ്ചോ?” അമ്മ എന്നെ നോക്കി.

എനിക്ക് നാണം വന്നു.

“ആ ചെക്കനാ ഈ ചാപ്പയിട്ടിരിക്കുന്നത്.... ഇവന്റെ തെണ്ടിത്തന്ത വിറ്റുതുലച്ച പന്ത്രണ്ടേക്കറിലാ നിങ്ങടെ കോളേജ്... ഈട്ത്തെ ഒരു പറങ്ക്യാവില്‍ ആ കാലന്‍ തൂങ്ങിച്ചത്തോണ്ട് അയിന് ചുറ്റുള്ള പത്ത് സെന്റ് അവര് മേടിച്ചിറ്റ. അതുകൊണ്ട് ഇതെങ്കിലും ഉണ്ടായി....”

അമ്മ ആക്രോശം മതിയാക്കി വിതുമ്പാന്‍ തുടങ്ങി.

“ പഠിച്ച ഇവനിണ്ടോ വിവരം.... തോട്ടിന്റെ ഇട്ടക്ക് ഈറ്റ നടാനും കണ്ടല് നടാനും നടക്കുന്ന്. അങ്ങുമിങ്ങും കയ്യാലക്കാട്ടിലും കൈതക്കാട്ടിലും കേറീം കീഞ്ഞും നടക്കുന്ന്.... പാര്‍ട്ടീല് മര്യാദയ്ക്ക് നിക്ക്വാണേല് ഏതെങ്കിലും ബേങ്കില് പണിതരാന്ന് ഓറ് പലവട്ടം പറഞ്ഞ്.... ഇവന്റെ നെഗളിച്ചുള്ള നടപ്പിന് പാര്‍ട്ടിക്കാര് ഇവനെ കൊല്ലേണ്ടതാ... എന്നേം സുഗതനേം ഓര്‍ത്തിട്ട് ബാക്കിവച്ചേക്ന്ന് ...ഏട വിവരം ഒണ്ടാകാന്‍? ആ കുരുപ്പിന്റെ വിത്തല്ലേ ഇത്”

“ത്ഫൂ...“

കുഴിമാടത്തിലേക്ക് നോക്കി ഒരാട്ടാട്ടി ഞങ്ങളെ ഒറ്റക്കാക്കി അമ്മ നടന്നു.

“അച്ഛനെ തെറിവിളിച്ചാലേ അമ്മാവന്‍ കഞ്ഞി കൊടുക്കൂ... എന്റെ കഞ്ഞികുടിക്കാനുള്ള യോഗം കണ്ടലിനും കാടിനുമൊക്കെയാണെന്ന് അമ്മയ്ക്കറിയാം.” സനൂജയ്ക്ക് ഞാന്‍ പറഞ്ഞുകൊടുത്തു.

അഭിനയിക്കാന്‍ ഞങ്ങള്‍ മിടുക്കരായിരുന്നതുകൊണ്ട് പ്രണയം കാലവര്‍ഷത്തിലെ തോടു‌പോലെ നിറഞ്ഞൊഴുകി. തോട്ടിന്‍‌കരയിലെ എന്റെ ഈറ്റക്കമ്പുകള്‍ കിളിര്‍ത്തുതുടങ്ങി. അതിന്റെ ആഹ്ലാദത്തിലിരിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറി റിട്ട.കേണല്‍ ചന്ദ്രശേഖരന്‍ നായര്‍ കയറിവന്നു.

"എന്താടാ ചിരിക്കുന്നത്? പാര്‍ട്ടിക്കാരനായാല്‍ മുഖത്തെപ്പോഴും ഗൌരവമുണ്ടായിരിക്കണം” അയാള്‍ മുരണ്ടു.

എക്സ് മിലട്ടറിക്കാരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ഉത്തരാധുനികന്‍ ഗൂഢതന്ത്രം എനിക്ക് ബോധ്യമായത് അന്നേരത്താണ്.

“എന്റെ ഈറ്റത്തൈകള്‍ കിളിര്‍ത്തു.” - ഞാന്‍ വിനയാന്വിതനായി.

“എടോ കപടപരിസ്ഥിതിവാദീ... വിഡ്ഢീ... നീയും നിന്റെ ഉണക്ക ഈറ്റയും. പഠിച്ചേന്റെ ഒരു വിവരോം ഇല്ലല്ലോടാ നായേ നിനക്കൊന്നും.” - അയാള്‍ അലറിച്ചിരിച്ചു. പിന്നെ ഉപദേശിയെപ്പോലെ എന്നെ നോക്കി.

“എടോ ആഞ്ജനേയാ... പത്ത് നാല്പത് കൊല്ലങ്ങള്‍ക്കപ്പുറം ഈ നാട്ടിലെ മുളകളും ഈറ്റകളുമൊക്കെ പൂത്തിരുന്നു. പൂത്താല്‍ ഇവ മൂടോടെ നശിക്കും. അവ വീണ്ടും പൂക്കുന്ന സീസണാണിത്. നീ പാകി കിളിര്‍പ്പിച്ചതൊക്കെ ഈ പൂക്കലില്‍ നശിക്കും... വിഡ്ഢീ...”

തകര്‍ന്നുനില്‍ക്കുന്ന എന്നെ നോക്കി അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു. പിന്നെ അയാള്‍ കോളജ് ലക്‍ഷ്യമാക്കി നടന്നു. നടപ്പിനിടയില്‍ വീണ്ടും തിരിഞ്ഞു.

“ അത് പറിച്ച് നിന്റെ അണ്ണാക്കില്‍ തിരുകാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇതിങ്ങനെ സംഭവിക്കുമെന്നൊരു കണക്കുകൂട്ടല്‍ നേരത്തെയുണ്ടായിരുന്നു ഞങ്ങള്‍ക്ക്... പിന്നെ ഇന്ന് പാര്‍ട്ടിക്ലാസ് നിന്റെ വീട്ടിലാ... വിഷയം പരിസ്ഥിതി അവബോധവും മാര്‍ക്സിസവും...മുങ്ങരുത്... സുഗതനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.”

അയാള്‍ കോളജിലേക്കുള്ള പടവുകള്‍ കയറി. ഇന്ന് പി ടി എ മീറ്റിംഗ് ഉണ്ടെന്ന് സനൂജ പറഞ്ഞിരുന്നു. സെമസ്റ്ററുകള്‍ അവസാനിക്കുക ഇന്നാണ്.

അഭിനയത്തിന്റെ അടുത്തഘട്ടമായ വിവാഹത്തിലേക്കുള്ള കാല്‍‌വെയ്പ്പ് തീരുമാനിക്കുന്നിടത്താണ് തലയ്ക്ക് മുകളില്‍ പല്ലി ഗുളികന്‍ ചിലച്ചതും വാലുമുറിച്ച് താഴെ വീണതും. അവളുടെ വെളുത്ത നിറത്തിന് കാരണം മെലാനിന്റെ കുറവുമാത്രമാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അമ്മയും അമ്മാവനും അംഗീകരിച്ചില്ല. അവളുടെ ജന്മദേശത്തിലുടക്കി കട്ടായം പറഞ്ഞ് അമ്മ ചരല്‍മഴ പൊഴിച്ച് പിളര്‍ന്നുകൊണ്ടിരുന്നു. അമ്മാവന്‍ റാക്കിന്റെ ലഹരിയില്‍ അന്യജില്ലകള്‍ക്കായി മുറവിളികൂട്ടി.

ഞങ്ങള്‍, ഞാനും സനൂജയും ഇപ്പോള്‍ പാടിച്ചാലിലെ കീടനാശിനിക്കടയിലാണ്. അങ്ങോട്ട് കയറുമ്പോള്‍തന്നെ നിരത്തിവെച്ചിരിക്കുന്ന ‘ഇക്കോസള്‍ഫാന്‍’ ടിന്നുകള്‍ കടക്കാരന്‍ ചൂണ്ടിക്കാണിച്ചു.

“മറ്റെല്ലാ കീടനാശിനികളും നിരോധിച്ചു സര്‍...ഇനിമുതല്‍ ഈയൊന്ന് മാത്രമേ വിപണിയിലുള്ളൂ. പതിനായിരം എണ്ണത്തിന് പകരം ഈയൊറ്റൊന്ന് മതി. പരിസ്ഥിതിക്ക് യാതൊരു കോ‍ട്ടവും വരുത്താത്ത തികച്ചും ഇക്കോ ഫ്രണ്ട്‌ലിയായിട്ടുള്ള ഒരു മരുന്നാണ് ഇത്. ധൈര്യമായി മേടിച്ചോളൂ.”

webdunia
PRO
PRO
പെട്ടിക്കടയിലെ മിഠായിഭരണികള്‍ക്കിടയിലിരുന്നാണ് ഞങ്ങള്‍ ഇക്കോസള്‍ഫാന്റെ മൂടി പൊട്ടിച്ചത്. അതില്‍ കുറച്ചെടുത്ത് ഉടന്‍‌തന്നെ ഞാന്‍ സനൂജയുടെ വായിലേക്കൊഴിച്ചു. നിമിഷങ്ങള്‍ക്കകം അവളുടെ നിറം നീലയായി. പിന്നെ അല്പം, തോട്ടിറമ്പിലെ എന്റെ ഈറ്റത്തൈകള്‍ക്ക് മീതെ ഒഴിച്ചു. അവ പൂക്കാതായി. കുറച്ചെടുത്ത് ഞാന്‍ അവളറിയാതെ എന്റെ നെഞ്ചിലെ മാവുകള്‍ക്കും തളിച്ചു. പിന്നെയും ഞങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്, അച്ഛന്റെ കുഴിമാടം നിറയെ അധിനിവേശവൃക്ഷങ്ങള്‍ വളരുന്ന കാലത്തേക്ക്.

Share this Story:

Follow Webdunia malayalam