എ ക്യൂ മെഹ്ദിയുടെ ഭാവനാപ്രപഞ്ചത്തില്‍ വിരിഞ്ഞ ഒരു കഥയിതാ. ഭാരതം സ്വതന്ത്രവായു ശ്വസിക്കാന്‍ ആരംഭിച്ച് നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ കഥ നടന്നതെന്ന് സങ്കല്‍പിക്കാം. ഖദറിന്റെ മൂല്യത്തെ പറ്റി പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഈ കഥയെ ഒരു കൊച്ചുസിസിമയുടെ രൂപത്തിലാക്കാന്‍ ആരെങ്കിലും വരട്ടെയെന്ന് വെബ്‌ദുനിയ പ്രത്യാശിക്കുന്നു.
സാധാരണ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു ആ വൃദ്ധന്‍. മൂന്നാം ക്ലാസ് മുറിയില്‍. ബ്രിട്ടീഷ് റെയില്‍വേയില്‍ അന്ന് മൂന്ന് ക്ലാസുകള്‍ നിലവിലുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരസേനാനി ആയിരുനു ഈ വൃദ്ധന്‍. ബ്രിട്ടീഷ് പാരതന്ത്ര്യത്തിനെതിരെ, നിരന്തരമായി നടത്തിയ പോരാട്ടങ്ങളിലൊന്നില്‍, ഏതോ കലാപരംഗത്ത് വച്ച്, വെള്ളപ്പട്ടാളത്തിന്റെ വെടിയേറ്റ് അദ്ദേഹത്തിന് ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യ, ദേശസ്നേഹിയായ ആ വീരസേനാനിക്ക് സമ്മാനിച്ചത് ഒരു പൊയ്ക്കാലായിരുന്നു.
ആവി എഞ്ചിനുള്ള ഒരു കരിവണ്ടിയിലായിരുന്നു വൃദ്ധന്റെ യാത്ര. ഒരിടത്തരം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി. വൃദ്ധന്‍ വികലാംഗന്‍ ആയിരുന്നുവല്ലോ; ഒരു രോഗിയും. പുലര്‍ച്ചയ്ക്കുതന്നെ തന്റെ യാത്ര ആരംഭിച്ചതിനാല്‍ അദ്ദേഹത്തിന് നന്നേ വിശപ്പുണ്ടായിരുന്നു. ഭക്ഷണ വില്‍പനക്കാരെ തിരഞ്ഞ്, പുറത്ത് പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം കണ്ണും നട്ടിരുന്നു. ഏറ്റവും പിന്നത്തെ ബോഗിയായിരുന്നതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഭക്ഷണവില്‍പനക്കരാരും അവിടെ വന്നെത്തിയില്ല.
പെട്ടെന്നദ്ദേഹം, പ്ലാറ്റ്‌ഫോമിലെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാളെ കൈകാട്ടിവിളിച്ചു. ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി.
“മോനേ, എനിക്ക് നല്ല വിശപ്പുണ്ട്. സ്റ്റാളില്‍ നിന്ന് അല്‍പം ഭക്ഷണം വാങ്ങിത്തരാമോ?”
“തീര്‍ച്ചയായും”, യുവാവ് സന്തോഷപൂര്‍വം തലയാട്ടി. വൃദ്ധന്‍ ഒരു പത്തുരൂപാ നോട്ട് ചെറുപ്പക്കാരന് നല്‍കി. തന്റെ കയ്യില്‍ മറ്റ് ചില്ലറയൊന്നും ഇല്ലെന്ന് ഖേദപൂര്‍വം അറിയിക്കുകയും ചെയ്തു. അരനൂറ്റാണ്ടിന് മുമ്പ് ആ പത്തുരൂപയ്ക്ക് ഇന്നത്തെ 500 രൂപയേക്കാളധികം മൂല്യമുണ്ടായിരുന്നു.
“സാരമില്ല സാര്‍. ഞാന്‍ ചില്ലറ മാറ്റിക്കൊള്ളാം”, യുവാവ് ആള്‍ത്തിരക്കിനിടയില്‍ മറഞ്ഞു.
“ആരായിരുന്നു സാര്‍, ആ ചെറുപ്പക്കാരന്‍? അങ്ങയുടെ ഏതെങ്കിലും ബന്ധു, പരിചയക്കാരന്‍?”, സഹയാത്രികന് അതറിയാന്‍ തിടുക്കമുണ്ടായി.
“ഇല്ല. ഞാനുമായി യാതൊരു മുന്‍പരിചയവുമുള്ള ആളല്ല. ഇതാ ഇപ്പോള്‍, ഇവിടെ വച്ച് ആദ്യമായി കാണുകയാണ്, അയാളെ...”
സഹയാത്രികന്‍ തെല്ലൊരു സഹതാപത്തില്‍, വൃദ്ധന്റെ മുഖത്ത് നോക്കി അമര്‍ത്തിച്ചിരിച്ചു.
അടുത്ത താളില്‍ വായിക്കുക, “ചെറുപ്പക്കാരന്‍ മടങ്ങിയെത്തുമോ?”
അജ്ഞാതനായ ഒരു മനുഷ്യനെ വിശ്വസിച്ച് മോശമല്ലാത്ത തുക ഏല്‍പ്പിച്ചത് വിഡ്ഡിത്തമായിപ്പോയി എന്ന അഭിപ്രായമാണ് സഹയാത്രികനുണ്ടായത്. യുവാവ് തനിക്കുള്ള ഭക്ഷണപ്പൊതിയുമായി മടങ്ങിവരുമെന്ന് വൃദ്ധന്‍ ഉറപ്പായി വിശ്വസിച്ചു.
അയാള്‍, ആ ചെറുപ്പക്കാരന്‍ മടങ്ങിവന്നില്ല. എഞ്ചിന്‍ ചൂളം വിളിച്ചു. ഒരു ഞരക്കത്തോടെ, വണ്ടി മെല്ലെ അനങ്ങിത്തുടങ്ങി.
“സാര്‍, അയാളെ കണ്ടില്ലല്ലോ, ഇതുവരെ...”
സഹയാത്രികന്റെ ഉത്കണ്ഠാഭാവമൊന്നും ഇപ്പോഴും വൃദ്ധനുണ്ടായില്ല. ആ യുവാവ് ഭക്ഷണപ്പൊതിയുമായി ഉടനെത്തുമെന്നുതന്നെ ആ വൃദ്ധന്‍ വിശ്വസിച്ചു.
തീവണ്ടി നീങ്ങിത്തുടങ്ങി. വൃദ്ധന്‍ കാട്ടിയ വിഡ്ഡിത്തമോര്‍ത്ത് മറ്റ് യാത്രക്കാരും അമര്‍ത്തിച്ചിരിക്കവേ, അദ്ദേഹം കണ്ടു. പുറത്ത് പ്ലാറ്റ്‌ഫോമിലൂടെ അതാ, ഒരു ആ ചെറുപ്പക്കാരന്‍ കൈയിലൊരു പൊതിയുമായി ഓടിവരുന്നു. ചലിച്ചുതുടങ്ങിയ ട്രെനിയിനൊപ്പമെത്താന്‍ അയാള്‍ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് പുറത്തേക്ക് നീട്ടിയ വൃദ്ധന്റെ കൈയില്‍ ആ യുവാവ് ഒരു പൊതിയും ഒപ്പം ആ പത്തുരൂപാ നോട്ടും വച്ചുകൊടുത്തു.
“സാര്‍, ഭക്ഷണശാലയില്‍ ചില്ലറയുണ്ടായിരുന്നില്ല. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലും ഞാന്‍ അന്വേഷിച്ചു. കിട്ടിയില്ല. അതാണിത്ര വൈകിപ്പോയത് ക്ഷമിക്കണം....
വണ്ടിയുടെ നീക്കത്തോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ ഓടിയ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
“അപ്പോള്‍ ഭക്ഷണം വാങ്ങാന്‍ താങ്കള്‍ കൊടുത്ത പണം?”, വൃദ്ധന് ആ വിഷയത്തിലായിരുന്നു ഉത്കണ്ഠ.
“സാരമില്ല സാര്‍, അത് എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ വാങ്ങിക്കോളാം...”
ട്രെയിന്‍ വേഗതയാര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു. ഭക്ഷണപ്പൊതിയഴിച്ച് അദ്ദേഹം കഴിക്കാന്‍ തുടങ്ങവേ, സഹയാത്രികന്‍ തീരെ ശബ്ദം താഴ്ത്തി ചോദിച്ചു,
“സാര്‍, അപരിചിതനായ ആ ചെറുപ്പക്കാരന്‍ തീര്‍ച്ചയായും മടങ്ങിവരുമെന്ന് അങ്ങ ഇത്ര ഉറപ്പായി പറയാന്‍ കാരണമെന്താണ്? അയാള്‍ മടങ്ങിവരിക മാത്രമല്ല, സ്വന്തം കൈയില്‍ നിന്നും പൈസയെടുത്ത് അങ്ങേക്ക് ഭക്ഷണം വാങ്ങുക കൂടി ചെയ്തിരിക്കുന്നു...”
“അതോ...”, ആഹാരം കഴിക്കുന്നതിനിടയിലും വൃദ്ധന്‍ മറുപടി പറയാന്‍ തയ്യാറായി. “ആ ചെറുപ്പക്കാരന്‍ ധരിച്ചിരുന്ന വസ്ത്രമെന്തെന്ന് നിങ്ങള്‍ കണ്ടുവോ, ശ്രദ്ധിച്ചുവോ?”
“ഇല്ല, ഞാനത് ശ്രദ്ധിച്ചില്ല, ഓര്‍ക്കുന്നുമില്ല..”
“എങ്കില്‍ സ്നേഹിതാ, അയാള്‍ ധരിച്ചിരുന്നത് ഖദര്‍ വസ്ത്രമായിരുന്നു. അങ്ങനെയൊരാളെയാണ് ഞാന്‍ കൂട്ടത്തില്‍ നിന്ന് തിരഞ്ഞതും!”
വൃദ്ധന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചിരുന്നില്ല. ബോഗിയിലെ മറ്റ് യാത്രക്കാരും വൃദ്ധന്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു.
“ഖാദിവസ്ത്രം വിശ്വസ്തതയുടെ പര്യായമാണ്, മാന്യതയുടെ മുഖമുദ്രയാണ്. അത് ധരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരാളെ വഞ്ചിക്കാനാവുക?”
ബോഗിക്കുള്ളിലെ നിശബ്ദതയ്ക്ക് കനം കൂടി. വണ്ടി, അപ്പോഴും ഓടിക്കൊണ്ടിരുന്നു. അനന്തമായ കാലത്തിലേക്ക്....