Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റയ്ക്കൊരു പക്ഷി

ചന്ദ്രദാസ്

ഒറ്റയ്ക്കൊരു പക്ഷി
, ശനി, 1 ഓഗസ്റ്റ് 2009 (15:21 IST)
PRO
“സ്ഥലം അറിയില്ല. വൈശാഖി തിയേറ്ററിന്‍റെ അടുത്തെവിടെയോ ആണെന്ന് അറിയാം. ഞങ്ങള്‍ ഇവിടെ ആദ്യമായിട്ടാണ്. ഈ വൈശാഖി തിയേറ്ററും ഞങ്ങള്‍ക്കറിയില്ല” - കയറുന്നതിനു മുമ്പേ ഓട്ടോ ഡ്രൈവറോടു പറഞ്ഞു. “അതു സാരമില്ല സാര്‍. തിയേറ്ററും ഈ പറഞ്ഞ ഫ്ലാറ്റും എനിക്കറിയാം. കയറിക്കോളൂ” - ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഡ്രൈവറുടെ ഉറപ്പ്.

ഭാഗ്യം. ഇയാള്‍ക്ക് അറിയില്ലെങ്കില്‍ ചുറ്റിപ്പോയേനേ. സ്വപ്ന നന്നേ ക്ഷീണിതയാണ്. ഈ യാത്ര തന്നെ വേണ്ടിയിരുന്നില്ല എന്ന് അവള്‍ ഇതിനകം പലവട്ടം പറഞ്ഞു കഴിഞ്ഞു. പക്ഷേ, ഇത് ആവശ്യമാണ്. ഇങ്ങനെയൊരു യാത്ര എന്നെങ്കിലും ഉണ്ടാകണമെന്ന് ആശിച്ചിരുന്നു. പോകുമ്പോള്‍ സ്വപ്നയെയും കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. തിരിച്ചറിയുമ്പോള്‍ അമ്മയ്ക്ക് സന്തോഷമാകും.

പക്ഷേ, സ്വപ്നയ്ക്ക് വെറുപ്പാണ്. “നിങ്ങള്‍ടെ അമ്മ ഒളിച്ചോടിപ്പോയതല്ലേ. സുഖം തേടി. ഇത്രേം വര്‍ഷം കഴിഞ്ഞു. മകന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചോ? എങ്ങനെയോ നിങ്ങള്‍ ഒരു കരയെത്തി. ഭാര്യയും കുടുംബവുമൊക്കെയായി. ഇപ്പോള്‍, അമ്മയെക്കുറിച്ച് ഒരു വിവരം കിട്ടിയപ്പോള്‍ അന്വേഷിച്ചു പിടിച്ചു പോകണ്ട ഒരു കാര്യവുമില്ല”

കാര്യമുണ്ട്. നിനക്കത് മനസിലാകില്ല. എന്‍റെ അമ്മയാണ്. ഞാന്‍ ഏറെ സ്നേഹിച്ച അമ്മ. ഒരു ഇരുണ്ട മുറിയില്‍ എന്നെ ഉപേക്ഷിച്ച് ആരുടെയോ ഒപ്പം അമ്മ ഇറങ്ങിപ്പോകുമ്പോള്‍ എനിക്ക് ഏഴു വയസാണ്. അന്നേ തിരിച്ചറിഞ്ഞിരുന്നു. അമ്മ അകന്നു പോയിരിക്കുന്നു. വിഷമം തോന്നിയില്ല. ഒറ്റയ്ക്കു നില്‍ക്കാമെന്ന് ആരോ കരുത്ത് തന്നതു പോലെ.

ഏഴു വയസു മുതല്‍ മുപ്പത് വയസു വരെയുള്ള ഈ ജീവിതം എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നു പോയി? സങ്കടം, ദുരിതം, വിശപ്പ്, കാമം, സന്തോഷം, ഭ്രാന്ത് എല്ല അവസ്ഥകളും കണ്ടു. എല്ലാത്തിനെയും ജയിക്കാനായിരുന്നു ആഗ്രഹം. എല്ലായിടവും ജയിക്കാനാണ് കൊതിച്ചതും. വെട്ടിപ്പിടിച്ചു എല്ലാം. ഒരു പെണ്ണിന്‍റെ സ്നേഹം. ഒരു കുട്ടിയുടെ ‘അച്ഛാ..’ എന്ന വിളി. പണം. കാര്‍. കൊട്ടാരം പോലൊരു വീട്.

പക്ഷേ, അമ്മ എന്നും നെഞ്ചില്‍ എരിഞ്ഞു കത്തി. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടെത്തണം. ‘അമ്മേ’ എന്ന് ഒരിക്കല്‍ കൂടി വിളിക്കണം. അമ്മയോട് ഈ മകന് ദേഷ്യമില്ലെന്നു പറയണം.

ഓട്ടോ ഒരു വളവു തിരിഞ്ഞപ്പോള്‍ സ്വപ്ന മുന്നോട്ടാഞ്ഞു. തല ഇടിച്ചേനെ. എന്തൊരു റോഡാ ഇതെന്ന് അവള്‍ പിറുപിറുത്തു. അവള്‍ അങ്ങനെയാണ്. ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യമാണ് ചെയ്യുന്നതെങ്കില്‍ എല്ലാത്തിനോടും ദേഷ്യമായിരിക്കും. എപ്പോഴും ദേഷ്യം.

ഇതിപ്പോള്‍, ഒപ്പം ജോലി ചെയ്യുന്ന സുകുവിന്‍റെ, നാട്ടിലെ ഫ്ലാറ്റിന്‍റെ പാലുകാച്ചല്‍ ഫംഗ്‌ഷന്‍റെ ഫോട്ടോകള്‍ കണ്ടതാണ് തുടക്കമായത്. അതില്‍ പ്രായമായ ഒരു സ്ത്രീ, അറുപതിനു മേല്‍ പ്രായമുള്ള സ്ത്രീ...അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണുണ്ടായത്. മറക്കാതെ എന്നും മനസില്‍ സൂക്ഷിക്കുന്ന, അമ്മയുടെ മുഖഛായ! അവനോട് അന്വേഷിച്ചപ്പോള്‍ അവനും വലിയ പിടിയില്ല അവരെ. നാട്ടില്‍ വിളിച്ചു ചോദിച്ചാണ് വിവരം അറിഞ്ഞത്. അടുത്ത ഫ്ലാറ്റിലെ വേലക്കാരിത്തള്ളയാണത്രേ. വേലക്കാരിത്തള്ള!

അവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് സുകുവിനോട് പറഞ്ഞപ്പോള്‍ അവനു ചിരി. ഈ വേലക്കാരിയെക്കുറിച്ച്, അതും ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെക്കുറിച്ച് നീയെന്തിന് അറിയണം? - എന്നാണ് അവന്‍റെ സംശയം. തന്‍റെ ഒരു പരിചയക്കാരിയാണോ എന്നു സംശയമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവന്‍ അന്വേഷിക്കാമെന്ന് പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ ഡീറ്റെയില്‍‌സ് തന്നു. സ്വന്തക്കാര്‍ ആരുമില്ലാത്ത ഒരു സ്ത്രീയാണ്. ഭര്‍ത്താവ് മരിച്ചു പോയി. മക്കളില്ല. മൂന്നോ നാലോ മാസമേ ആയിട്ടുള്ളൂ അവിടെയെത്തിയിട്ട്. പേരു പറഞ്ഞപ്പോഴാണ് നടുങ്ങിയത്. മാലതി!

സുകുവിന്‍റെ നാട്ടിലേക്ക് പെട്ടെന്ന് പോകണം, നീയും വരണം എന്നു പറഞ്ഞപ്പോള്‍ സ്വപ്നയ്ക്ക് കാര്യം മനസിലായില്ല. എന്താണ് കാര്യമെന്ന് അവള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞു - നമ്മള്‍ പോകുന്നു. എന്‍റെ അമ്മയെക്കാണാന്‍. മോളെ സുനീതയുടെ വീട്ടില്‍ ഏല്‍പ്പിക്കാം. ഇത്ര ദൂരം യാത്ര ചെയ്താല്‍ അവള്‍ക്ക് ക്ഷീണമാകും.

ഓട്ടോ ഒരു വലിയ കെട്ടിടത്തിന് മുമ്പില്‍ നിന്നു. “ഇതാണ് സാര്‍. ഡാഫോഡില്‍‌സ്.” സ്വപ്ന ഉറങ്ങിപ്പോയിരിക്കുന്നു. അവളെ വിളിച്ചുണര്‍ത്തി, ഇറങ്ങി. പണം കൊടുത്തപ്പോള്‍ ഡ്രൈവര്‍ തിരക്കി - “ഞാന്‍ വെയ്റ്റ് ചെയ്യണോ സാര്‍”.

“വേണ്ട..പൊയ്ക്കോളൂ” - ബാഗും തോളില്‍ തൂക്കി നടന്നു. ഏഴോ എട്ടോ നിലകളുള്ള ഫ്ലാറ്റാണ്. ലിഫ്റ്റ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടി. ‘5 സി’യില്‍ പോകാനാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ലിഫ്റ്റ് കാണിച്ചു തന്നു. “ഞാനിപ്പൊ വീഴുമെന്നാ തോന്നുന്നത്” സ്വപ്ന പറഞ്ഞു. അവളെ ചേര്‍ത്തു പിടിച്ചാണ് ലിഫ്റ്റില്‍ കയറിയത്.

'5 സി’ സുകുവിന്‍റെ ഫ്ലാറ്റാണ്. ‘രമേഷും സ്വപ്നയും വരുന്നു, എല്ലാ സൌകര്യവും ചെയ്തു കൊടുക്കണം’ എന്ന് സുകു അവന്‍റെ അച്ഛനെ വിളിച്ച് ഏല്‍പ്പിച്ചിട്ടുണ്ട്. മാലതി എന്ന സ്ത്രീയെ കാണാനായാണ് വരുന്നതെന്ന് വീട്ടില്‍ പറയേണ്ടെന്ന് സുകുവിനോട് പ്രത്യേകം പറഞ്ഞിരുന്നു.

5 സി കണ്ടെത്തി. അതിന്‍റെ എതിര്‍വശത്തുള്ള ഫ്ലാറ്റ് നമ്പരിലേക്ക് നോക്കി - 5 ഇ. അവിടെയാണ് അമ്മ. അവിടെയാണ് അമ്മ എന്ന വേലക്കാരിത്തള്ള. 5 സിയുടെ ഡോര്‍ ബെല്ലില്‍ അമര്‍ത്താതെ 5 ഇ‌യിലേക്ക് നടന്നു. ബെല്ലില്‍ വിരലമര്‍ത്തി. “അതല്ല സുകുവിന്‍റെ വീട്” എന്ന് സ്വപ്ന ഉറക്കെ പറഞ്ഞപ്പോള്‍ മിണ്ടരുതെന്ന് ആംഗ്യം കാട്ടി.

ഡോര്‍ തുറന്നു വരുന്നത് അമ്മയാണെങ്കില്‍? എന്തു പറയും? ആരാണെന്നു പറയും? ആരെ കാണാനാണെന്നു പറയും? മനസ് വീര്‍ത്തു പൊട്ടാന്‍ തുടങ്ങുന്നതു പോലെ.

ഡോര്‍ തുറന്നു. ഒരു പെണ്‍കുട്ടിയാണ്. “ആരാ” - അവള്‍ തിരക്കി. ഒരു നിമിഷം ഒന്നു ശങ്കിച്ചിട്ട് “മാലതിയമ്മയെ കാണാന്‍” എന്നു പറഞ്ഞു. ആ കുട്ടിക്കു മനസിലാകാത്തതു പോലെ നോക്കി, പിന്നെ തിരിഞ്ഞ് “അച്ഛാ” എന്നു വിളിച്ചു. ഒരു ചെറുപ്പക്കാരന്‍ വാതില്‍ക്കലേക്ക് വന്നു ചോദ്യ ഭാവത്തില്‍ നോക്കി.

“ഇവിടെ ജോലിക്കു നിന്നിരുന്ന മാലതിയമ്മയെ അന്വേഷിച്ചു വന്നതാ”

അയാള്‍ ഒന്നു സൂക്ഷിച്ചു നോക്കി. “ ആ തള്ളയെ കാണുന്നില്ല. ഇന്നലെ വൈകുന്നേരം കടേല്‍ സാധനം വാങ്ങാന്‍ വിട്ടതാ. ഇതുവരെ തിരിച്ചു വന്നില്ല.”

ഉള്ളൊന്നു കാളി. “നിങ്ങള്‍ അന്വേഷിച്ചില്ലേ...?”

“ഓ..ഇതിനെയൊക്കെ എവിടെപ്പോയി അന്വേഷിക്കാനാ..വീടും കുടീമൊന്നുമില്ല...എങ്ങനെയോ ഇവിടെ വന്നു പെട്ടു. മൂന്നാലു മാസം നിന്നു. ഇപ്പോ സാധനം വാങ്ങാന്‍ കൊടുത്ത കാശും കൊണ്ട് എങ്ങോട്ടോ പോയി.”

സ്വപ്നയെ നോക്കി. അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ കഴിയുന്നില്ല. കണ്ണില്‍ നീര്‍ നിറഞ്ഞു തുളുമ്പുന്നു. “അവര് നിങ്ങടെ ആരാ... എവിടുന്നു വരുവാ?” അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ സ്വപ്നയെ ചേര്‍ത്തു പിടിച്ചു നടന്നു. ലിഫ്റ്റില്‍ ഗ്രൌണ്ട് ഫ്ലോര്‍ നമ്പറില്‍ വിരലമര്‍ത്തി.

Share this Story:

Follow Webdunia malayalam