തെരഞ്ഞ് തെരഞ്ഞ് ഭൂഗോളത്തിന്‍റെ അടിയിലെത്തിയപ്പോഴാണ്
തെരയാന്‍ ഇനി ഇടമില്ലല്ലൊ എന്ന് തിരിച്ചറിഞ്ഞത്
തെരയാന്‍ ഇനിയും ഇടങ്ങള്‍ ബാക്കി ഉണ്ടല്ലൊ എന്ന് ഒരു സുഹൃത്ത്
‘ ഗൂഗിള്‍ ’ എന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ
ആറക്ഷരത്തില്‍ ഇടങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്ന്
മറ്റൊരു സുഹൃത്തിന്‍റെ വക്കാലത്ത്.
പെണ്ണു തൊട്ട് മണ്ണു വരെ
മോഹം തൊട്ട് കാമം വരെ
അന്നം തൊട്ട് അറുവാണി വരെ
ഭൂതം മുതല്‍ ഭാവി വരെ
പട്ടികകള്‍ പെരുക്കപ്പട്ടികപോലെ അനന്തമായി നീണ്ടു
പക്ഷെ എനിക്ക് കണ്ടേത്തേണ്ടത് ഇതൊന്നുമല്ലായിരുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മണമുള്ള അമ്മയുടെ സനേഹമായിരുന്നു
എന്‍റെ പൊക്കിള്‍ക്കൊടിയുടെ ഉറവിടം തേടി
ഞാന്‍ ഇപ്പോഴും തെരഞ്ഞുകൊണ്ടേ ഇരിക്കുന്നു.