ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാണ് എല്ലാ മനുഷ്യരും. ആ ജിജ്ഞാസ ആയായിരിക്കാം ഭാവിയറിയാനുള്ള ശാസ്‌ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അവന് പ്രേരണയായതും. ശുഭാപ്‌തി വിശ്വാസത്തോടെയാണ് പലരും ജീവിതത്തെ കാണുന്നതെങ്കിലും ചിലര്‍ നേരെ വിപരീതമായാണ് കാണുന്നത്. ജീവിതത്തില്‍ വലിയ മുള്ളുകള്‍ അഭിമുഖീകരിക്കേണ്ടി വരും എന്ന് പേടിച്ച് ചെറിയ മുള്ളുകളുടെ വേദന സഹിക്കുന്നവര്‍!
എന്റെ ഒരു അമ്മാവനുണ്ടായിരുന്നു. നല്ല മെക്കാനിക്കാണ്. എത്ര കാലപ്പഴക്കം ചെന്ന, പ്രവര്‍ത്തനരഹിതമായ മെഷീനാകട്ടെ അദ്ദേഹത്തിന്റെ കൈ ഒന്നു തൊട്ടാല്‍ മതി പ്രവര്‍ത്തിച്ച് തുടങ്ങും. യന്ത്രങ്ങളുടെ മര്‍മ്മസ്ഥാനമറിയുന്ന ഒരാള്‍. ചെറിയ കമ്പനിയിലായിരുന്നു ജോലി. ഒരിക്കലും അദ്ദേഹം ആ ജോലി ഇഷ്‌ടമായിരുന്നില്ല എങ്കിലും വര്‍ഷങ്ങളോളം അവിടെ തന്നെ തുടര്‍ന്ന് വന്നു. ദിവസവും ജോലി കഴിഞ്ഞെത്തിയാല്‍ അദ്ദേഹം പരാതികളുടെ കെട്ടഴിക്കും. ജോലിസ്ഥലത്തെ വിഷമങ്ങള്‍, ബോസ്സിന്റെ ചീത്ത വിളി, കഠിനമായ ജോലികള്‍ എന്നിങ്ങനെ. പലപ്പോഴും ഇത് കേള്‍ക്കാന്‍ വിധിക്കപ്പെടുന്നത് ഭാര്യയും. ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു, “ഇഷ്ടമില്ലെങ്കില്‍ ജോലി വിട്ടു കൂടെ?” പക്ഷേ അദ്ദേഹം അതിന് തയ്യാറല്ലായിരുന്നു. സൌഹൃദങ്ങള്‍ നഷ്‌ടമാകും എന്ന് പറഞ്ഞ് അദ്ദേഹം ആ ജോലിയില്‍ തന്നെ തുടര്‍ന്നു.
കാലം കടന്നുപോയി അദ്ദേഹത്തിന്റെ പരാതികള്‍ മാത്രം അവസാനിച്ചില്ല. ഇതിനിടയില്‍ കുട്ടികളൊക്കെ വലുതായി. അച്ഛന്റെ പരിഭവങ്ങള്‍ കേട്ട് അവര്‍ ഒരിക്കല്‍ പറഞ്ഞു “അച്ഛന് ഇനി ഈ ജോലി വിട്ടുകൂടെ, നമുക്കിവിടെ തന്നെ എന്തെങ്കിലും തുടങ്ങാം”, പക്ഷേ അതിന് അദ്ദേഹം മറ്റൊരു ന്യായം പറഞ്ഞു, “ഇപ്പോഴില്ല, ഉടനെ ഒരു ശമ്പള പരിഷ്കരണം വരുന്നുണ്ട്, അപ്പോള്‍ കൂടുതല്‍ പൈസയൊക്കെ കിട്ടാന്‍ വഴിയുണ്ട്, അപ്പോ നിങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം തരാനാകും, ഇപ്പോ വേണ്ട.”
കൊല്ലങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി, മക്കളൊക്കെ വിവാഹിതരായി, കൊച്ചുമക്കളായി, പക്ഷെ അപ്പോഴും അദ്ദേഹം പരാതി തുടര്‍ന്നു കൊണ്ടിരുന്നു. ഇതു കെട്ട് കൊച്ചുമക്കള്‍ പറയും “അപ്പൂപ്പാ, ഇപ്പോഴെങ്കിലും ഈ ജോലി വിടൂ, ഇനി വിശ്രമിക്കൂ”, പക്ഷേ അദ്ദേഹം പഴയ നിലപാടില്‍ തന്നെ ഉറച്ച് നിന്നു, “കുറച്ചു കൂടി കഴിയട്ടെ, നല്ല റിട്ടയര്‍മെന്റ് പരിഷ്കാരങ്ങളൊക്കെ വരുന്നുണ്ട്, അപ്പോള്‍ എനിക്ക് നല്ല ഗുണമുണ്ടാവും.”
ഒടുവില്‍ ആ ദിവസം വന്നെത്തി, റിട്ടയര്‍മെന്റ്.. ആ ദിവസം വൈകുന്നേരം അദ്ദേഹം കമ്പനി ഏര്‍പ്പാടാക്കി കൊടുത്ത ഒരു ടാക്സിയില്‍ കുറച്ചു കൂട്ടുകാരുമായി വീട്ടിലെത്തി, കഴുത്തില്‍ ഒരു മാലയും കയ്യില്‍ ഒരു ചെറിയ പാക്കറ്റുമായി. വന്ന ഉടനെ പാക്കറ്റു തന്റെ പത്നിയെ ഏല്പിച്ചു പിന്നെ കസേരയിലിരുന്നു ഗഹനമായ എന്തോ ചിന്തയിലാണ്ടു. തുടര്‍ന്നുള്ള രണ്ടു മൂന്ന് ദിവസങ്ങളിലും അദ്ദേഹം ചിന്താധീനനായി തന്നെ കാണപ്പെട്ടു. അടുത്ത ദിവസം അദ്ദേഹം അതിരാവിലെ തന്നെ തന്റെ മക്കളെ വിളിച്ചുണര്‍ത്തി മുന്‍വശത്ത് വെറുതെ കിടക്കുന്ന സ്ഥലത്തു ഒരു സര്‍വീസ് സ്റ്റേഷന്‍ തുടങ്ങിയാലോ എന്ന് ചോദിച്ചു. മക്കള്‍ക്ക് സമ്മതമായിരുന്നു. അച്ഛന് ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ!
അങ്ങിനെ വളരെ വേഗം തന്നെ അവിടെ ഒരു വര്‍ക്ക് ഷോപ്പ് - സര്‍വീസ് സ്റ്റേഷന്‍ തുടങ്ങി. കഠിന അദ്ധ്വാനം കൊണ്ടു കുറച്ചു കാലത്തിനുള്ളില്‍ തന്നെ അതൊരു വലിയ സംരംഭമായി വളര്‍ന്നു, കുറെ ജോലിക്കാരും കുറെ യന്ത്രങ്ങളും ഒക്കെയായി, ഇപ്പോള്‍ അദ്ദേഹം വളരെ സന്തുഷ്ടനാണ്, ഇപ്പോള്‍ കഠിനമായി പണിയെടുത്താലും ആരോടും പരാതി പറയാറില്ല, ബോസ്സിന്റെ ചീത്ത വാക്കുകളില്ല, സമയ പരിധികളില്ല! കണ്ടാല്‍ തോന്നും അദ്ദേഹം ജീവിതം ഇപ്പോളാണ് ആസ്വദിക്കുന്നതെന്ന്.
ചില ആളുകള്‍ ഇതുപോലെയാണ്. തന്റെ ഉള്ളിന്റെ ഉള്ളില്‍ കഴിവുകളെപ്പറ്റി നല്ല ബോധ്യമുണ്ടെങ്കിലും ചെറിയ ജോലികളില്‍ തന്നെത്തന്നെ തളച്ചിട്ടു എപ്പോളും പരാതി പറഞ്ഞും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും ജീവിതം തള്ളിനീക്കും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവര്‍ കേള്‍ക്കുകയില്ല, പിന്നെ ഒരു ഘട്ടം വരും തീരെ നിവൃത്തിയില്ലാത്ത ഒരു അവസ്ഥ, ഇനി എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് വന്നാല്‍ അവര്‍ സ്വയം മനസിലാക്കും. പിന്നെ പരാതിയില്ല, പരിഭവമില്ല സന്തോഷം, സമാധാനം മാത്രം! മുമ്പു എന്ത് കൊണ്ടിത് ചിന്തിച്ചില്ല എന്നാരെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയായിരിക്കും മറുപടിയായി ലഭിക്കുക.
അമ്മാവന്‍ സ്വന്തം കഴിവ് തിരിച്ചറിയാതെ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തു. ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും ജീവിതത്തെക്കുറിച്ച് പരാതി പറഞ്ഞു കഴിഞ്ഞ് കൂടി. അദ്ദേഹത്തിന് ഒരു നല്ല ജോലി കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും അത് തേടാനുള്ള മനസ്ഥിതിയില്ലാതെ പോയി. അല്ലെങ്കില്‍ വരാനിടയുള്ള വലിയ മുള്ളുകളെ പറ്റി ചിന്തിച്ചു ഒരു ചെറിയ മുള്ളിന്റെ വേദന സഹിച്ചു. പക്ഷെ ഒരു ദിവസം നിവൃത്തിയില്ലാതെ വന്നപ്പോള്‍ മാത്രം ഭാവിയെ എങ്ങിനെ നേരിടാമെന്ന് ചിന്തിച്ചു. ഇങ്ങനെ ഒരു പാടു പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ചെറിയ മുള്ളുകള്‍ അവരെ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ, ചെറിയ മുള്ള് കുടഞ്ഞുകളയാന്‍ ഭാവിയെ പറ്റിയുള്ള ആശങ്കകള്‍ അവരെ സമ്മതിക്കുന്നില്ല.
ഇത് എഴുതുമ്പോള്‍ വേറെ ഒരു കഥ ഓര്‍മ വന്നു. എന്റെ സുഹൃത്തിന്റെ സുഹൃത്തിന് നായ്ക്കളെ വളരെ ഇഷ്ടമായിരുന്നു. അയാള്‍ നായ്ക്കളെ വളര്‍ത്തിയിരുന്നു. ഒരു ദിവസം എന്റെ സുഹൃത്ത് അവിടെ ചെല്ലുമ്പോള്‍ തറയില്‍ വിരിച്ചിരിക്കുന്ന ചവിട്ടിയില്‍ ഒരു നായ കിടക്കുന്നു. അത് ഇടക്കിടെ ചെറുതായി മോങ്ങുന്നുണ്ട്. സുഹൃത്ത് കാരണം ചോദിച്ചു.
“പട്ടി കിടക്കുന്ന മൃദുലമായ ചവിട്ടിയില്‍ ഒരു ആണി പോലെ എന്തോ ഉണ്ട്. അതിന്റെ കുത്തേറ്റിട്ടാണ് പട്ടി മോങ്ങുന്നത്. എങ്കിലും അതിന് എണീക്കാന്‍ ഒരു മടി. എണീറ്റാല്‍ ചവിട്ടി നഷ്ടപ്പെട്ടാലോ? പിന്നെ കല്ലിലും മുള്ളിലും കിടക്കേണ്ടി വന്നാലോ?” അയാള്‍ കാരണം പറഞ്ഞു. അതെ, അതുതന്നെയാണ് കാര്യം - വലിയ വേദന വരുമോ എന്ന് ആശങ്കിച്ച് നമ്മളില്‍ പലരും ചെറിയ വേദന സഹിച്ച് കാലം പോക്കുന്നു!
(നിങ്ങള്‍ക്കും വെബ്‌ദുനിയയില്‍ എഴുതാം - വാര്‍ത്തകള്‍, ലേഖനങ്ങള്‍, കവിത, ചെറുകഥ തുടങ്ങി നിങ്ങളുടെ സൃഷ്‌ടികള്‍ [email protected]t എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുതരിക യൂണീക്കോഡില്‍ മാറ്റര്‍ അയച്ചുതരുവാന്‍ ശ്രദ്ധിക്കുക. ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്ടിന്റെ പേര് അറിയിക്കുക. രചനകള്‍ പ്രസിദ്ധീകരണയോഗ്യമാണോ എന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം വെബ്‌ദുനിയ എഡിറ്റോറിയല്‍ ടീമിനായിരിക്കും. പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തുന്നതായിരിക്കും)