ഒരു ജ്വാല
അത് മഴയെ കീറി മുറിച്ച്
കടലിനെ തിളപ്പിച്ച്
പ്രണയത്തെ തപിപ്പിച്ച്
ചോരയില്‍ ജീവിതമെഴുതി
സൂര്യനില്‍ ലയിച്ചു
ഒരു മഞ്ഞിന്‍ കണം,
അത് ദുഃഖമായുരുകി
അഗ്നിയെ തണുപ്പിച്ച്
മരുഭൂവില്‍ ഒരു ചാലരുവിയായ്
സമുദ്രത്തിന്‍റെ നെഞ്ചില്‍ തൊട്ടു
നീ ഒരേ സമയം
ജ്വാലയും മഞ്ഞുകണവുമായിരുന്നു
നീ പറഞ്ഞത്
ആരും മുമ്പ് പറയാത്തതും
ഏവര്‍ക്കും അറിവുള്ളതുമായിരുന്നു
നിന്‍റെ വാക്കുകള്‍ക്ക്
സ്നേഹം നിറഞ്ഞ തലോടല്‍ പോലെ
ശാന്തത നല്‍കാന്‍ കഴിഞ്ഞിരുന്നു
നീ ഒരു മാന്ത്രികനായിരുന്നു
നിന്‍റെ തൂലിക
മനുഷ്യന്‍റെ ഹൃദയത്തോടു ചേര്‍ന്നു നിന്നു
മണ്ണിന്‍റെ മാറോടും.
നിന്‍റെ മരണവും ഒരു കഥയാണ്
ഒരു തണല്‍മരം പെട്ടെന്ന്
മുറിഞ്ഞ് വീഴും പോലെ
ഒരു അമ്മക്കിളി
കൂടൊഴിയും പോലെ
ഒരു ഇളം കാറ്റില്‍
അകന്നു പോകുന്ന തൂവല്‍ പോലെ.
(ലോഹിതദാസിന് സമര്‍പ്പണം)