Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ കാര്‍ഡ്

വിമീഷ് മണിയൂര്‍

റേഷന്‍ കാര്‍ഡ്
, ഞായര്‍, 10 മെയ് 2009 (16:18 IST)
WDWD
വീടിന്റെ
രജിസ്റ്റര്‍ ചെയ്ത
ജാതകം.

തൊഴിലിന്റെ ജാതിയും
കുടുംബത്തിന്റെ നീളവും പറഞ്ഞ്
ദാരിദ്ര്യത്തിന് ട്യൂഷന്‍ തന്നവന്‍.

എന്നിട്ടും
പ്രിയമായിരുന്ന അരിയെ മറന്ന്
ഗോതമ്പുമായി മടങ്ങുമ്പോള്‍
കാര്‍ഡിന് പിന്നില്‍
എഴുതി ചേര്‍ക്കും ‘50ക’
‘ക’ ഞങ്ങളുടെ കടമായിരുന്നു.

ഒടുക്കം
പരീക്ഷാ മണ്ണെണ്ണയില്‍
അമ്മ കത്തിത്തീരുംവരെ
നിറയാത്ത കളങ്ങളിലെ
കണ്ണീരുമായ്
ആശുപത്രിയില്‍
പഞ്ചായത്തില്‍
വില്ലേജ് ആപ്പീസില്‍
ഞങ്ങളൊരുമിച്ചുപോയി.


അതില്‍ പിന്നെ
റേഷന്‍ കാര്‍ഡ് കാണുമ്പോള്‍
പേടിയാണ്
ഇറയാത്ത കളങ്ങളുമായവന്‍
തിന്നാന്‍ വരും പോലെ
മേല്‍‌വിലാസം കാട്ടി
അനാഥനാക്കും പോലെ


എങ്കിലും
ചിലപ്പോഴൊക്കെ
നെഞ്ചോട് ചേര്‍ക്കാറുണ്ട്
കണ്ണീര്‍ തേച്ച്
മിനുക്കാറുണ്ട്.

Share this Story:

Follow Webdunia malayalam