Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യകാമന്‍ - കഥ

സൂര്യകാമന്‍ - കഥ
, വ്യാഴം, 28 മെയ് 2009 (12:03 IST)
വളരെ പണ്ടൊന്നുമല്ല, എന്നാല്‍ അത്ര അടുത്ത കാലത്തുമല്ല.

WDWD
ഒരല്‍പം പടിഞ്ഞാട്ടുനടന്ന്‌, ആനപ്പറമ്പും കുഞ്ഞുപറിഞ്ചുവിന്റെ പെട്ടിപ്പീടികയും കഴിഞ്ഞ്‌, ചാരായം മുക്ക്‌ തിരിഞ്ഞ്‌, ഇറ്റാമന്റെ ഏറേത്തൊക്കെ നോക്കി, വേലിക്കിലിരിക്കുന്ന പാച്ചേടത്തിയെ ഒരു വെട്ട്‌ വെട്ടി, കുട്ടന്മാരോട്‌ കുശലം പറഞ്ഞ്‌, ലൂവീസ്‌ തെങ്ങേല്‍ നിന്ന്‌ വീണ്‌, കിണറിലെ സ്ഫടികജ-ലത്തിന്റെ അഗാധതകളിലൂടെ അനന്തതയിലേക്ക്‌ വിലയം കൊണ്ട കവുങ്ങിന്‍ നിബിഢതയാല്‍ പകലും ഇരുട്ട്‌ വീഴുന്ന തോപ്പ്‌ താണ്ടി, വയലിലൂടെ തെക്കോട്ട്‌ നീങ്ങി, വള്ളച്ചാലിന്റെ അരുപറ്റുന്ന തെങ്ങും, കവുങ്ങും നോക്കിക്കൊണ്ട്‌, നെറ്റിയില്‍ വെള്ളിപ്പൂവുള്ള വെള്ളിപ്പരലിന്റെ ഓട്ടവും നോക്കി, താഴ്‌ന്ന കണ്ടത്തിന്റെ തകര്‍ന്ന വരമ്പോരത്ത്‌ കുനുകുനാ മുളച്ച ഓടത്തണ്ടും പൊട്ടിച്ച്‌, അലക്ഷ്യമായി വീശി, ഊതിയൂതി കാച്ചിപ്പഴുത്ത പൊന്ന്‌ പോലെ അകലെ ഭൂതങ്ങളുടെ പാതാളമുള്ള കുന്നുകള്‍ക്ക്‌ മുകളില്‍ സൂര്യന്‍ സിന്ദൂരക്കുറിയാവുമ്പോള്‍, ആളും മനുഷ്യനും ഇല്ലാത്ത നെടുനീളന്‍ വയല്‍പ്പരപ്പിന്റെ രണ്ടറ്റത്തുമുള്ള ഭഗവതിക്കാവും, വട്ടക്കോവില്‍ പെരുമാളും അന്യോന്യം പന്തം മാറാനുള്ള ത്രിസന്ധ്യ തീണ്ടിയ നേരത്ത്‌, ഭഗവതിക്കാവിന്റെ ഊട്ടുപുരയുടെ പിന്നിലെ ചരല്‍പ്പായ ഒരു ചത്വരത്തില്‍ വിളക്കുകാലില്‍ കോണിചാരി, അതില്‍ക്കയറി ചെറു കണ്ണാടിക്കൂട്‌ തുറന്ന്‌, ചിമ്മിനിക്കുപ്പി എടുത്ത്‌ തുടച്ച്‌ ചിമ്മിനിയില്‍ മണ്ണെണ്ണ ഒഴിച്ച്‌, നാട്ട്‌ വിളക്ക്‌ കൊളുത്തി, ചിമ്മിനിയിട്ട്‌ തിരുകി, കണ്ണാടിക്കൂട്‌ അടച്ച്‌, താഴെയിറങ്ങി, കോണി താഴെവെച്ച്‌, ഒട്ടൊന്ന്‌ തലപൊക്കിനോക്കി, കൊളുത്തിവച്ച്‌ വിളക്ക്‌ കണ്ട്‌, കുളവും കാവും കണ്ട്‌, ആലമഠം ചുറ്റി, കാല്‍പാദങ്ങളില്‍ കുളിരുകോരുന്ന എടവഴിയാറ്റില്‍ നടന്ന്‌, ഭൂമിയുടെ അങ്ങേചെരുവിലേക്ക്‌ നെരങ്ങിയിരിക്കുന്ന ചരല്‍പ്പാതയിലെ ഇരുട്ടുകീറി ഒരാള്‍ പോയിരുന്നു, ഒരു നാട്ടില്‍, നാടിന്റെ വിളക്കായി.


ഏഴടിപ്പൊക്കം, അരക്കാല്‍ സറായി, കൈമുട്ട്‌ കവിഞ്ഞു കിടക്കുന്ന അരക്കയ്യുള്ള ഷര്‍ട്ട്‌, തടിച്ചുരുണ്ട കൈകാലുകള്‍, നീണ്ടുരുണ്ടുചുരുണ്ട തലമുടി, അരിമീശ, കൈവിരിച്ചു നിന്നാല്‍ മലയോളം അളവ്‌, നിവര്‍ന്നുനിന്നാലാലോളം കിളരം, ചിരിച്ചാല്‍ സൂര്യന്‍, പറഞ്ഞാല്‍ മധുരം, ഒരു പുതുവിത്ത്‌ നാടാകെ വീശാന്‍ സ്വയമിറങ്ങിയ മനുഷ്യരൂപന്‍, എവിടെയും കാണാം, എങ്ങും ഓടിയെത്തും, ആപത്തില്‍ ആദ്യം, ഊട്ടുവിരുന്നില്‍ ആദ്യാവസാനം, നാടെങ്ങും എപ്പോഴും വരും പറയുന്ന ആള്‍രൂപം.

പറയാന്‍ പാടില്ലെന്ന്‌ തമ്പുരാന്‍ കല്‍പ്പിച്ചാല്‍ അതേ പറയൂ എന്ന്‌ ശഠിക്കുന്നവന്‍, നാട്ടുകാരെ അത്‌ പറയാന്‍ പഠിപ്പിക്കുന്നവന്‍, നാടെങ്ങും പാഞ്ഞ്‌ പാഞ്ഞെത്തുന്നവന്‍, കയറ്റിക്കെട്ടാന്‍ പാടില്ലെന്ന്‌ തമ്പുരാന്‍ നിരോധിച്ചത്‌ ഉയര്‍ത്തിക്കെട്ടുന്നവന്‍, അത്‌ ഹൃദയങ്ങളിലേക്ക്‌ ആവഹിച്ച്‌ നല്‍കിയ കൊടിക്കാരന്‍, അവന്‍ വിതച്ചത്‌ ആകെ മുളച്ചു. മുളച്ച്‌ പൊന്തിയേടത്ത്‌ ആകെ പടര്‍ന്നു. പടര്‍ന്ന്‌ വളര്‍ന്ന്‌, കനം വന്ന കട, കയ്യെത്താത്ത തായ്ത്തടി,. ആകാശം മറച്ച്‌ പടര്‍ന്ന തലപ്പുകള്‍. അവന്റെ രാത്രികളില്‍ ആലോചനകളുടെ തീഷ്ണരേഖകള്‍. അവന്‌ കൂട്ടായി വര്‍ണ്ണം തിരിച്ചറിഞ്ഞ അവര്‍ണ്ണരും. സവര്‍ണ്ണരും. അവനത്താഴം അവര്‍ കൊടുത്തു. അവന്‌ പാനം ചെയ്യാന്‍ അവര്‍ നല്‍കി.

അവനെ പിടിക്കാന്‍ തമ്പുരാന്റെ കല്‍പ്പനകള്‍. അവന്റെ തലയ്ക്ക്‌ വിലവെച്ച പരസ്യങ്ങള്‍. മതിലുകളില്‍, പീടികക്കോലായില്‍, അഞ്ചലാപ്പീസില്‍, റാക്കുകടകളില്‍. റാക്കുകടകളിലെ പരസ്യത്തിന്‌ പ്രലോഭനമുണ്ടായി. അവിടെ നിന്ന്‌ അവന്റെ സങ്കേതത്തിലേക്ക്‌ വഴി തെളിഞ്ഞു. ബൂട്ടുകള്‍ വെടിയുണ്ടകള്‍ പോലെ കുന്നുകള്‍ കേറിയിറങ്ങി. പാറയിടുക്കുകള്‍ കിടിലംകൊണ്ടു. അവന്‍ പക്ഷേ, ബൂട്ടുകളുടെ കൂട്ടസ്വനമെത്തുംമുമ്പേ സൂര്യന്റെ കൈപിടിച്ച്‌, നക്ഷത്രങ്ങളിലൂടെ യാത്രകൊണ്ടു. ബൂട്ടുകള്‍ പന്നികളെപ്പോലെ മണ്ണില്‍ തേഞ്ഞുതീര്‍ന്നു.

Share this Story:

Follow Webdunia malayalam