ബീഫ് ഫ്രൈ സൂപ്പറാകണോ ?; എങ്കില്‍ പച്ച കുരുമുളകും തേങ്ങാക്കൊത്തും വെച്ചൊരു പ്രത്യേകതരം കൂട്ടുണ്ട്
ബീഫ് ഫ്രൈ സൂപ്പറാകണോ ?; എങ്കില്‍ പച്ച കുരുമുളകും തേങ്ങാക്കൊത്തും വെച്ചൊരു പ്രത്യേകതരം കൂട്ടുണ്ട്
വിവാദങ്ങള്‍ എത്രയുണ്ടെങ്കിലും മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ് ബീഫ്. വളരെ വേഗത്തില്‍ തയ്യാറാക്കാം എന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത. ചോറിനെന്ന പോലെ അപ്പം, കപ്പ, ചപ്പാത്തി, പൊറോട്ട, പുട്ട്, ബ്രഡ് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ ഒന്നാണ് ബീഫ് ഫ്രൈ.
എത്ര പരീക്ഷണങ്ങള്‍ നടത്തിയിട്ടും ബീഫ് ഫ്രൈയ്‌ക്ക് രുചി പോരെന്ന പരാതി പലരും ഉയര്‍ത്തുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി ഈ പ്രശ്‌നം പരിഹരിക്കാന്‍. വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ പരിക്ഷിച്ചാല്‍ മാത്രം മതിയാകും.
എണ്ണയില്‍ തേങ്ങാക്കൊത്തിട്ട് ഫ്രൈ ചെയ്‌ത ശേഷം അതിലേക്ക് മസാലകള്‍ ചേര്‍ത്താല്‍ രുചി വര്‍ദ്ധിക്കും. തേങ്ങാക്കൊത്തിന്റെ രുചി ഫ്രൈ ചെയ്യുന്ന എണ്ണയിലേക്കും മസാലയിലേക്കും ചേരുന്നതോടെ നല്ല മണവും സ്വാദും ലഭിക്കും. തേങ്ങാക്കൊത്ത് കട്ടി കുറച്ചു മാത്രമെ മുറിച്ചെടുക്കാവൂ. തേങ്ങാക്കൊത്ത് കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഫ്രൈ ചെയ്യുന്നതിനിടെ കുരുമുളക് പൊടി വിതറിയാല്‍ രുചി ഇരട്ടിയാകും. പച്ച കുരുമുളക് ചതച്ചിട്ട ശേഷം ഫ്രൈ ചെയ്‌താല്‍ ആരെയും കൊതിപ്പിക്കുന്ന വ്യത്യസ്ഥമായ രുചി ലഭിക്കും. പൊടി ചേര്‍ക്കുന്നതിലും നല്ലത് പച്ച കുരുമുളക് ചതച്ച് ചേര്‍ക്കുന്നതാണ്.
ബീഫ് ഫ്രൈയില്‍ ചിലര്‍ തക്കാളി ചെറുതായി അരിഞ്ഞു ചേര്‍ക്കാറുണ്ട്. ഇങ്ങനെ ചേര്‍ക്കുന്ന തക്കാളി കൂടുതല്‍ പഴുത്തത് ആകരുത്. ഫ്രൈയിലിട്ട് തക്കാളി അധികം ഇളക്കിയാല്‍ ഇതിലെ നീര് ഫ്രൈയിലേക്ക് ഇറങ്ങി മധുരം ചുവയ്‌ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫ്രൈയില്‍ ഇളക്കുമ്പോള്‍ തക്കാളി ഉടയാതെ ശ്രദ്ധിക്കണം.