Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍

പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍
പാചകം ചെയ്യുന്നതിലെ അശ്രദ്ധമൂലം ഭക്ഷ്യവിഭവങ്ങളിലെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാം. ഇത് ഭക്ഷണം കൂടുതല്‍ പാകം ചെയ്യുന്നതിലൂടെയും കുറച്ചു വേവിക്കുന്നതിലൂടെയും സംഭവിക്കാം.

എന്നാല്‍ അല്‍പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പോഷകമൂല്യം നഷ്ടപ്പെടുത്താതെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കും. പാചകകലയെ അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ പ്രയോജനപ്പെടുത്തുമ്പോഴാണ് പാചകം പോഷക മൂല്യമുള്ളതും രുചികരവുമായിത്തീരുക. പോഷകാംശം നഷ്ടപ്പെടുത്താതെ ഭക്ഷണം പാകം ചെയ്യാനുള്ള ചില വഴികള്‍ ഇതാ

പച്ചക്കറികള്‍ 10-15 മിനുട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. പച്ചക്കറികള്‍ മുറിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കരുത്. പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിക്കുന്നത് പോഷകമൂല്യം നഷ്ടമാക്കും.

പച്ചക്കറികള്‍ അധികം വേവിക്കരുത്. സാവധാനം എരിയുന്ന തീയില്‍ വേവിക്കുന്നതാണ് ഉത്തമം. പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.

വേഗം ചീത്തയാകുന്ന പച്ചക്കറികളും പഴങ്ങളും ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.

അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.

Share this Story:

Follow Webdunia malayalam