കൊവിഡ് വ്യാപനം അതിരൂക്ഷമായി നേരിടുന്ന കർണാടകയിൽ കുട്ടികൾക്കിടയിൽ കൊവിഡ് പടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. രണ്ട് മാസത്തിനിടെ 9 വയസിന് താഴെയുള്ള 40,000 കുട്ടികൾക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ പ്രതിദിനം 30,000ത്തിന് മുകളിൽ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾക്കിടയിലുള്ള കൊവിഡ് വ്യാപനമാണ് ആശങ്ക സൃഷ്ടിക്കുന്നത്. മാർച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് രണ്ടുമാസത്തിനിടെ കുട്ടികൾക്ക് ഇടയിലുണ്ടായ കൊവിഡ് സ്ഥിരീകരണം.
പത്തിനും 19നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷത്തിനും മുകളിലുള്ള കുട്ടികൾക്കാണ് കഴിഞ്ഞ രണ്ട് മാസത്തിൽ രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ച് മാർച്ച് 18 വരെ 27,841 കുട്ടികൾക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പത്തിനും 19നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 65,551 ആയിരുന്നു. മാർച്ച് 18 വരെ 28 കുഞ്ഞുങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചതെങ്കിൽ മെയ് 15 വരെ 15 കുട്ടികൾ കൊവിഡ് ബാധിച്ച് മരിച്ചതായി കണക്കുകൾ പറയുന്നു.