ദക്ഷിണ കര്‍ണാടകയിലെ മംഗളൂരുവിലാണ് കോവിഡ് രോഗിയില്‍ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്നെത്തിയ ഒരു യാത്രികന്റെ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ഇയാളില്‍ രോഗത്തിനു കാരണമായ വൈറസിന്റെ ശ്രേണി ഏതാണെന്ന് അറിയാന്‍ സ്രവ സാംപിളുകള്‍ പ്രത്യേക പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലം വന്നപ്പോഴാണ് എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എറ്റ അഥവാ B.1.525 എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്. മാര്‍ച്ച് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 23 രാജ്യങ്ങളിലാണ് എറ്റ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 2020 ഡിസംബറില്‍ യുകെയിലും നൈജീരിയയിലുമാണ് ആദ്യ എറ്റ വകഭേദം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ എറ്റ വകഭേദത്തിന്റെ സാന്നിധ്യം ശക്തമാണെന്നാണ് പഠനം.
നിലവിലെ പഠനങ്ങള്‍ അനുസരിച്ച് എറ്റ വകഭേദം വലിയ ആശങ്ക സൃഷ്ടിക്കുന്നില്ല. എന്നാല്‍, യുകെയില്‍ ഈ വകഭേദത്തെ കുറിച്ച് പഠനങ്ങള്‍ നടന്നു വരികയാണ്. ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്' എന്ന ഗണത്തിലാണ് ഈ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കൂടുതല്‍ പഠനത്തിന്റെ വെളിച്ചത്തില്‍ അത് ആശങ്ക ഉയര്‍ത്തുന്ന കോവിഡ് വകഭേദത്തിന്റെ പട്ടികയില്‍ ഇടം നേടാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. ഇതിനകം കണ്ടെത്തിയ ചില കോവിഡ് വകഭേദങ്ങളുടേതിന് സമാനമായ ജനിതകമാറ്റങ്ങളാണ് എറ്റ വകഭേദത്തിലും ഉള്ളതെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ രവി ഗുപ്ത ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.