എന്തുകൊണ്ട് ഇന്ത്യക്ക് ശ്രീ വേണ്ട?
, തിങ്കള്‍, 17 ജനുവരി 2011 (15:29 IST)
ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കടുത്ത നിരാശ. ശ്രീശാന്തിന് ടീമിലിടം നല്‍കാത്തത് കേരളം കാത്തുകാത്തിരുന്ന് ഐപിഎല്‍ ടീം സ്വന്തമാക്കിയ സന്തോഷത്തെ പോലും തല്ലിക്കെടുത്തിയിരിക്കുകയാണ്. നമ്മുടെ ക്രിക്കറ്റ് പടയില്‍ നിന്ന് സഹീര്‍ ഖാനെ മാറ്റി നിര്‍ത്തിയാല്‍ നിലവില്‍ ഇന്ത്യയിലെ മികച്ച പേസ് ബൌളറായ ശ്രീശാന്തിനെ ഉള്‍പ്പെടുത്താതിരുന്നതിന് ന്യായീകരണം എന്താണ്?കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശ്രീശാന്തിന്റെ ശൌര്യവും പ്രഫഷണലിസവും നാം കണ്ടതാണ്. അഞ്ചു വിക്കറ്റെടുത്ത് ഇന്ത്യക്ക് വിജയപാതയൊരിക്കിയത് കേരളത്തിന്റെ ശ്രീയാണ്. മികച്ച ഫോമിലുള്ള ശ്രീശാന്തിനെ ഒഴിവാക്കിയതിന് ഇന്ത്യന്‍ ടീം വന്‍വില നല്‍കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.ഇന്ത്യയില്‍ ഇപ്പോഴുള്ള ബൌളര്‍മാരില്‍ മികച്ച പ്രതിഭയുള്ള താരമാണ് ശ്രീയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. വിക്കറ്റ് വീഴ്ത്തുന്നതിലും കൃത്യമായി പന്തെറിയുന്നതിലും ശ്രീയുടെ മികവ് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അനുകൂലസാഹചര്യം ഒത്തുവന്നാല്‍ മത്സരം സ്വന്തമാക്കാന്‍ ശ്രീക്കുള്ള കഴിവും നാം കണ്ടതാണ്.ശ്രീശാന്തിന് പകരം ടീമിലെടുത്തിരിക്കുന്നത് ആശിഷ് നെഹ്രയെയാണ്. പക്ഷേ, രാജ്യാന്തരക്രിക്കറ്റില്‍ കുറച്ച് കാലമായി മികച്ച പ്രകടനത്തിന്റെ പിന്‍ബലമില്ലാത്ത താരമാണ് നെഹ്ര. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിനെ ഒഴിവാക്കി വേണോ നെഹ്രയെ ടീമിലെടുക്കേണ്ടത് എന്ന ചോദ്യം ഉയരുന്നത്. മൂന്ന് സ്പിന്നര്‍മാരെ ടീമിലെടുക്കാന്‍ വേണ്ടിയാണ് ശ്രീയെ ഒഴിവാക്കിയതെന്നും ന്യായീകരണമുണ്ടായേക്കാം. പക്ഷേ, ശ്രീശാന്തിന്റെ നിലവിലെ ഫോം പരിഗണിക്കാതെയാണ് ഈ തെരഞ്ഞെടുപ്പ് എന്നു വേണം കരുതാന്‍.ശ്രീശാന്തിന്റെ ബൌളിംഗ് പ്രകടനത്തിലുപരിയായി സ്വഭാവമാണോ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണമെന്ന് സംശയമുയര്‍ന്നാലും അതിശയിക്കാനില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഗ്രെയിം സ്മിത്തിനെതിരെ ശ്രീ തട്ടിക്കയറിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.ഈ സംഭവത്തില്‍ ക്യാപ്റ്റന്‍ ധോണി ശ്രീശാന്തിനെ കര്‍ശനഭാഷയില്‍ ശാസിക്കുകയും ചെയ്തിരുന്നു. ശ്രീയുടെ സ്വഭാവമല്ല പ്രശ്നമെങ്കില്‍ ഫോമും പ്രശ്നമായിരിക്കില്ല. ഈ സമയത്ത് അദ്ദേഹത്തെ ഒഴിവാക്കിയതിനുള്ള കാരണം ഒരു ദക്ഷിണേന്ത്യന്‍ താരമായതുകൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Follow Webdunia malayalam