Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്ഗെയ്ന്‍ ഉറങ്ങി, വിമാനം പോയി !

മക്ഗെയ്ന്‍ ഉറങ്ങി, വിമാനം പോയി !
PRO
അല്പം കൂടുതല്‍ ഉറങ്ങിപ്പോയതിന്‍റെ പേരില്‍ ഓസീസ് സ്പിന്നര്‍ ബ്രൈസ് മക്ഗെയിന്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും. കാരണം വൈകി ഉണര്‍ന്നത് മൂലം മക്ഗെയിന് നഷ്ടപ്പെട്ടത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിച്ച ഓസീസ് ടീമിന്‍റെ വിമാനമാണ്.

  മക്ഗെയിന്‍റെ അബദ്ധമറിഞ്ഞ ഓസ്ട്രേലിയക്കാര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയാണ്. കാരണം മത്സരത്തിന്‍റെ തലേന്നാണ് മക്ഗെയിന്‍ ഇങ്ങനെ ഉറങ്ങിപ്പോയതെങ്കിലോ?      
തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു ഓസീസ് ടീമിന് ദക്ഷിണാഫ്രിക്കയിലേക്കുള്ള വിമാനം. യാത്രതിരിക്കാന്‍ സമയമായപ്പോഴാണ് മക്ഗെയിന്‍ എത്തിയിട്ടില്ലെന്ന് കൂടെയുള്ളവര്‍ ഓര്‍ത്തത്. മക്ഗെയിനാ‍കട്ടെ ദക്ഷിണാഫ്രിക്കന്‍ പര്യടനമൊക്കെ മറന്ന് നല്ല ഉഗ്രന്‍ ഉറക്കത്തിലും.

ഒടുവില്‍, കൂട്ടുകാരനായ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് മക്ഗെയിനെ നേരിട്ടുവിളിക്കാന്‍ തീരുമാനിച്ചു. ഈ മൊബൈല്‍ റിംഗ് കേട്ടുകൊണ്ടാണ് മക്ഗെയിന്‍ ഉണര്‍ന്നതു തന്നെ. ഉറക്കച്ചടവ് വിട്ട് എഴുന്നേറ്റപ്പോഴാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ചും വിമാനത്തെക്കുറിച്ചുമൊക്കെ മക്ഗെയിന് ഓര്‍മ്മ വന്നത്.

ഓടിപ്പിടിച്ച് വിമാനത്താവളത്തിലെത്തിയെങ്കിലും സഹപ്രവര്‍ത്തകരേയും കൊണ്ടു വിമാനം ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചിരുന്നു. ഏതായാലും മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വിമാനത്തില്‍ മക്ഗെയിന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തി. നിരുത്തരവാദപരമായ പെരുമാറ്റത്തിന് ഓസീസ് ടീം മാനേജ്മെന്‍റ് മക്ഗെയിനെ പിടികൂടാനിരിക്കുകയാണെന്നാണ് വിവരം.

മക്ഗെയിന്‍റെ അബദ്ധമറിഞ്ഞ ഓസ്ട്രേലിയക്കാര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയാണ്. കാരണം മത്സരത്തിന്‍റെ തലേന്നാണ് മക്ഗെയിന്‍ ഇങ്ങനെ ഉറങ്ങിപ്പോയതെങ്കിലോ? അതും ഓസീസ് ക്രിക്കറ്റിനൊപ്പം കഷ്ടകാലം ഫ്ലെഡ് ലൈറ്റുമായി നടക്കുന്ന ഈ സമയത്ത്. ഒന്നുറപ്പിക്കാം, ഇനി വിദേശപര്യടനത്തിന് പുറപ്പെടുന്നതിന്‍റെ തലേന്ന് ഒരു പക്ഷെ മക്ഗെയിന്‍ ഉറങ്ങിയില്ലെന്ന് തന്നെ വരും..

Share this Story:

Follow Webdunia malayalam