ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു ആഘോമാക്കി മാറ്റിയ സച്ചിന്, ദ്രാവിഡ്, ഗാംഗുലി ത്രയങ്ങളില്‍ നിന്നും ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പര അവസാനിക്കുന്നതോടെ ഗ്യാലറികളെ ത്രസിപ്പിച്ച ‘ഓഫ് സൈഡിലെ ദൈവം’ കളിക്കളത്തോട് ടാറ്റാ പറയും.
ക്രിക്കറ്റിനെ യുവതയുടെ ഹരമാക്കി മാറ്റുന്നതില്‍ ബംഗാള്‍ കടുവയുടെ പങ്ക് നിസ്സാരമല്ല. സ്വന്തം മണ്ണിലും വിദേശ മണ്ണിലും ബാറ്റില്‍ തീപ്പൊരി ചിതറിക്കുന്ന മുന്‍ നായകന്റെ കൂറ്റന്‍ സിക്സറുകളും ബൌണ്ടറികളും ക്രിക്കറ്റിന്റെ സുവര്‍ണ്ണ ലിപികളില്‍ എന്നെന്നും തിളങ്ങി നില്ക്കും.
കപില്‍ ദേവിന്റെ ചെകുത്താന്മാരുടെയോ ധോനിയുടെ യുവഇന്ത്യയുടേയോ വമ്പന്‍ നേട്ടം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചതിലൂടെ അതിനു തൊട്ടു താഴത്തെ സ്ഥാനം സൌരവിനു അവകാശപ്പെടാം. ഇംഗ്ലണ്ടില്‍ നടന്ന ലോകപ്പില്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി ഇല്ലായിരുന്നു എങ്കില്‍ ഗാംഗുലിയുടെ പെരുമ മറ്റൊന്നാകുമായിരുന്നു.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകന് വ്യത്യസ്തനാകുന്നത് ശക്തമായ നിലപാടുകളുടെ പേരിലാണ്. യുവതാരങ്ങള്‍ക്കായി കടും പിടുത്തം തന്നെ നടത്തിയ ദാദ ഇന്ത്യന്‍ ക്രിക്കറ്റിനെ മെച്ചപ്പെടുത്താല്‍ എടുത്ത ഈഗോകള്‍ എങ്ങനെ വിമര്‍ശിക്കപ്പെട്ടാലും ഇപ്പോഴത്തെ ഫലത്തില്‍ ശരിയാണെന്നും വരുന്നു. യുവ ഇന്ത്യ ഇപ്പോള്‍ നടത്തുന്ന നേട്ടങ്ങള്‍ക്ക് അടിത്തറയിടാന്‍ കഴിഞ്ഞു എന്നതാണ് സൌരവിന്റെ പെരുമ.
ഓഫ് സൈഡില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ഗാംഗുലി ഏകദിനത്തില്‍ 311 കളികളില്‍ നിന്നായി 41. 02 ശരാശരിയില്‍ 11,363 റണ്‍സ് അടിച്ചുകൂട്ടി. 22 സെഞ്ച്വറികളും 72 അര്‍ദ്ധ ശതകങ്ങളും 100 വിക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും. 6 റണ്‍സ് നല്കി വീഴ്ത്തിയ അഞ്ച് വിക്കറ്റാണ് മികച്ച പ്രകടനം.
ടെസ്റ്റില്‍ 109 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 180 ഇന്നിംഗ്സുകളില്‍ നിന്നായി 41.74 ശരാശരിയില്‍ അടിച്ചു കൂട്ടിയത് 6,888 റണ്‍സ്. ഇതില്‍ 15 ശതകവും 35 അര്‍ദ്ധ ശതകവും പെടും. മൊത്തം 32 വിക്കറ്റുകള്‍ നേടിയതില്‍ 28 ന് 3 എന്നതാണ് മികച്ച പ്രകടനം. എന്നാല്‍ ഗാംഗുലിയുടെ ഏറ്റവും മികച്ച നേട്ടം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലാണ്. 237 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്ന് 14, 540 റണ്‍സ് കുറിച്ചിട്ടുണ്ട്.
അസ്ഹറുദ്ദീന്, കപില്‍, ശ്രീകാന്ത്, സിദ്ധു തുടങ്ങിയ മഹാരഥന്മാര് വാഴുന്ന ഇന്ത്യന്‍ ടീമിനായി സൌരവ് ആദ്യമായി ബാറ്റ് ഏന്തുന്നത് 1992 ജനുവരി 11 ന് വിന്‍ഡീസിനെതിരെ ബ്രിസ്ബേനില്‍ നടന്ന ഏകദിനത്തില്‍ ആയിരുന്നു. മൂന്ന് റണ്‍സായിരുന്നു സമ്പാദ്യം കമിന്‍സിന്റെ ബൌളിംഗില്‍ എല്‍ ബി ഡബ്ല്യൂ.
ടെസ്റ്റില്‍ കളിക്കാന്‍ പിന്നെയും നാല് വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു. 1996 ജൂണ്‍ 20 ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ 131 റണ്‍സ് എടുത്ത ഗാംഗുലി മുല്ലാലിക്ക് മുന്നില്‍ കീഴടങ്ങി. ബംഗാള്‍ കടുവയുടെ ദിനങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ നായകനായതോടെ യഥാര്‍ത്ഥ നായകനായി മാറുകയായിരുന്നു ഗാംഗുലി. അസ്ഹറുദ്ദീന്, സച്ചിന് തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒരു ഭാരമായി ഭവിച്ചപ്പോഴാണ് ഒരു മാറ്റത്തിനായി ഗാംഗുലിയിലേക്ക് നായക പദവി എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതൊരു മാറ്റത്തിനു തുടക്കമായിരുന്നു.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം സ്വന്തമാക്കിയ നായകനാകാന്‍ ഗാംഗുലിക്ക് അധികകാലം വേണ്ടി വന്നില്ല. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി 21 വിജയം ക്യപ്റ്റനെന്ന നിലയില്‍ നേടി. ഇത് ദേശീയ റെക്കോഡാണ്.ഒത്തുകളി വിവാദവുമായി ഇന്ത്യന്‍ ക്രിക്കറ്റ് മോശം കാലത്തിലൂടെ പോകുമ്പോഴായിരുന്നു 2000 ല്‍ ഗാംഗുലിക്കു കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ആദ്യ കളിക്കിറങ്ങുന്നത്.
ആധുനിക കാലത്തിന് അനുയോജ്യമായ തലത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിയ ത്രയങ്ങളിലെ നിര്‍ണ്ണായക കണ്ണിയാണ് ഗാംഗുലി. ഒരു പക്ഷേ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഇടം കയ്യന്‍ ബാറ്റ്സ്മാന്.
ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ത്ഥ ഹീറോമാരില് ഒരാളായ ഗാംഗുലിക്ക് കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്നത് പക്ഷേ ട്വന്റി 20 മത്സരങ്ങളില്‍ മാത്രമായിരുന്നു. ഏതു ക്രിക്കറ്റിനും അനുയോജ്യമായി ബാറ്റ് ചെയ്യുന്ന ഗാംഗുലി ട്വന്റിയില്‍ പരിചയം കണ്ടെത്തിയത് ഐ പി എല്ലിലെ മത്സരങ്ങളില്‍ ആയിരുന്നു. ക്ലബ്ബു തലത്തിലും രാജ്യാന്തര തലത്തിലുമായി 31 മത്സരങ്ങളില്‍ നേടിയത് 726 റണ്‍സാണ്. 25 വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യന്‍ ക്രിക്കറ്റിനെ യഥാര്‍ത്ഥ സ്പിരിറ്റിലേക്ക് ഉയര്‍ത്തിയ വിജയങ്ങളില്‍ ആകാശത്തേക്ക് ജേഴ്സി ഊരിയെറിയുന്ന കളത്തില്‍ കളിക്കാര്‍ക്ക് ആവേശം പകരുന്ന ഗാംഗുലിയുടെ ക്രിക്കറ്റ് പക്ഷേ ഇവിടെ അവസാനിക്കുന്നില്ല. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ഗാംഗുലി.
Follow Webdunia malayalam