ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ഞെട്ടലിലാണ് ടീം ഇന്ത്യ. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് വിരാട് കോഹ്‌ലിയും സംഘവും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഈ കനത്ത തോല്‍വിക്ക് ഒരു വലിയ കാരണമുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ അഭാവമാണത്.
ഹിറ്റ്‌മാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഈ ഏകദിന പരമ്പര നേടുമായിരുന്നു എന്നുവിശ്വസിക്കുന്ന വലിയൊരു ശതമാനം പേര്‍ ലോകത്തുണ്ട്. രോഹിത് ശര്‍മയ്ക്ക് പകരം ആരെ കൊണ്ടുവന്നാലും അതൊന്നും രോഹിത് ശര്‍മയ്ക്ക് പകരമാകില്ല എന്ന തിരിച്ചറിവാണ് ഈ പരമ്പര നല്‍കുന്നത്.
ഈ പരമ്പരയില്‍ ഉടനീളം ഓപ്പണിംഗ് സഖ്യം പരാജയപ്പെട്ടു. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നുള്ള സഖ്യത്തിന് മൂന്ന് കളികളിലും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. പൃഥ്വി ഷാ പ്രതിഭയുടെ മിന്നലാട്ടം കാണിച്ചെങ്കിലും ലോംഗ് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടെങ്കിലും ഇവരൊന്നും രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരാകില്ല.
എതിര്‍ടീമിനെ ഒറ്റയ്ക്ക് തച്ചുടയ്ക്കാന്‍ പോന്ന പ്രഹരശേഷിയാണ് രോഹിത് ശര്‍മയുടെ കരുത്ത്. വീരേന്ദര്‍ സേവാഗില്‍ നിന്ന് ആ കരുത്ത് രോഹിത് ശര്‍മ്മയ്ക്ക് പകര്‍ന്നുകിട്ടി. രോഹിത്തിന്‍റെ അസാന്നിധ്യത്തില്‍ സ്ഫോടനാത്‌മകമായ തുടക്കം നല്‍കാന്‍ മറ്റൊരാള്‍ ടീമിലില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വെടിക്കെട്ട് തുടക്കം മാത്രമല്ല രോഹിത് ശര്‍മയുടെ പ്രത്യേകത. ആവശ്യം വന്നാല്‍ അമ്പതോവറും നിറഞ്ഞുകളിക്കാനും ഇരട്ട സെഞ്ച്വറി വരെ സ്വന്തമാക്കാനും പോന്ന പ്രതിഭയാണ് രോഹിത്. അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കില്‍ ഈ പരമ്പരയുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് പറയുന്നതിന്‍റെ കാരണവും അതുതന്നെ.