Rohit Sharma: ടൈമിങ്ങില്‍ വെല്ലാന്‍ ആളില്ല, ഷോട്ട് ബോള്‍കള്‍ക്കെതിരെ ദ ബെസ്റ്റ്, എന്നിട്ടും ടെസ്റ്റില്‍ രോഹിത്തിന്റേത് ആവറേജ് കരിയര്‍, വിദേശത്ത് തിളങ്ങിയത് ഒരിക്കല്‍ മാത്രം
ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 40.6 ശരാശരിയില്‍ 4301 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
ക്രിക്കറ്റിലെ ലേസി എലഗന്‍സ് എന്നൊരു പദം ഉപയോഗിക്കുകയാണെങ്കില്‍ അത് ഏറ്റവും ചേരുക രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഇന്ത്യയുടെ ഹിറ്റ്മാനാകും. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിരാട് കോലി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ചെറുപ്പത്തില്‍ രോഹിതിന്റെ കളി കണ്ടിട്ടുണ്ടോ, അവനെ പോലെ കളിക്കണം എന്നെല്ലാം ആളുകള്‍ പറയുമ്പോള്‍ കരുതിയിട്ടുണ്ട്. എന്ത് വലിയ രോഹിത് ശര്‍മ എന്നൊക്കെ. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ മനസിലായി. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇവനെങ്ങനെ ഷോട്ട് കളിക്കാന്‍ ഇത്രയും സമയം കിട്ടുന്നു. അതായിരുന്നു രോഹിത് എന്ന പ്രതിഭയുടെ അടയാളം.
പരിശീലനം ചെയ്ത് ചെത്തിമിനുക്കിയ വിരാട് കോലി എന്ന കഠിനാധ്വാനിയുടെ വിപരീതമായാണ് രോഹിത്തിനെ ക്രിക്കറ്റ് ലോകം കണ്ടത്. എല്ലാ തരത്തിലുള്ള ഷോട്ടുകളും അവ കളിക്കാന്‍ മറ്റ് കളിക്കാര്‍ക്കുള്ളതിലും കൂടുതല്‍ സമയവും കൈവശമുള്ള അല്പം അലസനായ ടാലന്റ്. ടി20 ക്രിക്കറ്റിലും ഏകദിനത്തിലും രോഹിത്തിന്റെ പ്രതിഭ നീതികാണിച്ചെങ്കില്‍ ടെസ്റ്റില്‍ രോഹിത് ശര്‍മ കരിയര്‍ അവസാനിക്കുമ്പോള്‍ ഒരു ശരാശരി ടെസ്റ്റ് ബാറ്റര്‍ മാത്രമാണ്. 2013ല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 40.6 ശരാശരിയില്‍ 4301 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
ഏകദിനത്തിലും ടി20 ക്രിക്കറ്റിലും രോഹിത് വിസ്മയം തീര്‍ക്കുമ്പോഴും ബൗളര്‍മാര്‍ക്കെതിരെ എല്ലാവിധ ഷോട്ടുകളും കൈവശമുണ്ടായിട്ടും ടെസ്റ്റ് ഫോര്‍മാറ്റ് ക്രാക്ക് ചെയ്യുന്നതില്‍ രോഹിത് പരാജയപ്പെട്ടു. 2013ല്‍ 4 കളികളില്‍ നിന്നും 66 റണ്‍സ് ശരാശരിയില്‍ 333 റണ്‍സ് നേടാനായെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ 26.33, 25.07 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. 2018 വരെയും ടീമില്‍ പലപ്പോഴും വന്ന് പോകുന്ന താരം മാത്രമായി രോഹിത് മാറി.
2019ലാണ് ഒരു ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ രോഹിത് റീ ലോഞ്ച് ചെയ്യപ്പെടുന്നത്.5 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 92.66 ശരാശരിയില്‍556 റണ്‍സാണ് താരം അടിച്ചെടുത്തത്. അപ്പോഴും ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം തിളങ്ങുന്ന താരമെന്ന നാണക്കേട് രോഹിത്തിനുണ്ടായിരുന്നു. കൊറോണ തിന്ന് തീര്‍ത്ത 2020ന് ശേഷം 2021ല്‍ രോഹിത് തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു രോഹിത്തായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇംഗ്ലണ്ട് പിച്ചുകളില്‍ രോഹിത്തിനെ പിടിച്ചുകെട്ടാന്‍ പേസര്‍മാര്‍ പാടുപെട്ടു. വിദേശപിച്ചുകളിലും തിളങ്ങാന്‍ തനിക്കാവുമെന്ന് രോഹിത് തെളിയിച്ചു.
11 മത്സരങ്ങളില്‍ നിന്നും 47.68 ശരാശരിയില്‍ 906 റണ്‍സാണ് താരം അടിച്ചെടുത്തത്. 2023ല്‍ 8 കളികളില്‍ 41.92 ശരാശരിയില്‍ 545 റണ്‍സുമായി താരം തിലങ്ങി. 2024ല്‍ 14 മത്സരങ്ങളില്‍ നിന്നും 24.76 ശരാശരിയില്‍ 619 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലടക്കം നിരാശപ്പെടുത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് വിമര്‍ശകരും അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കല്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ലെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയതോടെയാണ് രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനം.
ടെസ്റ്റ് കരിയറില്‍ ഇന്ത്യയില്‍ കളിച്ച 34 ടെസ്റ്റുകളില്‍ നിന്നും 51.73 ശരാശരിയില്‍ 2535 റണ്‍സാണ് രോഹിത്തിനുള്ളത്. 10 സെഞ്ചുറികളും 8 അര്‍ധസെഞ്ചുറികളും ഇതില്‍ അടങ്ങുന്നു. അതേസമയം 31 എവേ മത്സരങ്ങളില്‍ നിന്നും 31.01 ശരാശരിയില്‍ 1644 റണ്‍സ് മാത്രമാണ് രോഹിത്തിനുള്ളത്. 2 സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും താരം വിദേശത്ത് നേടിയിട്ടുണ്ട്.