യുവരാജ് സിംഗ് കളത്തിലുണ്ടെങ്കില്‍ പിന്നെ ഇന്ത്യയുടെ ജയത്തേപ്പറ്റി അധികം ആശങ്കകളുടെയൊന്നും ആവശ്യമില്ല. അത് എക്കാലത്തും അങ്ങനെയായിരുന്നു. ഇപ്പോഴും യുവരാജിന്‍റെ പേര് കേട്ടാല്‍ തന്നെ ആരാധകര്‍ ഒന്ന് അലര്‍ട്ട് ആകും. എന്ത് വാര്‍ത്തയാണ് യുവരാജുമായി ബന്ധപ്പെട്ട് വരുന്നതെന്നുള്ള ക്യൂരിയോസിറ്റിയാണ് അത്. അദ്ദേഹം സെഞ്ച്വറി അടിച്ചതാണോ, തുടര്‍ച്ചയായി സിക്സര്‍ പറത്തിയതാണോ, എതിര്‍ടീമിനെ തന്‍റെ ബാറ്റിംഗ് കരുത്താല്‍ തകര്‍ത്ത് തരിപ്പണമാക്കിയതാണോ എന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ആഭ്യന്തരക്രിക്കറ്റിലെ ഒരു വാര്‍ത്തയിലൂടെയാണ് യുവരാജ് സിംഗിന്‍റെ പേര് വീണ്ടും ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. മാലിയില്‍ നടന്ന ഒരു സൌഹൃദമത്സരത്തില്‍ അസാധാരണമായ ഒരു പ്രകടനം കാഴ്ചവച്ചാണ് യുവരാജ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയും മാല്‍ദ്വീവ്‌സ് ക്രിക്കറ്റ് ടീമുമായി നടന്ന മത്സരത്തിനിടെയാണ് യുവരാജ് വിശ്വരൂപം കാട്ടിയത്.
സ്വീപ്പ് ഷോട്ടില്‍ സിക്സര്‍ പറത്തുന്നത് നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ സാധാരണയായി ചെയ്യാറുള്ളതാണല്ലോ. എന്നാല്‍ ഇവിടെ യുവരാജ് സിംഗ് റിവേഴ്‌സ് സ്വീപ്പിലൂടെ സിക്സര്‍ പറത്തിയാണ് ഞെട്ടിച്ചിരിക്കുന്നത്. റിവേഴ്‌സ് സ്വീപ്പ് അല്‍പ്പം പാളിയാല്‍ വിക്കറ്റ് തെറിക്കുമെന്ന് ഉറപ്പാണ്. അവിടെയാണ് ബോള്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വളരെ കൃത്യതയോടെയുള്ള ഒരു പൊസിഷന്‍ ചേഞ്ചിലൂടെ റിവേഴ്സ് സ്വീപ്പ് ചെയ്ത് യുവരാജ് ബോള്‍ ഗാലറിയിലെത്തിച്ചത്.
ആ പടുകൂറ്റന്‍ സിക്സറില്‍ സ്റ്റേഡിയമാകെ ഇളകിമറിഞ്ഞു. കളി കാണാനെത്തിയവരില്‍ പലരും ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു ഷോട്ട് തന്നെ കണ്ടിട്ടുണ്ടാവുക. എന്തായാലും ഈ പ്രകടനം യുവരാജ് ആരാധകരെ പുതിയ ആവേശത്തിലാക്കിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍.
യുവരാജ് ടീമിലെത്തിയാല്‍ വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ സിക്സര്‍ വീരന്‍ രോഹിത് ശര്‍മയോ ധോണിയോ ആയിരിക്കില്ലെന്നും അത് യുവരാജ് സിംഗ് ആയിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.