Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ നക്ഷത്ര വിജയം

ഇന്ത്യയുടെ നക്ഷത്ര വിജയം
പെര്‍ത്ത് ടെസ്റ്റ് , ശനി, 19 ജനുവരി 2008 (18:29 IST)
UNIFILE

വിദേശപിച്ചുകളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാലു വിറക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പരിഹസിക്കാറുണ്ട്. ഇതിനു പുറമെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കായികക്ഷമതയും കുറവാണെന്ന് അവര്‍ ആക്ഷേപിക്കുന്നു.

ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലത്ത് കായികക്ഷമതക്കായി ശ്രീനാഥ് ഇടക്കാലത്ത് മാംസം തിന്നു തുടങ്ങിയെന്ന് മാധ്യമങ്ങള്‍ അല്‍പ്പം പരിഹാസത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവസാന നിമിഷം പോരാട്ടം നടത്തുന്നവരാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ലോകത്തിലെ ഏത് പിച്ചിലും പോരാട്ടം നടത്തുവാന്‍ കഴിയുന്നവര്‍ .

സ്‌പിന്നിന്‍റെ ബാലപാഠം മാത്രം അറിയാവുന്ന ആള്‍ പോലും എറിഞ്ഞാല്‍ വിക്കറ്റ് നേടാവുന്നതാണ് ഇന്ത്യയിലെ വിക്കറ്റുകള്‍. പരിതാപകരമായ പിച്ചുകളിലാണ് നമ്മുടെ രജ്ഞി താരങ്ങള്‍ കളിച്ചു വളരുന്നത്. സ്പോട്ട് വിക്കറ്റുകള്‍ക്കായി കളി വിദഗ്‌ധര്‍ ശബ്‌ദമുയര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി .പക്ഷെ ബി.സി.സി.ഐ മേലാളന്‍‌മാര്‍ ഇതുവരെ ഇത് മുഖവിലക്കെടുത്തിട്ടില്ല. അതിനാല്‍ വേഗതയേറിയ പിച്ചുകളില്‍ കളിച്ചിട്ടുള്ള പരിചയം ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ കുറവാണ്.

വ്യക്തിപരമായി ചില നേട്ടങ്ങള്‍ വിദേശത്ത് ഇന്ത്യന്‍ താരങ്ങള്‍ നേടാറുണ്ടെങ്കിലും വേഗതയേറിയ പിച്ച് ഇന്ത്യക്ക് എന്നും വിലങ്ങ് തടിയാവാറാണ് പതിവ്. എന്നാല്‍, പെര്‍ത്തിലെ വേഗതയേറിയ പിച്ചില്‍ ഇന്ത്യ ടീമെന്ന നിലയില്‍ ഒത്തിണക്കം കാണിച്ചു. അതോടെ വിജയദേവത ഇന്ത്യയെ കടാക്ഷിച്ചു.

പരീക്ഷണങ്ങള്‍ ചെയ്യുവാനുള്ള മനസ്സാണ് വിജയം കൊണ്ടു വരിക. 53 ടെസ്റ്റുകളില്‍ നിന്ന് വെറും 14 വിക്കറ്റുകള്‍ നേടിയ സെവാഗ് അത്രമികച്ച ബൌളറൊന്നുമല്ല. എന്നാല്‍, കുംബ്ലെ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച് പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ബൌളിങ്ങിനായി പന്ത് കൊടുത്തു. അതില്‍ ഫലം കണ്ടു. അദ്ദേഹം രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്തു.

പയ്യനായ ഇഷാന്ത് ശര്‍മ്മമുതല്‍ കാരണവന്‍‌മാരായ തെണ്ടുല്‍ക്കര്‍ ലക്ഷ്‌മണന്‍ എന്നിവര്‍ വരെ മികച്ച രീതിയില്‍ കളിച്ചു. കൈവശമുള്ള പ്രതിഭകളെ ശരിയായി വിനിയോഗിക്കുവാന്‍ നായകന്‍ കുംബ്ലെക്ക് കഴിഞ്ഞു.

പതിനേഴാം ടെസ്റ്റ് വിജയം നേടിയുള്ള പോണ്ടിംഗിന്‍റെ പ്രയാണം അതോടെ നീലപ്പടക്കു മുമ്പില്‍ അവസാനിച്ചു. മുറിവേറ്റാല്‍ സാധാരണഗതിയില്‍ കംഗാരുക്കളാണ് വീര്യം പ്രകടിപ്പിക്കാറ്. എന്നാല്‍, ഈയിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീര്യം കൂടി തുടങ്ങിയിരിക്കുന്നു.

ബക്‍നറുടെ കൊള്ളരുതായ്‌മകള്‍, ക്ലാര്‍ക്കിന്‍റെ തെറിവിളി എല്ലാം ഇന്ത്യയുടെ പോര്‍ വീര്യം ഉയര്‍ത്തി. ഇതിനെല്ലാം പുറമെ ചന്തയില്‍ ചുമട് എടുക്കുന്ന തൊഴിലാളിയും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് പോഗ്രാം നിര്‍മ്മിക്കുന്ന പ്രൊഫഷണലിന്‍റെയും പ്രാര്‍ത്ഥന പെര്‍ത്തില്‍ ഇന്ത്യക്ക് വിജയിക്കുന്നതിനുള്ള കരുത്ത് നല്‍കി

ഓരോ ഓവറിലും ഓരോ റണ്‍ അധികം നല്‍കുന്ന ഇന്ത്യയുടെ സമീപനത്തെ ചാപ്പല്‍ ഒരിക്കല്‍ കളിയാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഓരോ റണ്ണും വിലപ്പെട്ടതാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അതിന്‍റെ പ്രതിഫലനം പെര്‍ത്ത് ടെസ്റ്റില്‍ കാണാമായിരുന്നു.


Share this Story:

Follow Webdunia malayalam