Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്‌ക്ക് തിരിച്ചു വരവ് പാട്

ഇന്ത്യയ്‌ക്ക് തിരിച്ചു വരവ് പാട്
FILEFILE

കഴിഞ്ഞ പത്ര സമ്മേളനത്തില്‍ ഓസ്ട്രേലിയയുടെ തന്ത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഓസീസ് നായകന്‍ പോണ്ടിംഗ് നടത്തിയ മറുപടി ശ്രദ്ധേയമാണ്. കളിയില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ എന്താണ് എന്നതിനേക്കാള്‍ തങ്ങള്‍ പദ്ധതിയിടുന്ന തന്ത്രങ്ങള്‍ കളത്തില്‍ നടപ്പാകുന്നുണ്ടോ എന്നു മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് ആയിരുന്നു കംഗാരു നായകന്‍റെ അഭിപ്രായം. സംഭവം സത്യം വഡോദരയില്‍ പദ്ധതിയിട്ടതെല്ലാം ഓസ്ട്രേലിയ നടപ്പിലാക്കുകയും ചെയ്തു.

വഡോദരയിലെ മത്സരം ഒരു ഫൈനല്‍ പോലെയാണ് കരുതിയതെന്ന ഓസീസ് നായകന്‍റെ പ്രസ്താവന അക്ഷരം പ്രതി സത്യമായിരുന്നെന്ന് മത്സരത്തിലെ പ്രകടനം തെളിയിക്കുന്നു. ടോസ് മാത്രമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത് ബാക്കിയെല്ലാം ഓസ്ട്രേലിയയുടെ കൈകളിലായിരുന്നു. ഏഴു മത്സരങ്ങളുടെ പരമ്പരയിലെ മഴ കൊണ്ടു പോയ മത്സരത്തിനു ശേഷം ഇന്ത്യയ്‌ക്ക് തിരിച്ചു വരാന്‍ അവസരം നല്‍കാതിരുന്ന ഓസീസ് അടുത്ത മത്സരം കൂടി ജയിച്ചാല്‍ പരമ്പര കയ്യിലാക്കും.

അഞ്ചാമത്തെ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടി തിരിച്ചു വന്ന ഓസ്‌ട്രേലിയ എന്തു കൊണ്ടാണ് തങ്ങള്‍ ലോക ചാമ്പ്യന്‍‌മാരായതെന്ന് വ്യക്തമായ തെളിവാണ് നല്‍കിയത്. ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചുവരാന്‍ ഇന്ത്യയ്‌ക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വരും. ശേഷിക്കുന്ന രണ്ടു മത്സരം ജയിക്കാനായാലെ പരമ്പര സമനിലയില്‍ എങ്കിലും എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയൂ. കഴിഞ്ഞ മത്സരത്തില്‍ ആതിഥേയരെ 40 ഓവറുകളില്‍ 148 റണ്‍സിനു പുറത്താക്കിയ ഓസീസ് ഇന്ത്യയുടെ ഓവറുകള്‍ പകുതിയായപ്പോള്‍ തന്നെ വിജയം പിടിച്ചെടുത്തു.

മത്സരത്തില്‍ പ്രധാനമായും മുഴച്ചു നിന്നത് സ്വിംഗ് ബൌളിംഗിനെ നേരിടാനുള്ള ഇന്ത്യയുടെ ദൌര്‍ബല്യമാണ്. മിച്ചല്‍ ജോണ്‍സണ്‍ സ്വിംഗ് ബൌളിംഗിനെ നേരിടാനാകാതെ പരാജയപ്പെട്ടത് മികച്ച ഫുട് വര്‍ക്കുകള്‍ ഉണ്ടെന്നു നാം അഭിമാനിക്കുന്ന ബാറ്റ്‌സ്‌മാന്‍‌മാരാണെന്നതാണ് കഷ്ടം. മെച്ചപ്പെട്ട ബാറ്റിംഗ് നടത്തിയ സച്ചിനാകട്ടെ നാനൂറാം മത്സരം മറക്കാനാകും ശ്രമിക്കുക.

മറിച്ച് ഓസ്ട്രേലിയയെ നോക്കിയാല്‍ കളിയോടുള്ള സമീപനത്തിലെ വ്യത്യാസം മനസ്സിലാക്കാനാകും. ചണ്ഡീഗഡില്‍ കാണിച്ച പിഴവുകള്‍ ഒരിക്കല്‍ പോലും ഓസ്‌ട്രേലിയന്‍ ബൌളര്‍മാര്‍ ആവര്‍ത്തിച്ചില്ല. മികച്ച ഫീല്‍ഡിംഗിനൊപ്പം മികച്ച ബൌളിംഗ് കൂടി കെട്ടഴിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ ഒന്നാകെ കൂടാരം കയറി. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്കാകട്ടെ ഒരിക്കല്‍ പോലും ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് ഒട്ടു കഴിഞ്ഞുമില്ല.

അടുത്ത മത്സര വേദിയായ നാഗ്പൂരിലും ഇന്ത്യയെ കാത്തിരിക്കുന്നത് ദൌര്‍ഭാഗ്യങ്ങളാണ്. ഓസ്ട്രെലിയന്‍ ബൌളിംഗിനെ തുണയ്‌ക്കുന്ന തരത്തിലുള്ള പിച്ചാണിത്. പേസും ബൌണ്‍സും കൂടുതലുള്ള ഈ പിച്ചിലാണ് 2004 ലെ ഗവാസ്ക്കര്‍-ബോര്‍ഡര്‍ ട്രോഫിയില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 1999 ല്‍ പിച്ച് പുതുക്കിപ്പണിയുന്നതിനു മുമ്പ് ഇവിടെ വന്‍ സ്കോറുകള്‍ ഉണ്ടായിട്ടില്ല. മൊത്തം 13 ഏകദിനങ്ങള്‍ നടന്നതില്‍ ഒമ്പതെണ്ണവും നടന്നത് പിച്ചിന്‍റെ പുനര്‍ നിര്‍മ്മാണത്തിനു മുമ്പായിരുന്നു. അതില്‍ ഒരെണ്ണം മാത്രമാണ് 300 ലേക്ക് സ്കോര്‍ എത്തിയത്.

പുതിയതായി നിര്‍മ്മിച്ചതിനു ശേഷം നാലു മത്സരങ്ങള്‍ മാത്രമാണ് നടന്നത്. അതില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയമായിരുന്നു. മൂന്നു മത്സരങ്ങളില്‍ ആദ്യം ബാറ്റു ചെയ്‌‌തപ്പോള്‍ വമ്പന്‍ സ്കോര്‍ പിറന്നു. എന്നാല്‍ എത്ര സ്കോര്‍ ചെയ്‌‌താലും ഓസ്‌ട്രേലിയയാണ് എതിരാളികളെന്നതാണ്. മൂന്നു മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ ജയിച്ചു നില്‍ക്കുന്ന ഓസീസ് ഈ മത്സരങ്ങള്‍ കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയേക്കാനിടയില്ല.

Share this Story:

Follow Webdunia malayalam