Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോച്ച് വിവാദം തീരുന്നില്ല

കോച്ച് വിവാദം തീരുന്നില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ചായി ഡേവ് വാട്ട്‌മോറിനെ നിയമിക്കാന്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് മുന്‍ ക്യാപറ്റന്‍ കപില്‍ ദേവിന്‍റെ രൂക്ഷ വിമര്‍ശനം. ടീമിന്‍റെ പുതിയ കോച്ചിനെ ബി സി സി ഐ തിങ്കളാഴച്ച പ്രഖ്യാപിക്കാനിരിക്കെയാണ് മുന്‍ നായകന്‍ ഈ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഒരിക്കല്‍ പോലും വാട്ട്‌മോറിനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് എങ്ങനെ അദ്ദേഹത്തിന്‍റെ പേര്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയുമെന്നാണ് കപിലിന്‍റെ ചോദ്യം.താരങ്ങളുടെ ഈ നിലപാട് ബി സി സി ഐ കോച്ചിനെ കണ്ടത്താന്‍ നിയമിച്ച സമിതിയുടെ പ്രസക്തി ഇല്ലാതെയാക്കിയെന്നും കപില്‍ അഭിപ്രായപ്പെടുന്നു.ഒരു വാര്‍ത്താ ചാനിലിനോട് സംസാരിക്കവേയാണ് കപില്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഇന്ത്യന്‍ ടീമിന് വിദേശ കോച്ച് വേണ്ട എന്ന നിലപാടാണ് കപിലിനും മറ്റ് പല മുന്‍ കളിക്കാര്‍ക്കുമുള്ളത്.ഈ രീതിയിലാണ് കാര്യങ്ങളെങ്കില്‍ നാളെ ഒരു കാലത്ത് സച്ചിനും,ലക്ഷ്മണും,ദ്രാവിഡും,സൌരവും ഒക്കെ ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്ക് അതിനുള്ള അവസരം ലഭികില്ലെന്നും കപില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍പ് ഇന്ത്യന്‍ കോച്ചിന്‍റെ ചുമതല വഹിച്ചിട്ടുള്ള മദന്‍ലാല്‍,അന്‍ശുമാന്‍ ഗെയ്ക്‍‌‌‌‌‌‌‌വാദ് എന്നിവരും കപിലിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.ബി സി സി ഐ സമതിയില്‍ അംഗമായ മുന്‍ നായകന്‍ സുനില്‍ ഗവാസക്കറിനും ഇന്ത്യക്ക് വിദേശ കോച്ച് വേണ്ട എന്ന് നിലപാടാണുള്ളത്.

എന്നാല്‍ തിങ്കളാഴ്ച ബാംഗ്ലൂരില്‍ ഈ സമിതി യോഗം ചേരുമ്പോള്‍ വാട്ട്‌മോറിന് തന്നെയാകും പ്രഥമ പരിഗണന ലഭിക്കുകയെന്നാണ് സൂചന.മിന്‍ ഇന്ത്യന്‍ നായകന്‍ ഗുണ്ടപ്പ വിശ്വനാഥ്,മുന്‍ സൌത്ത് ആഫ്രിക്കന്‍ കോച്ച് ഗ്രഹാം ഫോര്‍ഡ് എന്നിവരേയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ബി സി സി ഐ പ്രസിഡന്‍റ് ശരദ് പവാറിന്‍റെ അധ്യക്ഷതയിലുള്ള ഏഴംഗ സമതിയില്‍ മുന്‍ ക്യാപറ്റന്‍മാരായ എസ് വെങ്കിട്ടരാഘവന്‍,രവിശാസ്ത്രി എന്നിവരും അംഗങ്ങളാണ്.ബോര്‍ഡ് സെക്രട്ടറി നിരഞ്ജന്‍ ഷാ,ജോയിന്‍റ് സെക്രട്ടറി എം പി പണ്ഡൊവെ,ട്രഷറര്‍ എന്‍ ശ്രീനിവാസന്‍ എന്നിവരാണ് സമതിയിലെ മറ്റംഗങ്ങള്‍.

Share this Story:

Follow Webdunia malayalam