Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാംഗുലിയുടെ വഴിയേ ദ്രാവിഡും

സാജു തോമസ്

ഗാംഗുലിയുടെ വഴിയേ ദ്രാവിഡും
PTI
'കളിക്കുക അല്ലെങ്കില്‍ പുറത്തുപോകുക' എന്ന നയമുളള ബി.സി.സി.ഐയും, സെലക്ഷന്‍ കമ്മിറ്റിയും, പ്രകടനം മാത്രം നോക്കുന്ന പുതിയ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും, ഒരു ഇരയെ കാത്തിരിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് എന്നേ വിധിയെഴുതിയേനെ രാഹുല്‍ ദ്രാവിഡിനു പകരം മറ്റൊരാളായിരുന്നെങ്കില്‍.

ഇത്രയ്ക്ക് റണ്‍ ദാരിദ്ര്യം നേരിരിടുന്ന ദ്രാവിഡിന്‍റെ സ്ഥാനത്ത് സചിന്‍ തെന്‍ഡുല്‍ക്കറായിരുന്നെങ്കില്‍ പോലും ഇതിനകം നടപടി ഉണ്ടായേനെ. പക്ഷേ ദ്രാവിഡിന്‍റെ കാര്യത്തില്‍ മാത്രം എല്ലാവരും മിതത്വം പാലിച്ചു, ദ്രാവിഡിന്‍റെ കളിയും ജീവിതവും പോലെ.

ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലധികം റണ്‍സ് (ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് സച്ചിന്‍ മാത്രം), ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകട്ടുകളുടെ ഉടമ തുടങ്ങിയ കണക്കിലെ കളികള്‍ മാത്രമല്ല ദ്രാവിഡിനെ ഇപ്പോള്‍ തുണയ്ക്കുന്നത്.

ജീവനുളള പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടും തൂണായിരുന്ന ഈ മുന്‍ ഇന്ത്യന്‍ നായകനെ ലോക ക്രിക്കറ്റ് തന്നെ നമിച്ചുപോയത് നാലു വര്‍ഷം മുമ്പായിരുന്നു. കീപ്പറല്ലായിരുന്നിട്ടുകൂടി ഏകദിനത്തില്‍ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി സ്റ്റമ്പിനു പിന്നില്‍ നിന്നു, ഒരു പിഴവുകളുമില്ലാതെ. ഒരു ബാറ്റ്സ്മാനെക്കൂടി ഉള്‍പ്പെടുത്തി ടീമിനെ സന്തുലിതമാക്കാനുളള ഈ നീക്കത്തില്‍ അധിക ഭാരം ചുമന്നത് ദ്രാവിഡ് മാത്രം.

അതേ കളികളില്‍തന്നെ മൂ‍ന്നാം നമ്പറായിറങ്ങി മികച്ച സ്ട്രൈക്ക് റേറ്റില്‍ നിരവധി തവണ ഇന്ത്യക്ക് ജയവും കൊണ്ടുവന്നു. ഒപ്പം നായക സ്ഥാനംകൂടി ലഭിച്ചതോടെ പണി ഇരട്ടിച്ചു. ഓപ്പണര്‍മാര്‍ പരാജയപ്പെടുമ്പോള്‍ ആ വേഷം നന്നായിത്തന്നെ കെട്ടി. മധ്യനിര തകരുമ്പോള്‍ മറ്റുളളവരുടെ വീഴ്ചകള്‍ മറച്ച് ഒരു വന്‍ മതിലായി നിന്നു.

ബൌളിംഗ് ഓപ്പണ്‍ ചെയ്യുന്നതൊഴികെ മറ്റെല്ലാം ചെയ്ത മഹാനായ ഈ കളികാരനോട് ഇപ്പോള്‍ എല്ലാവരും കാണിക്കുന്ന സൌമ്യത ന്യായമായും അയാള്‍ അര്‍ഹിക്കുന്നുണ്ട്. എങ്കിലും, ടീം ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ എന്ന മാജിക്കിലേക്ക് കുതിക്കുമ്പോള്‍ ഇത്രമാത്രം ആത്മാര്‍ഥതയുളള കളിക്കാരന്മൂലം ഒരു തടസമുണ്ടാകരുത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍കൂടി പരാജയപ്പെട്ടാല്‍ മറ്റാരുടെയും ഔദാര്യത്തിന് കാക്കാതെ ക്രീസിനോട് വിടപറഞ്ഞേക്കുമെന്ന് സൂചനയുണ്ട്.
അങ്ങനെയെങ്കില്‍ കുംബ്ലേ, ഗാംഗുലി, ദ്രാവിഡ്- ഇന്ത്യന്‍ ക്രിക്കറ്റിന്‍ ഒരു ഇല പൊഴിയും ശിശിരമായിരിക്കും ഇത്.


Share this Story:

Follow Webdunia malayalam