തന്‍റെ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും പറയും. അത് ധോണിയോടായാലും ഗാംഗുലിയോടായാലും സച്ചിനോടായാലും. വീരേന്ദര്‍ സെവാഗിന്‍റെ ഏറ്റവും വലിയ ഗുണവും ഒരു പരിധിവരെ ദോഷവും അതുതന്നെയായിരുന്നു. ഈ വെട്ടിത്തുറന്നുള്ള പറച്ചില്‍ കൊണ്ട് കൂടുതല്‍ പേരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടപ്പോള്‍ ചിലരുടെ കണ്ണിലെ കരടായി മാറാനും ഇത് കാരണമായി. സെവാഗ് വിരമിക്കാന്‍ സമയമായോ? രഞ്ജി ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ ഫോം നോക്കിയാല്‍ ‘ഇല്ല’ എന്ന് ആരും നിസംശയം പറയും.
ഏകദിനത്തിലും ടെസ്റ്റിലും എണ്ണായിരത്തിലധികം റണ്‍സ് നേടിയ പ്രതിഭയാണ് സെവാഗ്. ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെയും നേടിയ ട്രിപ്പിള്‍ സെഞ്ച്വറികള്‍ ഓര്‍ക്കുക. ഏകദിനത്തിലെ ആ ഡബിള്‍ സെഞ്ച്വറി ഓര്‍ക്കുക. സച്ചിനോ ഗാംഗുലിയോ വീഴുമ്പോഴല്ല, സെവാഗിന്‍റെ വിക്കറ്റ് തെറിക്കുമ്പോഴായിരുന്നു എതിരാളികള്‍ ആഹ്ലാദം കൊണ്ട് മതിമറന്നിരുന്നത്. കാരണം, ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ സെവാഗായിരുന്നു.
നേരിടുന്ന ആദ്യ പന്തുതന്നെ ബൌണ്ടറി പായിക്കണമെന്ന് വാശിയുള്ളതുപോലെ തോന്നും സെവാഗിന്‍റെ ബാറ്റിംഗ് കണ്ടാല്‍. ഏകദിനത്തില്‍ എതിര്‍ടീമുയര്‍ത്തുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് പെട്ടെന്ന് കരകയറാന്‍ ആദ്യ ഓവറുകളില്‍ സെവാഗ് നേടുന്ന ബൌണ്ടറികളും സിക്സറുകളും അനുഗ്രഹമായി. ഏത് ബൌളര്‍ വന്നാലും, പേസോ സ്പിന്നോ എന്തുമാകട്ടെ, സെവാഗ് ക്രീസിലുണ്ടെങ്കില്‍ കടുത്ത ശിക്ഷ വാങ്ങിയിരിക്കുമെന്നുറപ്പാണ്. സച്ചിനും സേവാഗും ഓപ്പണ്‍ ചെയ്യുമ്പോള്‍ എതിര്‍ ടീമുകള്‍ എരിപൊരി സഞ്ചാരത്തിലായിരിക്കും. സച്ചിനെ ഒരു പരിധി വരെ നിയന്ത്രിക്കാം, സെവാഗിനെ എങ്ങനെ നേരിടുമെന്നതായിരുന്നു അവരുടെ പ്രശ്നം. ഭയം കൂടാതെ ഏത് ബൌളറെയും നേരിടുന്ന താരമായിരുന്നു സെവാഗ്. സച്ചിനൊപ്പം ഒരറ്റത്ത് സെവാഗ് നില്‍ക്കുമ്പോള്‍ ഏത് വലിയ സ്കോറും ഇന്ത്യന്‍ ടീമിന് അപ്രാപ്യമായിരുന്നില്ല.
സെവാഗിന്‍റെ അപ്പര്‍ കട്ടുകള്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പല ഇന്നിംഗ്സുകളും സെവാഗില്‍ നിന്നുണ്ടായി. എന്നാല്‍, സാങ്കേതികമായി സെവാഗ് ഒരു മികച്ച കളിക്കാരനായിരുന്നില്ല. ഫുട്‌വര്‍ക്കുകളില്‍ ഏറ്റവും പിന്നിലായിരുന്നു. ഉജ്ജ്വലമായ കാഴ്ചശക്തിയായിരുന്നു സേവാഗിനെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത്. ഏത് പേസ് ബൌളറെയും നേരിടാന്‍ തുണച്ചതും കാഴ്ചശക്തിയായിരുന്നു.
അടുത്ത പേജില്‍ - ധോണിയുമായി യുദ്ധം തുടങ്ങുന്നു!
വളരെ ഷാര്‍പ്പായ തലച്ചോറായിരുന്നു സെവാഗിന്. ടീം മീറ്റിംഗുകളിലെല്ലാം അത് പ്രകടമായിരുന്നു. പലപ്പോഴും സെവാഗ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഗാംഗുലിയും ദ്രാവിഡും സച്ചിനുമെല്ലാം ടീമിനെ നയിക്കുന്ന വേളയില്‍ സേവാഗിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാറുണ്ടായിരുന്നു. സേവാഗിന്‍റെ പല തന്ത്രങ്ങളും ടീമിനെ ജയിപ്പിക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ ധോണിയുമായി അങ്ങനെയൊരു ബന്ധം നിലനിര്‍ത്താന്‍ സെവാഗിന് കഴിഞ്ഞില്ല. ധോണിയുടെ ലോകകപ്പ് നേടിയ ടീമില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു സെവാഗ്. അതിനുശേഷം ധോണിയുമായി സെവാഗ് തെറ്റി. ടീം സെലക്ഷന്‍റെ കാര്യത്തിലും ബാറ്റിംഗ് ഓര്‍ഡറിന്‍റെ കാര്യത്തിലും സെവാഗിന്‍റെ അഭിപ്രായങ്ങള്‍ മാനിക്കപ്പെട്ടില്ലെന്ന് അണിയറ സംസാരമുണ്ട്.
പിന്നീട് ഫോം നഷ്ടമായതും പരുക്കും ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായി. കാഴ്ചശക്തിയും കുറഞ്ഞു. ഐ പി എല്ലില്‍ കണ്ണട ഉപയോഗിച്ചായിരുന്നു പലപ്പോഴും സെവാഗ് ബാറ്റിംഗിനിറങ്ങിയത്. ബാറ്റിംഗിന്‍റെ താളം കണ്ടെത്താന്‍ സെവാഗിന് കഴിഞ്ഞില്ല. ഇടയ്ക്കൊക്കെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ഒരിക്കലും പഴയ സെവാഗാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. യുവതാരങ്ങളുടെ കടന്നുവരവും സെവാഗിന്‍റെ മടങ്ങിവരവിന് വിഘാതമായി. സെവാഗിനെ പരിഗണിക്കേണ്ടിയിരുന്ന പല പരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതെ പോകുന്ന കാഴ്ചയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയായി.
തനിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനോ എത്തിയാല്‍ തന്നെ പഴയവീര്യത്തോടെ കളിക്കാനോ കഴിയില്ലെന്ന് സേവാഗ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. 37 വയസ് തികഞ്ഞിരിക്കുന്നു. ടീമില്‍ ധോണിയുടെ കാര്യം തന്നെ പരുങ്ങലിലായിരിക്കുന്നു. പഴയ പടക്കുതിരകളെ ഉള്‍ക്കൊണ്ടുപോകണമെന്ന അഭിപ്രായം ടീമിലെ മറ്റൊരു വന്‍ശക്തിയായ കോഹ്‌ലിക്ക് തീരെയില്ല. ഇതെല്ലാം വിരമിക്കല്‍ തീരുമാനത്തിലേക്ക് സെവാഗിനെ എത്തിക്കുകയായിരുന്നു.
സേവാഗും സഹീര്‍ഖാനുമൊക്കെ ഈ രീതിയിലാണോ വിരമിക്കേണ്ടത് എന്നത് ക്രിക്കറ്റ് പ്രേമികള്‍ ഉയര്‍ത്തുന്ന വലിയ ചോദ്യമാണ്. സച്ചിന് വിരമിക്കാനുള്ള സാഹചര്യമൊരുക്കിയതുപോലെ മാന്യമായ ഒരവസരം സേവാഗിനും സഹീറിനും നല്‍കേണ്ടിയിരുന്നു. ഗംഭീറിന്‍റെയും യുവരാജിന്‍റെയുമൊക്കെ കാര്യത്തിലെങ്കിലും ഉചിതമായ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.