Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇനി നല്ല കാലം വരുമോ?

പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇനി നല്ല കാലം വരുമോ?
കറാച്ചി , ബുധന്‍, 21 ഒക്‌ടോബര്‍ 2009 (19:32 IST)
PRO
ക്രിക്കറ്റ് ലോകത്തെ അതികായന്‍മാരുടെ മുന്നില്‍ എന്നും വെല്ലുവിളി ഉയര്‍ത്താന്‍ വിഭവശേഷിയുള്ള രാജ്യമായിരുന്നു പാകിസ്ഥാന്‍. ലോകോത്തര നിലവാരമുള്ള ബൌളര്‍മാരെയും ബാറ്റ്സ്‌മാന്‍‌മാരെയും കാലാകാലങ്ങളില്‍ അവര്‍ ലോക ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. പക്ഷെ ചീഞ്ഞളിഞ്ഞ പിന്നാമ്പുറക്കഥകള്‍ പാക് ക്രിക്കറ്റിന്‍റെ അന്തകനായി എന്നും കൂടെയുണ്ടായിരുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ചാമ്പ്യന്‍സ് ലീഗിലുയര്‍ന്ന കോഴ വിവാദം.

ക്രിക്കറ്റ് ലോകത്തെ കോഴ വിവാദങ്ങളില്‍ എന്നും പാകിസ്ഥാന്‍റെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ക്രിക്കറ്റെന്ന പണഭൂമിയില്‍ നിന്ന് നേരായ വഴിക്ക് അവകാശികള്‍ പണം കൊയ്യുമ്പോള്‍ ബാക്കിയാകുന്ന എച്ചില്‍ കൊത്തിപ്പെറുക്കാന്‍ കഴുകന്‍ കണ്ണുകളുമായി വട്ടമിട്ട് പറന്ന ഇടനിലക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളെ നല്‍കിയത് പാകിസ്ഥാനായിരുന്നു. ഒരുപക്ഷെ സ്വന്തം മണ്ണിലെയും ടീമിലെയും അസ്ഥിരതകളാകാം പാക് കളിക്കാരെ വളരെ വേഗം ഈ വലയില്‍ കുടുക്കുന്നത്.

1995 ല്‍ കോഴ ആരോപണവിധേയനായ സലിം മാലിക് മുതല്‍ ഇന്ന് യൂനിസ് ഖാന്‍ വരെ ഇത്തരം ആരോപണങ്ങളുടെ ഇരകളായിരുന്നുവെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും ഇതില്‍ നിന്ന് മുക്തമല്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ കളിക്കാരെ പൂര്‍ണ്ണമായി വരുതിയില്‍ നിര്‍ത്താന്‍ ഒരുപക്ഷെ നമുക്ക് ആകുന്നുണ്ടാകാം. പക്ഷെ നമ്മുടെ കളിക്കാരെ നിയന്ത്രിച്ചതുകൊണ്ട് മാത്രം ക്രിക്കറ്റ് കോഴയില്‍ ഇന്ത്യയുടെ കൈകള്‍ പരിശുദ്ധമാകുന്നില്ലെന്നതാണ് സത്യം. കാരണം ക്രിക്കറ്റ് ലോകത്തെ ഇടനിലക്കാരില്‍ അധികവും ഇന്ത്യാക്കാരാണെന്നത് ഈ രംഗത്തെ നഗ്നമായ സത്യമാണ്.

ട്വന്‍റി-20 ലോകകപ്പ് നേടിയ ശേഷം ലങ്കയ്ക്കെതിരെ അരങ്ങേറിയ പാകിസ്ഥാന്‍റെ ദയനീയ പ്രകടനത്തിലും കോഴ വിവാദം തലപൊക്കിയിരുന്നു. ഒരു ഇന്ത്യന്‍ ഏജന്‍റ് കളിക്കാരെ സമീപിച്ചതായി പാകിസ്ഥാന്‍ ടീം മാനേജ്മെന്‍റ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഈ വിഷയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒതുക്കിതീര്‍ക്കുകയായിരുന്നു. സ്വയം മുഖം രക്ഷിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് കുഴിച്ചുമൂ‍ടിയ ഇക്കാര്യം മാസങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിലെ കോഴയിലൂടെ വീണ്ടും പൊങ്ങി.

1980 ന്‍റെ തുടക്കത്തിലാണ് ക്രിക്കറ്റില്‍ കോഴ ഇടപാട് സജീവമാകുന്നത്. കളിക്കാരും മാനേജ്മെന്‍റും അമ്പയര്‍മാരും ഗ്രൌണ്ട്സ്മാന്‍‌മാരും ഒക്കെ പലപ്പോഴായി ഇതില്‍ ഭാഗഭാക്കായിട്ടുണ്ട്. രണ്ടായിരത്തില്‍ അഴിമതി വിരുദ്ധയൂണിറ്റ് രൂപീകരിക്കുന്നതില്‍ വരെ ഐസിസിയെ എത്തിച്ചത് ക്രിക്കറ്റിലെ ഈ കൈവിട്ട കളിയുടെ വര്‍ദ്ധിച്ചുവന്ന സ്വാധീനമാണ്.

webdunia
PRO
1995 ല്‍ ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനം മുതലാണ് പാക് ക്രിക്കറ്റില്‍ സമീപകാലത്ത് കോഴ ഇടപാടുകള്‍ വെളിച്ചം കണ്ടുതുടങ്ങിയത്. ഷെയ്ന്‍ വാണും ടിം മേയും മാര്‍ക്ക് വോയുമായിരുന്നു വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. പര്യടനത്തില്‍ മോശം പ്രകടനം നടത്താന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സലീം മാലിക് കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

ആദ്യം ഏകാംഗ കമ്മീഷന്‍ അന്വേഷിച്ച വിഷയത്തില്‍ പിന്നീട് ജുഡീഷ്യല്‍ അന്വേഷണം വരെ നീണ്ടു. മാലിക്കിനും പേസ് ബൌളര്‍ അതാവുര്‍‍ റഹ്മാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയാണ് പാകിസ്ഥാന്‍ ഇതില്‍ നിന്ന് തലയൂരിയത്. വസീം അക്രം, വഖാര്‍ യൂനിസ്, സയീദ് അന്‍‌വര്‍, മുഷ്താഖ് അഹമ്മദ്, ഇന്‍സമാം ഉള്‍ഹഖ്, അക്രം റാസ തുടങ്ങിയ ആറ് കളിക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

1999 ലോകകപ്പില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍‌വി ഏറ്റുവാങ്ങിയ ശേഷവും 2007 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ പരാജയപ്പെട്ടപ്പോഴും പാകിസ്ഥാന്‍ കോഴയുടെ വേരുകള്‍ തേടി ജുഡീഷ്യല്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ രണ്ട് സംഭവത്തിലും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

മാര്‍ച്ചില്‍ ലങ്കന്‍ കളിക്കാര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണം പാകിസ്ഥാന്‍ ക്രിക്കറ്റിന് വലിയ നഷ്ടങ്ങളാണ് വരുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയായിരുന്നു അവരുടേത്. പാ‍കിസ്ഥാന്‍റെ മണ്ണില്‍ നടക്കേണ്ട നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം അവരുടെ മണ്ണില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. വന്‍ സാമ്പത്തിക നഷ്ടമാണ് പാക് ക്രിക്കറ്റിന് ഇത് മൂലമുണ്ടായത്. ഇതിന് പിന്നാലെയാണ് കോഴ വിവാദങ്ങളുടെ നാറിയ കഥകള്‍ പാക് ക്രിക്കറ്റിനെ നിഴല്‍ പോലെ പിന്തുടരുന്നത്.

പ്രവചനാതീതമാണ് എന്നും പാക് ക്രിക്കറ്റിന്‍റെ മുഖമുദ്ര. അപ്രതീക്ഷിത പൊട്ടിത്തെറികളാല്‍ സജീവമായ അഗ്നിപര്‍വതം പോലെയാണ് അതിന്‍റെ സ്വഭാവം. പ്രവാചകന്‍‌മാരെ ഞെട്ടിച്ചുകൊണ്ട് 1992ല്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോഴും 2009ല്‍ ട്വന്‍റി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴുമെല്ലാം ഈ പ്രവചനാതിത സ്വഭവാത്തിന് പാക് ടീം ഒരിക്കല്‍ കൂടി അടിവരയിടുകയായിരുന്നു. ഈ പ്രവചനതീത സ്വഭാവം തന്നെയാണ് പാക് ടീമിലെ ആരാധക പ്രതീക്ഷ എന്നും നിലനിര്‍ത്തുന്നതും.

Share this Story:

Follow Webdunia malayalam