പഴക്കമേറും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് വംഗിപുറപ്പ് വെങ്കട് സായി ലക്ഷ്മണെന്ന വി വി എസ് ലക്ഷ്മണ്. എതിരാളികള്‍ ഓസ്ട്രേലിയ ആണെങ്കില്‍ ആ വീര്യത്തിന് അല്‍പ്പം വീറ് കൂടും. അപ്പോള്‍ ലക്ഷ്മണ് ‘വെരി വെരി സ്പെഷല്‍’ ആവും. അതിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു മൊഹാലിയിലെ ആ സ്പെഷല്‍ ഇന്നിംഗ്സ്. ലോക ക്രിക്കറ്റില്‍ എല്ലാവരെയും അടക്കി ഭരിക്കുമ്പോഴും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ ഇത്രമേല്‍ ഭയപ്പെടുത്തിയ മറ്റൊരു ബാറ്റ്സ്മാന് ഉണ്ടോ എന്ന് സംശയമാണ്. ലക്ഷ്മണ് ഇപ്പോഴും ഓസ്ട്രേലിയക്ക് കീഴടാക്കാനാവാത്ത മഹാമേരു തന്നെയാണെന്ന് മൊഹാലി വിജയം ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ പോലും ഗ്ലെന്‍ മക്ഗ്രാത്തെന്ന കണിശതയുളള പന്തേറുകാരനു മുന്നില്‍ പലപ്പോഴും ചൂളിപ്പോയിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്ണയുഗത്തിലോ അതിനുശേഷമോ ഒരൊറ്റ ബൌളര്‍ക്കും ലക്ഷ്മണിനുമേല് സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല.
2001ല്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചാണ് ലക്ഷ്മണ് ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായി വിഭജിച്ചത്. രാഹുല്‍ ദ്രാവിഡിനെ കൂട്ടുപിടിച്ച് ലക്ഷ്മണ് അന്ന് നേടിയ 281 റണ്‍സിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും പഴപോലെ ആയിട്ടില്ല. തുടരെ 16 ടെസ്റ്റ് വിജയങ്ങളുമായി വിജയത്തിന്റെ മധുരപ്പതിനേഴ് സ്വപ്നം കണ്ടിറങ്ങിയ സ്റ്റീവ് വോയെയും സംഘത്തിനെയുമാണ് ലക്ഷ്മണ് ആ ഒറ്റ ഇന്നിംഗ്സ് കൊണ്ട് അട്ടിമറിച്ചത്.
അതിനുശേഷം എല്ലായ്പ്പോഴും ഓസ്ട്രേലിയയുടെ ദു:സ്വപ്നങ്ങളില്‍ ലക്ഷ്മണിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2003-04 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറികളുമായി ലക്ഷ്മണ് ഒരിക്കല്‍ കൂടി ഓസീസിനെ വിറപ്പിച്ചു. റെക്കോര്‍ഡുകളുടെയോ സെഞ്ച്വറികളുടെയോ റണ്സുകളുടേയോ കണക്കെടുപ്പില്‍ ഒരിക്കലും ലക്ഷ്മണിന്റെ പേര് ആരും പരാമര്ശിക്കില്ലായിരിക്കും.
എങ്കിലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലും സ്വന്തം കളിമികവ് കൊണ്ട് പിടിച്ചിരുത്താന്‍ ലക്ഷ്മണിന് കഴിയുമെന്ന് 2003-04ലെ ഓസ്ട്രേലിയന്‍ പര്യടനം തെളിയിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ ഹോവാര്‍ഡ് ആണ് ലക്ഷ്മണിന്റെ കളിക്കു മുന്നില്‍ ഔദ്യോഗിക കാര്യങ്ങള്‍ പോലും മറന്ന് ഇരുന്നുപോയത്. പ്രതിസന്ധികളിലാണ് ഒരാളുടെ യഥാര്‍ത്ഥ പ്രതിഭ പുറത്തു വരികയെന്ന് പറയാമെങ്കില്‍ ലക്ഷ്മണ് ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമിലെ അതുല്യ പ്രതിഭ തന്നെയാണ്.
യു പി എ സര്‍ക്കാരില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ റോള്‍ എന്താണോ അതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ലക്ഷ്മണിന്റെ റോള്‍. എവിടെ പ്രതിസന്ധിയുണ്ടോ അവിടെ ലക്ഷ്മണുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിയുകയും ടീം തോറ്റ് തുന്നംപാടുമ്പോഴും മാധ്യമങ്ങളില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നവര്ക്കിടയിലോ സെഞ്ച്വറികളുടെ എണ്ണപ്പെരുക്കത്തില്‍ റെക്കോര്‍ഡ് ബുക്കുകള്‍ പരതുന്നവര്ക്കിടയിലോ ലക്ഷ്മണിന്റെ പേര് കാണാന്‍ കഴിയില്ലായിരിക്കാം.
കണക്കുകള്‍ കൊണ്ട് എഴുതേണ്ടവയല്ല ലക്ഷ്മണിന്റെ ഒരു ഇന്നിംഗ്സും. കാരണം അവയെല്ലാം കണക്കുക്കുട്ടലുകള്‍ തകര്‍ത്ത് കെട്ടിപ്പടുത്തവയാണ്. റണ്‍സുകളുടെ കാര്യത്തില്‍ ഒരുപാട് പേര് ഇനിയും ലക്ഷ്മണെ മറികടന്നേക്കാം. പക്ഷെ അവര്‍ക്കാര്‍ക്കും ഒരു വി വി എസ് ആവാനാവില്ല.
വാല്‍ക്കഷണം: പഴക്കമേറുംതോറും വീര്യം കൂടുന്ന വീഞ്ഞെന്ന് ലക്ഷ്മണെക്കുറിച്ച് പറയാനാവുമോ എന്ന് സംശയിക്കുന്നവര്‍ ഈ കണക്കൊന്ന് ശ്രദ്ധിക്കുക. അവസാനം കളിച്ച 20 ടെസ്റ്റുകളില്‍ ലക്ഷ്മണ് നേടിയത് നാലു സെഞ്ച്വറികള്‍ 13 അര്‍ധ സെഞ്ച്വറികള്‍. ഇനി പറയു ലക്ഷ്മണ് വെരി വെരി സ്പെഷല്‍ അല്ലെ?