Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ്: ബള്‍ബുകള്‍ മിഴി തുറന്നു; പന്ത് വെളുത്തു

ലോകകപ്പ്: ബള്‍ബുകള്‍ മിഴി തുറന്നു; പന്ത് വെളുത്തു
, ശനി, 5 ഫെബ്രുവരി 2011 (17:56 IST)
PRO
PRO
ബള്‍ബുകള്‍ മിഴി തുറന്നു; പന്ത് വെളുപ്പായി, കളി വര്‍ണമായി- ഇത് ഒരു കടങ്കഥയല്ല. പഴഞ്ചൊല്ല് അല്ലേയല്ല. ഒരു മാറ്റത്തിന്റെ കഥയാണ് ഇത്. ഏകദിന ക്രിക്കറ്റ് കൂടുതല്‍ ജനകീയമായതിന്റെ തുടക്കം.

സ്റ്റേഡിയത്തിലെ കാണികളുടെ കണ്ണില്‍ നിന്ന് ക്രിക്കറ്റ് ലോകമെമ്പാടുമുള്ള ടിവി പ്രേക്ഷകരിലേക്ക് പങ്കുവയ്ക്കപ്പെട്ടതിന്റെ ആരംഭമാണ് ഇത്. ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി മത്സരം സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഏകദിന ക്രിക്കറ്റ് മാറ്റത്തിന്റെ ദിശയിലേക്ക് ബൌണ്ടറിയടിച്ചത്. മത്സരത്തിന് വെളുത്ത പന്തും കളിക്കാര്‍ കളര്‍ യൂണിഫോമും ഉപയോഗിക്കാന്‍ തുടങ്ങിയതും( ഏകദിനത്തില്‍) ഇതിനൊപ്പമായിരുന്നു.

ഇംഗ്ലണ്ടില്‍ 1952 ആഗസ്റ്റ് 11നാണ് ആദ്യ ഡേ/ നൈറ്റ് മത്സരം നടക്കുന്നത്. പക്ഷേ തുടക്കത്തില്‍ കൂടുതലായി ഇത്തരം മത്സരങ്ങള്‍ നടന്നത് ഓസ്ട്രേലിയയിലാണ്. കെറി പാക്കറെന്ന മാധ്യമ രാജാവായിരുന്നു ഇതിനു പിന്നില്‍. 1977-ല്‍ ആഷസ് പരമ്പര മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ലഭിക്കാനായി കെറി പാക്കര്‍ 1.5 ബില്യന്‍ ഡോളറിന്റെ വാഗ്ദാനം നടത്തിയെങ്കിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് നിരസിച്ചു. പക്ഷെ, പരാജിതനാവാന്‍ പാക്കര്‍ തയ്യാറായിരുന്നില്ല സ്വന്തം ടൂര്‍ണമെന്റ് കളിക്കാനായി 50 കളിക്കാരുമായി പാക്കര്‍ കരാറിലേര്‍പ്പെട്ടു. അങ്ങനെ പാക്കര്‍ ‘ലോക ക്രിക്കറ്റ് പരമ്പര‘ ആരംഭിക്കുകയും ചെയ്തു.

ഈ സമാന്തര മത്സരങ്ങള്‍ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയങ്ങളിലായിരുന്നു അധികവും സംഘടിപ്പിച്ചിരുന്നത്. 1977 നവംബര്‍ 27നാണ് ആദ്യ ‘ലോക ക്രിക്കറ്റ് പരമ്പര‘ ഓസ്ട്രേലിയ ഇലവനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്നത്.( പാക്കറുമായി ചേര്‍ന്ന താരങ്ങള്‍ ഉള്‍പ്പെട്ട ടീമുകള്‍). 1979ഓടെ ഈ സമാന്തരക്രിക്കറ്റ് ഇല്ലാതാവാന്‍ തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ഔദ്യോഗികമായി ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. 1985ഓടെ ഓസ്ട്രേലിയയിലെ മിക്ക ഏകദിന മത്സരങ്ങളും ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ക്രിക്കറ്റ് താരങ്ങളുടെ ഡ്രസ്സില്‍ വിവിധ നിറങ്ങള്‍ ഏര്‍പ്പെടുത്തിയതിനും പിന്നില്‍ പാക്കറുടെ ശ്രമങ്ങളാണ്. പണം ക്രിക്കറ്റിന്റെ മറുവാക്കായി മാറുന്നത്‌ ഈ മാറ്റങ്ങള്‍ മൂലമാണെന്ന മറുവശവുമുണ്ട്.

സമൂലമായ ഈ പരിഷ്കാരങ്ങള്‍ ആദ്യമായി ലോകകപ്പില്‍ അവതരിപ്പിക്കുന്നത് 1992ലാണ്. ഓസ്ട്രേലിയയും ന്യൂസിലാന്റും സംയുക്തമായി ആതിഥ്യം അരുളിയ ഈ ലോകകപ്പ് ഡേ/ നൈറ്റ് മത്സരമായിരുന്നു. ചുവന്ന പന്തിനു പകരം വെള്ള പന്ത് ഉപയോഗിച്ച ആദ്യ ലോകകപ്പും ഇതായിരുന്നു. ആദ്യ 15 ഓവറുകളിലെ ഫീല്‍ഡിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ലോകകപ്പും 1992ലേതാണ്. വര്‍ണ്ണവിവേചനവും അതിനെ തുടര്‍ന്നുണ്ടായിരുന്ന വിലക്കും മൂലം ഒഴിവാക്കപ്പെട്ടതിനാല്‍ ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത ലോകകപ്പും ഇതാണ്.

ലോകകപ്പിനു മുഴുവനായി വ്യക്തിഗത അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ഈ ലോകകപ്പ് മുതലാണ്. ലോകകപ്പില്‍ ആദ്യമായി മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടിയത് ന്യൂസിലാന്റിന്റെ മാര്‍ട്ടിന്‍ ക്രോയാണ്. ഈ ലോകപ്പില്‍ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്ഥാനാണ് കിരീടം ചൂടിയത്.

Share this Story:

Follow Webdunia malayalam