Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരാട് കോഹ്‌ലി - ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ദൈവം!

വിരാട് കോഹ്‌ലിക്ക് 28 തികഞ്ഞു, ആശംസകളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം!

വിരാട് കോഹ്‌ലി - ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതിയ ദൈവം!
, ശനി, 5 നവം‌ബര്‍ 2016 (12:28 IST)
ഇന്ത്യയുടെ ഒരേയൊരു വിരാടിന് ഇന്ന് 28 തികയുന്നു. ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിക്ക് ജന്‍‌മദിനാശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് ആരാധകര്‍. ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിരാടിന്‍റെ ഗോള്‍ഡന്‍ ബാറ്റ് അടിച്ചുകൂട്ടിയ റണ്‍സിനേക്കാള്‍ ആയിരം മടങ്ങ് ഇരട്ടി ആരാധകര്‍ അദ്ദേഹത്തിന് ലോകമെമ്പാടുമായുണ്ട്. 
 
ക്രിക്കറ്റ് ലോകത്തിന്‍റെ ഈ വര്‍ഷം വിലയിരുത്തുമ്പോള്‍ ഇത് വിരാട് കോഹ്‌ലിയുടെ സുവര്‍ണ വര്‍ഷം കൂടിയാണ്. കളിയുടെ മൂന്ന് ഫോര്‍മാറ്റിലും തന്‍റെ ആധിപത്യം സ്ഥാപിച്ച് വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമായിത്തീര്‍ന്നിരിക്കുന്നു. ധോണിയുടെ നിഴലില്‍ നിന്ന് മാറി സ്വന്തമായൊരു സാമ്രാജ്യം ക്രിക്കറ്റില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് വിരാട് കോഹ്‌ലി എന്ന താരത്തിന്‍റെ നേട്ടം.
 
സച്ചിന്‍ എന്ന ഇതിഹാസതാരത്തിന്‍റെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും ഇന്ന് ലോക ക്രിക്കറ്റില്‍ ഉണ്ടെങ്കില്‍ അത് വിരാട് കോഹ്‌ലിയാണ് എന്ന് ഏവരും സമ്മതിക്കും. ഒട്ടും സമയം പാഴാക്കാതെ വിരാട് ആ കൃത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണെന്നത് വസ്തുത.
 
വീരേന്ദര്‍ സേവാഗും മുഹമ്മദ് കൈഫും അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിരാടിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മേഡേണ്‍ ക്രിക്കറ്റിന്‍റെ ഈ രാജാവിന് സോഷ്യല്‍ മീഡിയയിലും ആശംസകളുടെ പൂരം തന്നെ. 
 
ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്ടന്‍ എന്ന നിലയില്‍ മിന്നുന്ന പ്രകടനമാണ് വിരാട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി ഇന്ത്യ ഇനി കാത്തിരിക്കുന്നത് ഇംഗ്ലണ്ട് ടീമിന്‍റെ വരവിനാണ്. വിരാടും കുട്ടികളും ഇംഗ്ലണ്ടിനെയും പൊളിച്ചടുക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
2008ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റം. എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ റണ്‍ മെഷീനായി വിരാട് മാറിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും കണ്‍‌സിസ്റ്റന്‍റ് ഫോം ആണ് വിരാട് കാഴ്ചവയ്ക്കുന്നത്. ഏകദിനത്തിലും ട്വന്‍റി20യിലും ഒരു വലിയ സ്കോര്‍ പിന്തുടരേണ്ടിവരുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ വയ്ക്കുന്നത് വിരാടിലാണ്. വലിയ സ്കോറുകള്‍ പിന്തുടര്‍ന്നപ്പോള്‍ വിരാടിന്‍റെ ബാറ്റില്‍ നിന്ന് 14 സെഞ്ച്വറികളാണ് പിറന്നത്. കടുത്ത സമ്മര്‍ദ്ദത്തില്‍ കളിക്കേണ്ടിവരുമ്പോള്‍ വിരാടിന്‍റെ ബാറ്റിന് കൂടുതല്‍ കരുത്തുണ്ടാകുമെന്നതാണ് ഇതുവരെയുള്ള അനുഭവം.
 
ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടിയത് വിരാടാണ്. 161 ഇന്നിംഗ്സുകള്‍ മാത്രമാണ് അതിന് വേണ്ടിവന്നത്. എ ബി ഡിവില്ലിയേഴ്സ് 166 ഇന്നിംഗ്സുകളില്‍ ഏഴായിരം തികച്ച റെക്കോര്‍ഡാണ് വിരാട് തകര്‍ത്തത്. ഒരു ഐ പി എല്‍ സീസണില്‍ വിരാട് കോഹ്‌ലി നേടിയ 973 റണ്‍സ് ഇന്ന് ഏറ്റവും തിളക്കമുള്ള പ്രകടനമായി നിലനില്‍ക്കുന്നു. ട്വന്‍റി20 ക്രിക്കറ്റിലെ ഏത് ടൂര്‍ണമെന്‍റിലെയും ഒരു താരത്തിന്‍റെ ഏറ്റവും മികച്ച റണ്‍‌വേട്ടയാണിത്. മറ്റ് രണ്ട് ഫോര്‍മാറ്റുകള്‍ പരിശോധിച്ചാല്‍, ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ 1930ല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ സ്ഥാപിച്ച 974 റണ്‍സ് മാത്രമാണ് വിരാടിന് മുന്നിലുള്ളത്. 
 
വെറും 27 ഇന്നിംഗ്സുകള്‍ മാത്രമെടുത്ത് ട്വന്‍റി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ച് വിരാട് സൃഷ്ടിച്ചത് ചരിത്രനേട്ടമായിരുന്നു. 32 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണെയാണ് വിരാട് തകര്‍ത്തത്. 176 ഏകദിനങ്ങളില്‍ നിന്നായി ഇതുവരെ 26 സെഞ്ച്വറികളാണ് വിരാട് കോഹ്‌ലി സ്വന്തം പേരില്‍ എഴുതിയത്. 49 സെഞ്ച്വറികളുമായി സച്ചിന്‍, 30 സെഞ്ച്വറികളുമായി റിക്കി പോണ്ടിംഗ്, 28 സെഞ്ച്വറികളുമായി സനത് ജയസൂര്യ എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ വിരാടിന് മുന്നിലുള്ളത്.
 
ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ വിരാട് കോഹ്‌ലിയുടെ പേരിലുണ്ട്. അത് രണ്ടും കുറിച്ചത് അദ്ദേഹം ടെസ്റ്റ് ക്യാപ്ടനായതിന് ശേഷമാണ്. ഇന്ത്യയില്‍ മുമ്പുണ്ടായിട്ടുള്ള ഒരു ടെസ്റ്റ് ക്യാപ്ടനും ഈ നേട്ടം അവകാശപ്പെടാനില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഎഫ്സി കപ്പ് ഫൈനല്‍: ബെംഗളൂരു എഫ്സി, എയർഫോഴ്സ് ക്ലബ് ഇറാഖ് പോരാട്ടം ഇന്ന് ദോഹയില്‍