കളി തുടങ്ങിയ കാലം തൊട്ട് ക്രിക്കറ്റിലെ റെക്കോഡുകള്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി പ്രണയത്തിലാണ്. സച്ചിന്‍ റെക്കോഡുകളെ പിന്തുടരുകയല്ല. മറിച്ച് റെക്കോഡുകള്‍ സച്ചിനെ പിന്തുടരുകയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ പല തവണ തൊണ്ണൂറുകളില്‍ വീണു പോയെങ്കിലും അര്‍ദ്ധ സെഞ്ച്വറികളുടെ കാര്യത്തിലും റെക്കോഡ് സച്ചിനെ തേടിയെത്തുകയാണ്.
ഏറ്റവും കൂടുതല്‍ അമ്പതുകള്‍ നേടിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കി മറികടക്കാന്‍ സച്ചിനു ഒരു അര്‍ദ്ധ ശതകം കൂടി മതി. ആറാം ഏകദിനത്തിലെ കേമനായ സച്ചിന്‍ 94 റണ്‍സിനു പുറത്താകുമ്പോള്‍ അദ്ദേഹത്തിന്‍റെ എണ്‍പത്തി മൂന്നാം അര്‍ദ്ധ ശതകമായിരുന്നു പിന്നിട്ടത്. അത്രയും തന്നെ അര്‍ദ്ധശതകങ്ങളുള്ള ഇന്‍സിക്ക് ഒപ്പമായി സച്ചിന്‍.
81 പന്തുകളില്‍ 16 ബൌണ്ടറികളും ഒരു സിക്‍സും ഈ സ്ട്രോക്ക് മേക്കറുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. എഴുപത്തൊന്നാം അര്‍ദ്ധ ശതകം തികച്ച ഗാംഗുലിയായിരുന്നു ഈ നേട്ടത്തില്‍ എത്തുമ്പോള്‍ സച്ചിനു കൂട്ട്. ക്രിക്കറ്റില്‍ സച്ചിന്‍ ഒരു പാഠപ്പുസ്തകമായിട്ട് പതിനഞ്ചു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. പ്രായം പ്രകടനത്തെ തെല്ലൊക്കെ ബാധിക്കുന്നുണ്ടെങ്കിലും തെന്‍ഡുല്‍ക്കറിന്‍റെ ബാറ്റിംഗിന്‍റെ ചാരുത അവസാനിക്കുന്നില്ല.
ഏകദിന ക്രിക്കറ്റ് തന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതായി സച്ചിന്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് പറഞ്ഞത്. പരുക്കു മൂലം ഏറെ നാള്‍ പുറത്തു നിന്നെങ്കിലും ഇംഗ്ലണ്ടില്‍ സച്ചിന്‍റെ ബാറ്റ് മിന്നല്‍ പീണറുകള്‍ സൃഷ്ടിച്ചു. ടെസ്റ്റില്‍ ഇന്ത്യ കുറിച്ച ചരിത്രം ഏകദിനത്തിലും കുറിക്കാന്‍ സച്ചിന്‍റെ അര്‍ദ്ധ ശതകം ആവശ്യമാണ്. ഒരു പക്ഷേ ഇംഗ്ലണ്ടിലെ തന്‍റെ അവസാന ഏകദിനത്തില്‍ റെക്കോഡോടെ സച്ചിനു ഇംഗ്ലണ്ടു വിടാനായേക്കും.
ഇതിലും രസകരമായ വസ്തുത 90 കളില്‍ 14 തവണ പുറത്തായ സച്ചിന്‍ തന്നെയാണ് ഇക്കാര്യത്തിലെയും റെക്കോഡുകള്‍ കയ്യാളുന്നത്. തൊട്ടു പിന്നില്‍ മുന്‍ താരങ്ങളായ ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വയും സിംബാബ്‌വേയുടെ ആന്‍ഡി ഫ്ലവറും നില്‍ക്കുന്നു. ഒമ്പതു തവണ വീതമാണ് ഇരുവരും പുറത്തായത്. 14 മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും 55 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സച്ചിന്‍ നേടിയിട്ടുണ്ട്.
ആറാം ഏകദിനത്തിലെ രസങ്ങള്‍ ഇവിടെ തീര്‍ന്നില്ല. ഇംഗ്ലണ്ട് താരം മസ്‌ക്കരാനസിന്‍റെ വെടിക്കെട്ടായിരുന്നു മറ്റൊന്ന്. യുവരാജ് എറിഞ്ഞ അമ്പതാം ഓവറില്‍ ആദ്യ പന്ത് ഒഴികെ എല്ലാ പന്തും ഗ്യാലറിയില്‍ എത്തിച്ച മസ്ക്കരാനസ് അഞ്ചു സിക്സറുകളാണ് അടിച്ചത്. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് താരമായി മസ്ക്കരാനസ്. അവിശ്വസനീയമായ ഈ പ്രകടനം ലോകകപ്പില്‍ ദക്ഷീണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സിന്‍റെ കളിയെ അനുസ്‌മരിപ്പിച്ചു.