Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ?

ടി എസ് ശ്രീകുമാര്‍

സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ?
, ബുധന്‍, 24 ഫെബ്രുവരി 2010 (21:53 IST)
PTI
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകക്രിക്കറ്റിന്‍റെ നെറുകയിലാണ്. 200 റണ്‍സ് എന്ന മാജിക് നമ്പറിലേക്ക് സച്ചിന്‍ എത്തിച്ചേരുന്നത് തന്‍റെ കരിയറിന്‍റെ ഇരുപതാം വര്‍ഷത്തിലാണ്. പ്രായവും സ്റ്റാമിനയും കണക്കിലെടുക്കുമ്പോള്‍ സച്ചിന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ അനുപമമാണെന്ന് പറയാം. ഇതുപോലൊരു കളിക്കാരന്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സച്ചിന്‍റെ നേട്ടത്തില്‍ അസൂയ പൂണ്ടവര്‍ സ്വന്തം പാളയത്തില്‍ തന്നെയുണ്ടോ എന്ന സംശയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനം ഉയര്‍ത്തിയിരിക്കുകയാണ്.

സച്ചിന്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിന് സാക്ഷിയായും കൂട്ടായും നിന്നത് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ്. എന്നാല്‍, സച്ചിന്‍ ഡബിള്‍ അടിക്കാതിരിക്കാന്‍ ധോണി ശ്രമിച്ചുവോ എന്ന സംശയമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തും സച്ചിന്‍ ആരാധകരുടെ മനസുകളിലും ഉയര്‍ന്നിരിക്കുന്നത്. സച്ചിന് സ്ട്രൈക്ക് കൈമാറാതെ ഒരു ‘ഫൌള്‍ പ്ലേ’ ധോണി കളിച്ചതായി സച്ചിന്‍റെ ആരാധകര്‍ ആരോപിക്കുന്നു.

നല്‍പ്പത്തിനാലാം ഓവറിലാണ് സച്ചിന്‍ ഏകദിനത്തിലെ തന്‍റെ ഉയര്‍ന്ന സ്കോറായ 186 മറികടന്നത്. നാല്‍പ്പത്തഞ്ചാം ഓവര്‍ മുതലുള്ള ധോണിയുടെ കളി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകുന്ന ഒരു സംഗതിയുണ്ട്. ആദ്യത്തെ അഞ്ചു പന്തുകളില്‍ ഇന്ത്യന്‍ നായകന്‍ ബൌണ്ടറികളും സിക്സറുകളും പായിക്കുന്നു. അവസാന പന്തില്‍ ഒരു റണ്‍സ് എടുത്ത് അടുത്ത ഓവറിലെ സ്ട്രൈക്ക് സ്വന്തമാക്കുന്നു. ഇടയ്ക്ക് ഭാഗ്യത്തിന് വീണുകിട്ടുന്ന അവസരങ്ങളില്‍ മാത്രം സച്ചിന് സ്ട്രൈക്ക് ലഭിക്കുന്നു.

നാല്‍പ്പത്തിയാറാം ഓവറിലാണ് സച്ചിന്‍ 197 റണ്‍സ് എന്ന ലോക റെക്കോര്‍ഡിലെത്തുന്നത്. പിന്നീടുള്ള മൂന്നു റണ്‍സ് എടുക്കാന്‍ അദ്ദേഹത്തിന് മൂന്ന് ഓവറുകള്‍ വേണ്ടിവന്നു. ധോണി സ്ട്രൈക്ക് കൈമാറാന്‍ വിമുഖത കാണിച്ചതാണ് കുഴപ്പമായത്. അവസാന ഓവര്‍ പരിശോധിക്കുക. സച്ചിന്‍ 199ല്‍ നില്‍ക്കുന്നു. ഒരു റണ്‍സ് എടുത്ത് ലോകത്തിന്‍റെ നെറുകയിലെത്താന്‍ തയ്യാറായി സച്ചിന്‍ നില്‍ക്കുന്നു. എന്നാല്‍ ആദ്യ പന്തില്‍ ധോണി സിക്സ് പായിക്കുന്നു. ധോണി സ്ട്രൈക്ക് കൈമാറിയില്ലെങ്കില്‍ 199 നോട്ടൌട്ട് എന്ന നിലയില്‍ സച്ചിന് തന്‍റെ കളി അവസാനിപ്പിക്കേണ്ടി വരും എന്ന് ക്രിക്കറ്റ് ലോകം ഭയന്ന നിമിഷങ്ങള്‍.

രണ്ടാമത്തെ പന്തിലും സിംഗിള്‍ എടുത്ത് സച്ചിന് സ്ട്രൈക്ക് നല്‍കാന്‍ ധോണി തയ്യാറായില്ല. പകരം പന്ത് ബൌണ്ടറിയിലേക്ക് പായിച്ചു. എന്നാല്‍ സച്ചിന്‍റെ ഭാഗ്യം എന്നു പറയട്ടെ, ബൌണ്ടറി ലൈനില്‍ അത് ഫീല്‍ഡര്‍ തടഞ്ഞു. രണ്ടാമത് ഓടാന്‍ ധോണി ആഞ്ഞതാണ്. എന്നാല്‍ സച്ചിന്‍ അതിന് തയ്യാറായില്ല. നാല്‍പ്പത്തൊമ്പതാം ഓവര്‍ മൂന്നാമത്തെ പന്തില്‍ ഒരു റണ്‍സ് എടുത്ത് സച്ചിന്‍ ചരിത്രം രചിച്ചു. ഏകദിന ക്രിക്കറ്റില്‍ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി.

ഒരു കൂറ്റന്‍ സ്കോര്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് നായകന്‍ ധോണി വിലകല്‍പ്പിച്ചില്ല എന്ന് ഇതിന് മറുന്യായം ഉണ്ടാകാം. എന്നാല്‍ സച്ചിന് 200 റണ്‍സ് അടിക്കാനാകാതെ പോയിരുന്നെങ്കില്‍ ലോകം പഴിചാരുക ധോണിയെ മാത്രമായിരുന്നിരിക്കും എന്നതില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam