ആരാധാകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി സെഞ്ച്വറി (154 നോട്ടൌട്ട്) നല്‍കിക്കൊണ്ട് ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ തന്‍റെ വീര്യം വീണ്ടും തെളിയിച്ചു.
സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച സെഞ്ച്വറി തികച്ചപ്പോള്‍ കരിയറിലെ മുപ്പത്തിയെട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ കുറേകാലമായി ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറിയുടെ പടിക്കലെത്തി പുറത്താവുന്ന രീതിക്ക് ഗവാസ്ക്കര്‍ ബോര്‍ഡര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലൂടെ സച്ചിന്‍ അവസാനം കുറിച്ചിരിക്കുകയാണ്. തൊണൂറുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ തവണ പുറത്താവുന്ന താരമെന്ന റേക്കോര്‍ഡും സച്ചിന്‍റെ പേരിലാണ്.
ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ നേടുന്ന ഏഴാം സെഞ്ച്വറിയാണിത്. ഒരറ്റത്ത് പേസ് ബൌളര്‍ ബ്രെറ്റ് ലീക്ക് മുമ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുട്ടു മടക്കുമ്പോഴും പതറാതെ കളിച്ച സച്ചിന്‍ അര്‍ഹിച്ച സെഞ്ച്വറിയാണ് സിഡ്നിയില്‍ കുറിച്ചത്.
തൊണ്ണൂറുകളില്‍ പുറത്താവുന്ന അവസ്ഥയെ മറികടക്കാന്‍ കഴിഞ്ഞതില്‍ ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ ഏറേ സന്തോഷം പ്രകടിപ്പിച്ചു. ‘ഇതു ശരിക്കും ഒരു മോചനമാണ്, നഷ്ടപ്പെട്ട സെഞ്ച്വറികള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 2007 കൂടുതല്‍ നല്ലതായി അനുഭവപ്പെട്ടേനെ. ഇന്ന് 98 ല്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഞാന്‍ സ്കോര്‍ ബോര്‍ഡില്‍ നോക്കിയത്’ സച്ചിന്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും പഴയ ടെസ്റ്റ് ഗ്രൌണ്ടുകളില്‍ ഒന്നായ സിഡ്നിയില്‍ നാലു വര്‍ഷം മുമ്പ് സച്ചിന്‍ ഒരു ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ സച്ചിന്‍ ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അഭിഭാജ്യ ഘടകമാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്.