Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ചക്ക് ദേ’ ടീം ഇന്ത്യ ഉണരുന്നു

‘ചക്ക് ദേ’ ടീം ഇന്ത്യ ഉണരുന്നു
FILEFILE
ഇന്ത്യന്‍ ടീം കിരീടം നേടുന്നത് സിനിമയില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നായിരുന്നു ഇതുവരെ. എന്നാല്‍ ‘ചക്ക് ദേ ഇന്ത്യ’ എന്നത് ഗെയിമുകളില്‍ ഏര്‍പ്പെടുന്ന ‘മെന്‍ ഇന്‍ ബ്ലൂ’ വിനു ഒന്നാകെ ശീലമായി മാറികഴിഞ്ഞു. ഭാഗികമായും പ്രാദേശികമായും ലഭിച്ച ചെറിയ വിജയങ്ങള്‍ മാത്രം സന്തോഷം നല്‍കിയിരുന്ന ഇന്ത്യന്‍ കായിക രംഗം അടുത്ത കാലത്ത് അന്താരാഷ്ട്ര തലത്തില്‍ മൂന്നു സുപ്രധാന ടൂര്‍ണമെന്‍റുകളാണ് കിരീടം നേടി ആഘോഷിച്ചത്.

അതും ലോക നിലവാരത്തിലുള്ള മൂന്നു ഗെയിമുകളില്‍. ആദ്യം നെഹ്‌റുകപ്പ് ഫുട്ബോള്‍ കിരീടം രണ്ടാമത് ഏഷ്യാ കപ്പ് ഹോക്കി മൂന്നാമത് ട്വന്‍റി ലോകകപ്പ്. ഇന്ത്യന്‍ കായികരംഗം ഉണര്‍വ്വിലേക്കു നീങ്ങുന്നതിന്‍റെ സൂചനകള്‍ തന്നു തുടങ്ങി.

കൂട്ടത്തില്‍ ഏറ്റവും മഹനീയം ടീം ഇന്ത്യ ക്രിക്കറ്റില്‍ നേടിയ ലോകകിരീടം തന്നെ. മുഖ്യ പരിശീലകനില്ലാതെ വേണ്ടത്ര മത്സരപരിചയം കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കോ കളിക്കാര്‍ക്കു പോലുമോ ഒന്നു പൊരുതി നോക്കാം എന്നല്ലാതെ ചാമ്പ്യന്‍‌മാരാകാം എന്ന ഒരു ഉദ്ദേശവും ഇല്ലായിരുന്നു എന്നു വ്യക്തമായിരുന്നു.

സച്ചിന്‍-ഗാംഗുലി-ദ്രാവിഡ് ത്രയം കൂടി ഇല്ല എന്നറിഞ്ഞപ്പോള്‍ ഇനിയെത്ര ഭീകരം എന്നേ അറിയേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ടീം സ്പിരിറ്റില്‍ അവനവന്‍റെ കഴിവില്‍ വിശ്വസിച്ച ഇന്ത്യന്‍ യുവത്വം ഓരോ കളിയിലും മെച്ചപ്പെട്ടു വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ധോനിയുടെ ബുദ്ധിപൂര്‍വ്വമായ നായക സ്ഥാനം കൂടിയായപ്പോള്‍ ഇന്ത്യ മികവിലേക്ക് ഉയര്‍ന്നു.

webdunia
FILEFILE
ഓഗസ്റ്റ് 29 മുതലായിരുന്നു ഇന്ത്യന്‍ ടീം വിജയം ശീലമാക്കാന്‍ ആരംഭിച്ചത്. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സിറിയയെ ഫൈനലില്‍ ഒരു ഗോളിനു മറിച്ച് നെഹ്‌റു കപ്പ് കിരീടം ഫുട്ബോളില്‍ നേടിയതു മുതല്‍. ടൂര്‍ണമെന്‍റില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കളിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഒരു മത്സരമെ പരാജയപ്പെട്ടുള്ളൂ. അതും ധീരമായി പൊരുതി.

ഒരാഴ്ച കഴിഞ്ഞ് സെപ്തംബര്‍ 9 ന് തന്നെ ഇന്ത്യ അടുത്ത അന്താരാഷ്ട്ര കിരീടം ദേശീയ ഗെയിമായ ഹോക്കിയില്‍ നേടി. നെഹ്‌റു കപ്പില്‍ നിന്നും കുറേക്കൂടി വ്യത്യസ്തമായി വന്‍ കരയിലെ തന്നെ കിരീടത്തിലാണ് മുത്തമിട്ടത്. ചെന്നൈയില്‍ നടന്ന കനത്ത പോരാട്ടത്തില്‍ കലാശക്കളിയില്‍ 7-2 നു കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്തു. ടൂര്‍ണമെന്‍റില്‍ ഒന്നാകെ 57 ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്.
webdunia
FILEFILE


അതിനും മുമ്പ് ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ സിന്‍സിനാറ്റിയിലെ പ്രകടനം. ഏഷ്യയിലേയും ലോക ചാമ്പ്യന്‍ഷിപ്പിലെയും ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രകടനം ഇംഗ്ലണ്ടില്‍ നേടിയ ടെസ്റ്റ് പരമ്പരവിജയം എന്നിവയെല്ലാം മികവിനൊപ്പം ചേര്‍ത്തു വയ്‌ക്കാവുന്ന നേട്ടങ്ങളാണ്. മെക്‍സിക്കോയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് മത്സരിക്കുന്ന ലോക ചെസ് ടൂര്‍ണമെന്‍റാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന അടുത്ത കിരീടം.

കായിക രംഗത്ത് ഇന്ത്യ ഒന്നാകെ സന്തോഷിക്കുമ്പോഴും നെഹ്‌റുകപ്പ് ഉയര്‍ത്താന്‍ സഹായിച്ച എന്‍ പി പ്രദീപിന്‍റെ മനോഹരമായ ഇടം കാലന്‍ ഗോളും ട്വന്‍റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്കുയര്‍ത്തിയ ശ്രീശാന്തിന്‍റെ മനോഹരമായ ക്യാച്ചും ഇന്ത്യന്‍ വിജയത്തില്‍ പ്രത്യേകിച്ചും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം തന്നെയാണ്.

Share this Story:

Follow Webdunia malayalam