ക്രിക്കറ്റിന്‍റെ ദൈവത്തിന് 39!
, ചൊവ്വ, 24 ഏപ്രില്‍ 2012 (15:01 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 39 വയസ് തികഞ്ഞു. ഇന്ത്യ ഏറ്റവും സ്നേഹിക്കുന്ന ഈ മനുഷ്യന് ഒരു വയസ് കൂടിയെങ്കിലും ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ല. ഒരു കൌമാരക്കാരനെപ്പോലെ ഇന്നും പരിശീലനത്തിലേര്‍പ്പെടുന്നു, ബാറ്റ് ചെയ്യുന്നു, പന്തെറിയുന്നു, ക്രിക്കറ്റ് ശ്വസിക്കുന്നു!22
വര്‍ഷമായി സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമാണ്. ഇനിയെത്ര താരങ്ങള്‍ ഉദിച്ചാലും ആ ശോഭയ്ക്ക് മങ്ങലേല്‍ക്കില്ല. അത്രയ്ക്കുമുണ്ട് സച്ചിന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍, നാഴികക്കല്ലുകള്‍. ഏകദിനത്തിലെയും ടെസ്റ്റ് ക്രിക്കറ്റിലെയും ഏറ്റവും വലിയ റണ്‍ വേട്ടക്കാരനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ മാസം തന്‍റെ കരിയറിലെ നൂറാം സെഞ്ച്വറിയും അദ്ദേഹം കുറിച്ചു. അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ആര്‍ക്കുവേണമെങ്കിലും പിന്തുടരാം, പക്ഷേ മറികടക്കുക എന്നത് എളുപ്പമല്ല. എളുപ്പമല്ലെന്ന് മാത്രമല്ല, ഏറെക്കുറെ അസാധ്യവുമാണ്.പ്രായം എന്നത് ഒന്നിനും തടസമല്ലെന്നും കഴിവും മനസുമുണ്ടെങ്കില്‍ കീഴടക്കാന്‍ ഇനിയുമേറെ നേട്ടങ്ങളുണ്ടെന്നും സച്ചിന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ടെസ്റ്റിലും ഏകദിനത്തിലും എന്തിന് ട്വന്‍റി20യിലും സച്ചിന്‍ ഏവരുടെയും പ്രിയപ്പെട്ട കളിക്കാരനാകുന്നത്. കുട്ടിക്രിക്കറ്റില്‍ പുതിയ പയ്യന്‍മാര്‍ വമ്പനടികള്‍ അടിക്കുമ്പോള്‍ അതിനും മേലെ നില്‍ക്കാനാണ് സച്ചിന്‍ ശ്രമിക്കുന്നത്. ഈ നിരന്തരമായ പരിശ്രമമാണ് പകരം വയ്ക്കാനില്ലാത്ത ജീനിയസാക്കി സച്ചിനെ മാറ്റിയത്.ഏവരും ഉറ്റുനോക്കുന്നത് സച്ചിന്‍ 2015ലെ ലോകകപ്പില്‍ കളിക്കുമോ എന്നാണ്. ഇപ്പോഴത്തെ ഫോമില്‍ അദ്ദേഹം കളിക്കാതിരിക്കാന്‍ ഒരു സാധ്യതയുമില്ല. മാത്രമല്ല, ഏത് ലോകകപ്പിലും ഇന്ത്യയുടെ ധൈര്യമാണ് സച്ചിന്‍. അദ്ദേഹം കൂടെയുണ്ടായാല്‍ മതി, ബാറ്റ് തൊടണമെന്നുകൂടിയില്ല. ടീമിന്‍റെ ആത്മവിശ്വാസം സച്ചിന്‍ എന്ന ചെറിയ മനുഷ്യനാണ്.സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കണമെന്ന ആവശ്യം നാലുപാടുനിന്നും ഉയരുന്ന സമയമാണിത്. അതേക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. അദ്ദേഹം ആ ബഹുമതിക്ക് തീര്‍ത്തും അര്‍ഹനാണ്. ഭാരതരത്ന ലഭിക്കുമോ ഇല്ലയോ എന്നത് മാറ്റിനിര്‍ത്താം, സച്ചിന്‍ എന്നേ ഭാരതത്തിന്‍റെ വിലമതിക്കാനാവാത്ത രത്നമായി മാറിക്കഴിഞ്ഞു. ഹാപ്പി ബര്‍ത്ത്‌ഡേ സച്ചിന്‍....
Follow Webdunia malayalam