സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ഓള്‍ റൌണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ ആയിരിക്കും ക്യാപ്റ്റനെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ക്യാപ്റ്റനായിരുന്ന മഷ്‌റഫേ മൊര്‍ത്താസ പരുക്കില്‍ നിന്ന് മുക്തനാകാത്തതിനെ തുടര്‍ന്നാണിത്.
വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ച് ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റനാണ് ഷക്കീബ് അല്‍ ഹസന്‍. ഓഗസ്റ്റില്‍ ഷക്കീബിന്‍റെ നേതൃത്വത്തില്‍ സിംബാബ്‌വെയെ ഏകദിന പരമ്പരയിലും ബംഗ്ലാദേശ് 4-1 ന് പരാജയപ്പെടുത്തിയിരുന്നു.
ഇരുകാല്‍മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായ മൊര്‍ത്താസയ്ക്ക് നവംബര്‍ പകുതിവരെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പതിന്നാലംഗ സ്ക്വാഡിലേക്ക് പരുക്കില്‍ നിന്ന് മുക്തനായ ഇടംകയ്യന്‍ സ്പിന്നര്‍ അബ്ദുര്‍ റസാഖിനെ തിരികെ വിളിച്ചിട്ടുണ്ട്. അതേസമയം സയിദ് റസലിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഷഹദാത് ഹൊസൈനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ധാക്കയില്‍ ഒക്ടോബര്‍ 27, 29,31 തീയതികളിലാണ് ആദ്യ മൂന്ന് മത്സരങ്ങള്‍ നടക്കുക. നവംബര്‍ ആദ്യം ചിറ്റഗോംഗിലാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍.