പാകിസ്ഥാനെതിരെ ഇന്ന് നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതുല്യ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. കോലിയുടെ നൂറാമത്തെ ടി20 മത്സരമാണ് ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്നത്. ഇതോടെ ക്രിക്കറ്റിൻ്റെ 3 ഫോർമാറ്റിലും നൂറ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമായി കോലി മാറും. ന്യൂസിലൻഡിൻ്റെ റോസ് ടെയ്‌ലറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.
2008ലാണ് കോലി ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. തുടർന്ന് തുടർച്ചയായി കോലി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 2020ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച റെക്കോർഡും കോലിയുടെ പേരിലാണ്. 62 മത്സരങ്ങളാണ് 2020 മുതൽ കോലി ഇന്ത്യയ്ക്കായി കളിച്ചത്.