ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ തന്നെ നായാകത്വം, ലോകോത്തര താരങ്ങൾ, എന്നിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇതുവരെ ഒരു ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. തുടർച്ചയായി ഇക്കാര്യത്തിൽ കോഹ്‌ലി പരാജയപ്പെടുന്നതിനാൽ ആരാധകർ നിരാശയിലാണ്. കോഹ്‌ലിയുടെ നായകത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് ഈ സീസണ് ശേഷം കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
എന്നാൽ എന്താണ് ആർസിബിയുടെ പരാജയം എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മികച്ച തുടക്കം നൽകാനാവാത്ത ഓപ്പണറായിരുന്നു ആർസിബിയുടെ ഏറ്റവും വലിയ പരാജയം എന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ഓസ്ട്രേലിയയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റനായ ആരോൺ ഫിഞ്ചായിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണർ.
'മുംബൈ ഇന്ത്യൻസിനായി ക്വിന്റൺ ഡീകോക്കും, പഞ്ചാബിനാായി മായങ്ക് അഗർവാളും നടത്തിയതുപോലൊരു പ്രകടനമാണ് ഫിഞ്ചിൽനിന്നും ആർസിബി പ്രതീക്ഷിച്ചത്, ദേവ്ദത്ത് പടിയ്ക്കലിനൊപ്പം ഫിഞ്ചും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു എങ്കിൽ സമ്മർദ്ദങ്ങളില്ലാതെ കോഹ്‌ലിയ്ക്കും ഡിവില്ലിയേഴ്സിനും കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. എന്നാൽ ഫിഞ്ച് പരാജയമായി. മുടക്കിയ പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള പ്രകടനം ഫിഞ്ചിൽ നിന്നും ഉണ്ടായില്ല. ഫോമിലല്ലാഞ്ഞിട്ടുകൂടി ആർസിൻബി ഫിച്ചിന് കൂടുതാൽ അവസരങ്ങൾ നൽകുകയും ചെയ്തു. ടീമിന് വലിയ തിരിച്ചടിയായത് ഫിഞ്ചിന്റെ പ്രകടനമാണ്.' ആകാശ് ചോപ്ര പറഞ്ഞു.