സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ പേസ് ബൗളിങ് താരം ജസ്പ്രീത് ബുമ്ര. ചുരുങ്ങിയ കാലത്തിനിടയിലാണ് ഇന്ത്യൻ താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത്. ബൗളിങിൽ ബുമ്ര എത്രത്തോളം മികച്ചതാണ് എന്നതിനെ പറ്റി ക്രിക്കറ്റ് പണ്ഡിതർക്കിടയിൽ പോലും തർക്കമില്ല . എന്നാൽ ജസ്പ്രീത് ബുമ്ര വെറും ഊതി വീർപ്പിച്ച ബലൂൺ മാത്രമാണെന്ന പ്രസ്ഥാവനയുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരമായ അബ്ദുൾ റസാഖ്.
ഇൻസൈഡ് ഔട്ട് വിത്ത് യൂസഫ് അൻജും എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പാക് മുൻ താരം ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ബുമ്ര വെറും ബേബി ബൗളറാണ് എന്നാണ് അബ്ദുൾ റസാഖ് പറയുന്നത്. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ലോകമെമ്പാടുമുള്ള ലോകോത്തര ബൗളർമാർക്കെതിരെ കളിച്ച താരമാണ് ഞാൻ. ആ എനിക്ക് ബുമ്രയെ നേരിടുക എന്നത് പ്രശ്നമുള്ള കാര്യമല്ല. എന്നെ നേരിടുമ്പോൾ സമ്മർദ്ദം ബുമ്രക്കായിരിക്കും. കാരണം വസീം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷുഹൈബ് അക്തർ എന്നിങ്ങനെ മികച്ച ബൗളർമാരെ നേരിടുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അതിനാൽ തന്നെ ബുമ്രയുടെ മുകളിൽ ആധിപത്യം പുലർത്താൻ എനിക്കാകും. എന്നെ സംബന്ധിച്ച് ബുമ്ര എന്നത് വെറും ബേബി ബൗളർ മാത്രമാണ് റസാഖ് വ്യക്തമാക്കി.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പരിഹാസമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. റസാഖ് അത്ര മികച്ച താരമാണെങ്കിൽ ഇപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ തല്ലും ബൗളർമാരുടെ ഏറും കൊണ്ട് വലയുന്ന പാകിസ്ഥാൻ ടീമിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.