Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ് ഷായുടെ പിടിവാശി മൂലം ഇല്ലാതായത് ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇന്ത്യ പാക് മത്സരങ്ങള്‍ക്ക് പോലും സ്‌റ്റേഡിയത്തില്‍ ആളെ നിറയ്ക്കാനാവുന്നില്ല

jay shah
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (13:50 IST)
ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മൂന്നാം മത്സരവും മഴയില്‍ കുതിര്‍ന്നതോടെ ഏഷ്യാകപ്പ് നടത്തിപ്പിനെതിരെ ആരാാധകര്‍ രംഗത്ത്. പാകിസ്ഥാനില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ ബിസിസിഐയുടെ പിടിവാശി മൂലമാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. ഏഷ്യാകപ്പ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ കളിച്ചില്ലെങ്കിലും പകരം വേദികളായി യുഎഇയും ബംഗ്ലാദേശുമെല്ലാം സാധ്യതകളായി ഉണ്ടായിരുന്നു. എന്നാല്‍ എസിസി പ്രസിഡന്റായ ജയ് ഷായുടെ പിടിവാശി മൂലം ടൂര്‍ണമെന്റ് വേദിയായി ശ്രീലങ്കയെ തിരെഞ്ഞെടുക്കുകയായിരുന്നു.
 
മഴക്കാലത്ത് ശ്രീലങ്കയില്‍ തന്നെ മത്സരം വെയ്ക്കാനുള്ള ജയ് ഷായുടെ തീരുമാനം ടൂര്‍ണമെന്റ് തന്നെ നശിപ്പിച്ചെന്നും ഇന്ത്യ പാക് മത്സരങ്ങളുടെ ആവേശത്തില്‍ പോലും മഴ വെള്ളം കോരിയിട്ടപ്പോള്‍ ടൂര്‍ണമെന്റ് അക്ഷരാര്‍ഥത്തില്‍ നനഞ്ഞ പടക്കം പോലെയായെന്നും ആരാധകര്‍ പറയുന്നു. ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരത്തില്‍ പോലും സ്‌റ്റേഡിയം നിറഞ്ഞിരുന്നില്ല. മഴ സാധ്യതയുള്ളതിനാല്‍ മത്സരം നടക്കില്ലെന്ന് ഉറപ്പുള്ളതാണ് ആളുകളുടെ പങ്കാളിത്തത്തെയും ബാധിച്ചത്. ഇന്നലെ കനത്ത മഴ മൂലം ഇന്ത്യ പാക് മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ് ദിനമായ ഇന്നും നാളെയും മഴ സാധ്യതയുണ്ട്. മറ്റന്നാള്‍ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 
ശ്രീലങ്കയില്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരത്തിന് റിസര്‍വ് ദിനമുണ്ടെങ്കിലും ടൂര്‍ണമെന്റില്‍ മറ്റ് ടീമുകളുടെ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. ഈ തീരുമാനത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. നേരത്തെ ഏഷ്യാകപ്പ് വേദിയായി ശ്രീലങ്കയെ പരിഗണിക്കുമ്പോള്‍ തന്നെ കാലാവസ്ഥ വില്ലനാകുമെന്നും മത്സരങ്ങള്‍ മുടങ്ങുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകളെയെല്ലാം മറികടന്നാണ് ഏഷ്യാകപ്പിന്റെ നടത്തിപ്പ് ചുമതല ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായ ജയ് ഷാ ശ്രീലങ്കയ്ക്ക് കൈമാറിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജസ്പ്രീത് ബുംറയുടെ കുഞ്ഞിന് സമ്മാനവുമായി ഷഹീന്‍ അഫ്രീദി; വീഡിയോ വൈറല്‍