ലോകക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പർമാർക്കിടയിലാണ് ഓസീസ് കീപ്പറായിരുന്ന ആദം ഗിൽക്രിസ്റ്റിന്റെ സ്ഥാനം. ഇടിവെട്ട് ബാറ്റിങ് കൂടി കാഴ്ച്ച വെക്കുന്ന കീപ്പിങ് താരം എന്ന നിലയിൽ ക്രിക്കറ്റിൽ കീപ്പറുടെ റോൾ തന്നെ മാറ്റിമറിച്ചത് ഗില്ലിയാണ്. ഗില്ലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അതേ പോലെ മറ്റൊരു താരത്തിനെ ഓസീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.
വിരമിച്ച ശേഷം ഇപ്പോൾ കമന്ററിയിൽ സജീവമായ താരം നിലവിലെ വിക്കറ്റ് കീപ്പർമാരിൽ ആരാണ് മികച്ചത് എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര പ്രിയമില്ലാത്ത ഒരു കളിക്കാരനാണ് ഗില്ലിയുടെ ഫേവറിറ്റ്.
ന്യൂസിലൻഡ് താരമായ ബിജെ വാട്ലിങിനെയാണ് ഗിൽക്രിസ്റ്റ് നിലവിലെ ഒന്നാം നമ്പർ കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. വാട്ലിങ് അസാധ്യ പ്രതിഭയുള്ള വിക്കറ്റ് കീപ്പറാണ്. പ്രത്യേകിച്ചു ടെസ്റ്റിൽ. ഗ്രൗണ്ടിൽ എത്തിയാൽ കളിയോട് അതിയായി ആർത്തി കാണിക്കുന്ന താരമാണ് അദ്ദേഹം. ന്യൂസിലൻഡിന്റെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം നോക്കിയാൽ അവരിൽ ഒന്നാമത് അദ്ദേഹമായിരിക്കും. ഗില്ലി പറയുന്നു.
ടെസ്റ്റിൽ ഇതിനകം 40 ശരാശരിയിൽ എട്ടോ,ഒൻപതോ സെഞ്ചുറികൾ വാട്ലിങ് നേടിയിട്ടുണ്ട്. ലോകക്രിക്കറ്റിൽ ഇത്രയും സ്ഥിരതയുള്ള പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പറെ കാണീച്ചു തരു. മറ്റാരും തന്നെ ഇത്രയും മികച്ച പ്രകടനം നടത്തുന്നില്ല എന്നത് ഉറപ്പിച്ചു പറയാമെന്നും ഗില്ലി കൂട്ടിച്ചേർത്തു.
കീപ്പർ എന്ന നിലയിൽ ഓസീസ് ക്യാപ്റ്റൻ ടിം പെയ്‌ൻ മികച്ച താരമാണെങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ അത്ര പോരെന്നാണ് ഗില്ലി പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡിക്കോക്ക് കാണികളെ ഹരം കൊള്ളിക്കുന്ന വിക്കറ്റ് കീപ്പറാണെങ്കിലും വാട്ലിങിന്റെ അത്ര സ്ഥിരതയില്ലെന്നും ഓസീസ് ഇതിഹാസം പറഞ്ഞു.