ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും താത്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. ലോകകപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇരുതാരങ്ങളും ടീമിലെത്തുന്നത് നിലവിലെ ടീം ബാലന്‍സ് തകര്‍ക്കുമെങ്കിലും ഇതിഹാസതാരങ്ങള്‍ക്ക് അവസരം നിഷേധിക്കാനും ബിസിസിഐയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇരുതാരങ്ങളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കര്‍ എന്നാണ് പുറത്തുവരുന്ന വിവരം.
2022ല്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇരുതാരങ്ങളും ഇന്ത്യയ്ക്കായി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. എങ്കിലും ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ഇരുതാരങ്ങളും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇരുതാരങ്ങളെയും ലോകകപ്പില്‍ കളിപ്പിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ് പരമ്പരയില്‍ ഇരു താരങ്ങളെയും ഉള്‍പ്പെടുത്തേണ്ടതായി വരും. ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. ഇക്കാര്യത്തില്‍ വ്യക്തത തേടാനാണ് അഗാര്‍ക്കര്‍ സൂപ്പര്‍ താരങ്ങളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.
കേപ്ടൗണില്‍ എത്തുന്ന ചീഫ് സെലക്ഷന്‍ കമ്മീഷണര്‍ അജിത് അഗാര്‍ക്കര്‍ രോഹിത്തിനും കോലിയ്ക്കും പുറമെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തും. വരുന്ന ഐപിഎല്ലില്‍ നിരീക്ഷിക്കേണ്ട താരങ്ങളുടെ ചുരുക്കപ്പെട്ടികയും ചര്‍ച്ചയില്‍ ഇവര്‍ തയ്യാറാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.കോലിയും രോഹിത്തും ടി20 ലോകകപ്പ് ടീമിൽ തിരിച്ചെത്തുമോ? താരങ്ങളുമായി നിർണായക ചർച്ചയ്ക്കൊരുങ്ങി അഗാർക്കർ