ധോണി നായകനായാൽ കളി ജയിച്ചു എന്നർത്ഥം, പ്രശംസ കൊണ്ടുമൂടി ആൽബി മോർക്കൽ

അഭിറാം മനോഹർ

ചൊവ്വ, 24 മാര്‍ച്ച് 2020 (10:54 IST)
ഐപിഎല്‍ ടീം ചെന്നൈ സൂപ്പർ കിംഗ്‍സ് നായകനായ ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് മുൻ സഹതാരമായ ആൽബി മോർക്കൽ. വെള്ള പന്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളും ലോകത്തെ തന്നെ മികച്ച ക്യാപ്‌റ്റനുമാണ് ധോണിയെന്ന് ആൽബി മോർക്കൽ പറയുന്നു. ചെന്നൈ ടീമിൽ ധോണിക്ക് വലിയ സ്ഥാനമാണുള്ളത്. ഇന്ത്യയില്‍ ധോണിക്ക് എത്രത്തോളം മഹത്തരമായ സ്ഥാനമാണുള്ളതെന്നും  അയാളുടെ കളിശൈലി എങ്ങനെയാണെന്നും നമുക്കറിയാം.വെള്ളപന്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ് ധോണിയെന്നും മോർക്കൽ പറഞ്ഞു.
 
 താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കണമെന്ന് ധോണിക്ക് കൃത്യമായി അറിയാം. കോർ ഗ്രൂപ്പിനെ ഏറെകാലം ടീമിനൊപ്പം നിലനിർത്തുന്നതും തുടർച്ചയായി ഒരേ നായകന് കീഴിൽ കളിക്കുന്നതുമാണ് ചെന്നൈയുടെ വിജയം. ധോണി ഒരു മികച്ച ക്യാപ്‌റ്റനാണ്. ടീമിലെ ഓരോ താരത്തിൽ നിന്നും എങ്ങനെ മികച്ച പ്രകടനം പുറത്തെടുപ്പിക്കാമെന്ന് അദ്ദേഹത്തിനറിയാം.അതിനാൽ തന്നെ ധോണിയെ നായകനായി ലഭിച്ചാൽ തന്നെ മത്സരം ജയിച്ചു എന്നാണർത്ഥം മോർക്കൽ പറഞ്ഞു.
 
 
കഴിഞ്ഞ വർഷമാണ് ആൽബി മോർക്കൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.ധോണിക്ക് കീഴില്‍ പത്ത് സീസണുകളില്‍ മൂന്ന് തവണയാണ് ചെന്നൈ ചാമ്പ്യന്മാരായത്. അഞ്ച് തവണ റണ്ണറപ്പുകളായി. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനെന്ന് വിശേഷിപ്പിക്കുന്ന താരമാണ് ധോണി.ഇതുവരെ 190 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4432 റൺസ് ധോണി നേടിയിട്ടുണ്ട്. ഇതിൽ 23 അർധ സെഞ്ചുറികൾ ഉൾപ്പെടുന്നു. 137.85 ആണ് ധോണിയുടെ സ്ട്രൈക്ക് റേറ്റ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്പെയിനിൽ കൊവിഡ് 19 പടരുന്നു, ലാ ലിഗ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു