Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി അഞ്ചാം തോൽവി, മുറിവേറ്റ ഓസീസ് ലോകകപ്പിൽ അപകടകാരികളാകും, 2021 തന്നെ അതിന് ഉദാഹരണം

തുടർച്ചയായി അഞ്ചാം തോൽവി, മുറിവേറ്റ ഓസീസ് ലോകകപ്പിൽ അപകടകാരികളാകും, 2021 തന്നെ അതിന് ഉദാഹരണം
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (13:32 IST)
ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രമെടുത്താല്‍ അതില്‍ ഓസ്‌ട്രേലിയന്‍ ടീമിനോളം ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീം ഇല്ലെന്ന് തന്നെ പറയാം. 1999ലെ കിരീടനേട്ടത്തിന് പിന്നാലെ രൂപപ്പെട്ട ഓസീസ് ടീം പോണ്ടിംഗിന്റെ നായകത്വത്തിന് കീഴില്‍ അതിന്റെ പൂര്‍ണ്ണമായ രൗദ്രഭാവത്തിലേക്ക് മാറിയപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഒരു ശക്തിക്കും ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോ എന്നൊരു ചോദ്യം പോലും ക്രിക്കറ്റ് ലോകത്ത് നിലനിന്നിരുന്നു. ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ഓസീസ് തുടര്‍ച്ചയായി 3 ലോകകിരീടങ്ങളാണ് തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചത്.
 
എന്നാല്‍ 2023ലെ ലോകകപ്പ് അടുക്കുമ്പോള്‍ അവസാനമായി കളിച്ച അഞ്ച് ഏകദിനങ്ങളിലും ഓസ്‌ട്രേലിയന്‍ ടീം പരാജയപ്പെട്ടുകഴിഞ്ഞു. മറ്റേതൊരു ടീമാണെങ്കിലും ഇത് ടീമിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന പരിപാടിയാണെന്ന് തന്നെ പറയാം. പക്ഷേ എത്രവട്ടം വീണാലും എണീറ്റ് നില്‍ക്കും എന്നതാണ് ഒരു ചാമ്പ്യന്‍ ടീമിന്റെ ലക്ഷണമെങ്കില്‍ അത് പലകുറി കളിക്കളത്തില്‍ കാണിച്ച് തന്നിട്ടുള്ള ടീമാണ് ഓസ്‌ട്രേലിയ. അതിനാല്‍ തന്നെ തോറ്റമ്പി നില്‍ക്കുന്ന ഓസീസ് ടീമിനെ ലോകകപ്പിലും ഭയക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് 2021ലെ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസീസ് ടീം.
 
യുഎഇയില്‍ നടന്ന അന്നത്തെ ലോകകപ്പിന് മുന്‍പ് നടന്ന 9 ടി20 മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടാണ് ഓസ്‌ട്രേലിയ യുഎഇയിലെത്തിയത്. അതിനാല്‍ തന്നെ ലോകകപ്പില്‍ സാധ്യത കുറവ് കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ ഒന്നായിരുന്നു ഓസീസ്. എന്നാല്‍ ലോകകപ്പില്‍ കളി തുടങ്ങിയതും ഉറങ്ങികൊണ്ടിരുന്ന സിംഹങ്ങള്‍ ഉറക്കമുണര്‍ന്നു. ബംഗ്ലാദേശിനോടും വെസ്റ്റിന്‍ഡീസിനോടും ടി20 പരമ്പര തോറ്റെത്തിയ ഓസീസായിരുന്നു 2021ലെ ലോകകപ്പ് വിജയികളായി മാറിയത്.
 
അത് മാത്രമല്ല 2007ല്‍ നടന്ന ഏകദിന ലോകകപ്പിന് മുന്‍പ് നടന്ന പരമ്പരകളിലും തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് റിക്കി പോണ്ടിംഗും കൂട്ടരും ലോകകപ്പിനെത്തിയത്. എന്നാല്‍ ആ ലോകകപ്പില്‍ ഒരൊറ്റ മത്സരവും തോല്‍ക്കാതെ തന്നെ ഓസീസ് കിരീടമുയര്‍ത്തി. 2023ലെ ഏകദിനലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യമത്സരം. ഏകദിന പരമ്പരയിലെ പരാജയത്തിന്റെ കയ്പ്പിന് ലോകകപ്പില്‍ ഓസീസ് പകരം വീട്ടുമോ അതോ ഇന്ത്യ വിജയത്തുടര്‍ച്ച നേടുമോ എന്ന് കണ്ടറിയേണ്ട കാഴ്ചയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയും രോഹിത്തും വരുമ്പോള്‍ എന്ത് ചെയ്യും? പുറത്താകാന്‍ സാധ്യത ഇവര്‍, തലപുകച്ച് ദ്രാവിഡ്