Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിന് സാധിച്ചേക്കില്ല, ഉമേഷിന് കഴിയും - കോഹ്‌ലിയുടെ അതിബുദ്ധിയില്‍ തകര്‍ന്നത് ഓസീസിന്റെ ചങ്ക്

ഉമേഷിനെ അത് കഴിയു എന്ന് ഉറപ്പുണ്ടായിരുന്നു; കോഹ്‌ലിയുടെ അതിബുദ്ധിയില്‍ തകര്‍ന്നത് ഓസീസിന്റെ ചങ്ക്

Australia tour of India
ബംഗലുരു , ബുധന്‍, 8 മാര്‍ച്ച് 2017 (14:38 IST)
അഭിമാന വിജയമാണ് ബംഗ്ലൂരില്‍ ഇന്ത്യ നേടിയത്. തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ മതിമറന്നിരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനും ഇരുട്ടടി നല്‍കിയ തോല്‍‌വിയാണ് പൂനെയില്‍ ഓസ്‌ട്രേലിയ സമ്മാനിച്ചത്. പരമ്പരയില്‍ പ്രതീക്ഷ തുടരണമെങ്കില്‍ ഈ ടെസ്‌റ്റില്‍ ജയിച്ചേ തീരു എന്നറിയാവുന്ന ടീം ഇന്ത്യ രണ്ടാം ടെസ്‌റ്റില്‍ ഓസീസ് ടീമില്‍ നിന്ന് ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും തകര്‍ന്നടിഞ്ഞതാണ് പൂനെയിലെ തോല്‍‌വിക്ക് കാരണം. സ്‌പിന്‍ കുഴിയൊരുക്കി ഓസ്‌ട്രേലിയന്‍ ടീമിനെ വീഴ്‌ത്താമെന്ന അമിതവിശ്വാസമാണ് ആദ്യ ടെസ്‌റ്റിലെ ഇന്ത്യയുടെ  തോല്‍‌വിക്ക് കാരണം. ഒക്കീഫിയും നാഥന്‍ ലിയോണും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയപ്പോള്‍ ആര്‍ അശ്വിന്‍ എന്ന ഇന്ത്യന്‍ സ്‌പിന്നര്‍ പൂനെയില്‍ വന്‍ പരാജയമായി.

കഴിഞ്ഞ രണ്ട് ടെസ്‌റ്റിലും വിരാട് കോഹ്‌ലി എന്ന അമാനുഷികന്റെ പരാജയം ക്രിക്കറ്റ് ലോകത്തിന് കാണേണ്ടിവന്നു. രണ്ടാം ടെസ്‌റ്റില്‍ ആര്‍ക്കും ജയിക്കാമെന്ന അവസ്ഥയായിരുന്നു. 67 റൺസിന് ആറു വിക്കറ്റെടുത്ത ഹെയ്സൽവുഡിന്റെ മുന്നിൽ ഇന്ത്യൻ ഇന്നിങ്സ് 274 റൺസിൽ അവസാനിച്ചപ്പോള്‍ ഓസീസിന് വിജയലക്ഷ്യം 188 റൺസ്. ലീഡ് 150 കടന്നപ്പോള്‍ തന്നെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു ഓസീസ് ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്.

പ്രതിരോധിക്കാതെ അടിച്ചു കളിക്കുക എന്ന തന്ത്രം മാത്രം മുന്നില്‍ നില്‍ക്കവെ ഡേവിഡ് വാര്‍ണര്‍ പുറത്തായതോടെ സന്ദര്‍ശകര്‍ക്ക് സമ്മര്‍ദ്ദമായി. പന്ത് താഴ്‌ന്ന് വരുന്നതും പിച്ച് സ്‌പിന്നിന് സഹായമൊരുക്കുകയും ചെയ്‌തതോടെ കളി ഇന്ത്യയുടെ വരുതിയിലെത്തി. പൂനെ ടെസ്‌റ്റില്‍ പഴികേട്ട അശ്വിന്‍ തന്റെ മാന്ത്രിക സ്‌പെല്‍ പുറത്തെടുത്തതോടെ ഓസീസ് ചീട്ട് കൊട്ടാരം പോലെ തകരാന്‍ തുടങ്ങി.

ആര്‍ക്കും ജയിക്കാമെന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ കോഹ്‌ലിക്കും പങ്കുണ്ട്. ബുദ്ധിരാക്ഷസനായ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട അദ്ദേഹം ഫീല്‍‌ഡിലും ബോളിംഗിലും കൃത്യമായ മാറ്റങ്ങള്‍ വരുത്തി. വാര്‍ണര്‍ പുറത്തായ ശേഷം കളി ഇന്ത്യയുടെ വരുതിയില്‍ നിര്‍ത്താന്‍ ഈ നീക്കങ്ങള്‍ക്കായി. വിലപ്പെട്ടത് സ്‌മിത്തിന്റെ വിക്കറ്റാണെന്ന് അറിയാവുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഉമേഷ് യാദവിനെ പന്തേല്‍പ്പിച്ചത് വെറുതയല്ല. പൂനെയിലെ വാരിക്കുഴിയില്‍ സെഞ്ചുറി നേടിയ ഓസീസ് നായകന്‍ ഇവിടെയും സ്‌പിന്നിനെ നേരിടുമെന്ന് കോഹ്‌ലിക്ക് ഉറപ്പുണ്ടായിരുന്നു.

സ്‌മിത്ത് താ‍ളം കണ്ടെത്തിയാല്‍ അപകടമുറപ്പെന്ന് അറിയാവുന്ന കോഹ്‌ലി ഉമേഷിന് പന്ത് നല്‍കിയത് പിച്ചിന്റെ സ്വഭാവം മനസിലാക്കിയാ‍ണ്. അപ്രതീക്ഷിതമായി താഴ്‌ന്നുവന്ന പന്ത് സ്‌മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ കോഹ്‌ലിയിലെ നായകന്റെ മറ്റൊരു വിജയം കൂടിയായിരുന്നു. അശ്വിന്‍ തനിസ്വരൂപം പുറത്തെടുത്തപ്പോള്‍ മറ്റു വിക്കറ്റുകള്‍ പിഴുതെടുക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രണ്ട് ഇന്നിംഗ്‌സിലും അർധസെ‍ഞ്ചുറി നേടിയ കെഎൽ രാഹുലിന്റെ പ്രകടനത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. രണ്ടാം ഇന്നിംഗ്‌സില്‍ പൂജാരയും രഹാനെയും നടത്തിയ പ്രകടനവും ജയത്തിന് കാരണമാ‍യി.  വരും ടെസ്‌റ്റുകളില്‍ ജയം സ്വന്തമാക്കണമെങ്കില്‍ ഇന്ത്യക്ക് വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്റെ പ്രകടനം. ഇതോടെ അടുത്ത ടെസ്‌റ്റുകള്‍ കൂടുതല്‍ തീവൃമാകുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് വിരമിക്കുന്നു ?; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ് !