ടി20 ലോകകപ്പില്‍ യുഎസിനോടേറ്റ അപ്രതീക്ഷിതമായ തോല്‍വിയില്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരെയും ബൗളര്‍മാരെയും കുറ്റപ്പെടുത്തി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഗ്രൂപ്പ് എ യില്‍ ദുര്‍ബലരായ യുഎസിനെതിരെ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു പാകിസ്ഥാന്റെ പരാജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ് 3 വിക്കറ്റ് നഷ്ടത്തില്‍ പാക് സ്‌കോറിനൊപ്പമെത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ യുഎസ് 19 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ വെച്ചപ്പോള്‍ 13 റണ്‍സെടുക്കാനെ പാകിസ്ഥാന് സാധിച്ചുള്ളു.
മത്സരത്തീന് പിന്നാലെയാണ് ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്വം പാക് നായകന്‍ സഹതാരങ്ങളുടെ തോളില്‍ ചാരിയത്. രണ്ട് പവര്‍ പ്ലേയിലും ടീമിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് ബാബര്‍ പറഞ്ഞു. പവര്‍ പ്ലേ ഞങ്ങള്‍ക്ക് മുതലാക്കാനായില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനെ പ്രതിരോധത്തിലാക്കി. ഒരു ബാറ്ററെന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കുകയും കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യണം. ബൗളിഗില്‍ വന്നപ്പോഴും പവര്‍ പ്ലേയില്‍ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ക്കായില്ല. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ സ്പിന്നര്‍മാരും പരാജയപ്പെട്ടു. അതിനാല്‍ തന്നെ മത്സരം കൈവിട്ടു. വിജയത്തില്‍ യുഎസ് ക്രെഡിറ്റ് അര്‍ഹിക്കുന്നു. 3 ഡിപ്പാര്‍ട്ട്‌മെന്റിലും അവര്‍ ഞങ്ങളേക്കാള്‍ നന്നായി കളിച്ചു. മത്സരശേഷം ബാബര്‍ പറഞ്ഞു.
തോല്‍വിയോടെ പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് സാധ്യതകള്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഗ്രൂപ്പ് എയിലെ ആദ്യ 2 സ്ഥാനക്കാരാണ് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ പ്രവേശനം നേടുക. കാനഡയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും വിജയിക്കാനായതോടെ യുഎസാണ് നിലവില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍. ഇന്ത്യക്കെതിരായ അടുത്ത മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍ക്കുകയാണെങ്കില്‍ പാകിസ്ഥാന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും. പിന്നീട് അയര്‍ലന്‍ഡ്,കാനഡ ടീമുകള്‍ക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍.