ഇതാണോ ഫോമിലുള്ള ബാബർ? കരിയർ പീക്കിലുള്ള ബാബറിനേക്കാൾ നന്നായി ഫോം നഷ്ടപ്പെട്ട കോലി കളിക്കും: വിമർശനവുമായി ഇന്ത്യൻ ആരാധകർ
കരിയറിലെ പീക്ക് ഫോമിൽ ഏഷ്യാകപ്പിനെത്തിയ ബാബർ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഏഷ്യാകപ്പിൽ പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ശ്രീലങ്ക. ലോകത്തര താരങ്ങൾ ബാറ്റിങ്ങിലും ബൗളിങ്ങിലും അണിനിരന്നിട്ടും ഇത്തവണ കിരീടം സ്വന്തമാക്കാൻ പാകിസ്ഥാനായില്ല. സൂപ്പർ താരമായ ബാബർ അസം നിരാശപ്പെടുത്തിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. കരിയറിലെ പീക്ക് ഫോമിൽ ഏഷ്യാകപ്പിനെത്തിയ ബാബർ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാൻ ടൂർണമെൻ്റിലെ ടോപ് സ്കോററായപ്പോൾ ആറ് ഇന്നിങ്ങ്സുകളിൽ നിന്ന് ബാബർ അസം നേടിയത് 11.33 ശരാശരിയിൽ 68 റൺസ് മാത്രം. ഇതോടെ കോലിയെ വെല്ലുമെന്ന് പറഞ്ഞ ബാബർ അസം ഇത്രമാത്രമേയുള്ളോ എന്ന ചോദ്യവുമായി സജീവമായിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. പാകിസ്ഥാൻ്റെ വാലറ്റ താരങ്ങളായ ധഹാനി,നസീം ഷാ എന്നിവരേക്കാൾ താഴ്ന്ന ശരാശരിയാണ് ബാബറിന് ടൂർണമെൻ്റിലുള്ളത്.
ഇവനെയാണോ കിങ് കോലിയുമായി താരതമ്യം ചെയ്യുന്നതെന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്. ടൂർണമെൻ്റിൽ ബാബർ നിറം മങ്ങിയപ്പോൾ ഉജ്ജ്വലമായ സെഞ്ചുറിയിലൂടെ കോലി വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. ടൂർണമെൻ്റിനിടെ ടി20യിലെ ഒന്നാം സ്ഥാനം ബാബറിന് നഷ്ടമായിരുന്നു. പാകിസ്ഥാൻ ടീമിലെ സഹതാരമായ മുഹമ്മദ് റിസ്‌വാനാണ് ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്.