ക്രിക്കറ്റ് ലോകത്ത് ചിരവൈരികളാണ് ഇന്ത്യയും പാകിസ്ഥാനുമെങ്കിലും ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ആത്മബന്ധമാണ് നിലനില്‍ക്കുന്നത്. കളിക്കളത്തില്‍ പരസ്പരം കടിച്ചുകീറുമ്പോഴും ഒരു പരസ്പരബഹുമാനം കളിക്കാര്‍ തമ്മില്‍ സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ബാബര്‍ അസമുമായുള്ള ബന്ധത്തെപറ്റി മനസ്സ് തുറന്നിരുന്നു.
എനിക്ക് ബാബറില്‍ നിന്നും ആദ്യദിവസം മുതല്‍ വലിയ അളവിലുള്ള ബഹുമാനമാണ് ലഭിക്കുന്നത്. നിലവില്‍ ലോകക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച് നില്‍ക്കുന്ന ബാറ്റര്‍ എന്ന അവസ്ഥയെത്തിയിട്ടും ബാബര്‍ അസമിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ല. അസാമാന്യമായ കളിക്കാരനാണ് ബാബര്‍. സ്ഥിരതയോടെ ഏറെകാലമായി മികച്ച പ്രകടനം അവന്‍ പുറത്തെടുക്കുന്നു. ബാബര്‍ കളിക്കുന്നത് ഞാന്‍ എന്നും ആസ്വദിക്കാറുണ്ട് എന്നായിരുന്നു കോലിയുടെ വാക്കുകള്‍. ഇപ്പോഴിതാ ഈ പ്രതികരണത്തോട് മനസ്സ് തുറന്നിരിക്കുകയാണ് പാക് താരം.
നമ്മളെ പറ്റി മറ്റൊരാള്‍ നല്ല വാക്കുകള്‍ പറയുമ്പോള്‍ തീര്‍ച്ചയായും സന്തോഷം തോന്നുന്നു. വിരാട് കോലിയാണ് അത് പറഞ്ഞത് എന്നതിനാല്‍ അഭിമാനവും തോന്നുന്നു. ഇത്തരം വാക്കുകള്‍ നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്തും. 2019ല്‍ ഞാന്‍ കോലിയെ കാണുമ്പോള്‍ അദ്ദേഹം കരിയറിന്റെ പീക്ക് സമയത്തായിരുന്നു.ഇപ്പോഴും അതേ ഉയരത്തിലാണ് കോലി. കളിയെ പറ്റി അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും പഠിക്കണമെന്നുണ്ടായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്ക് കോലി വിശദമായി തന്നെ മറുപടികള്‍ തന്നു. അതെന്നെ കളിക്കാരന്‍ എന്ന രീതിയില്‍ സഹായിച്ചിട്ടുണ്ട്. നമ്മള്‍ പരസ്പരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നത് സന്തോഷം നല്‍കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ബാബര്‍ പറഞ്ഞു.